X
    Categories: indiaNews

തിരെഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക്

ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ ഈമാസം 22ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രചാരണത്തിനെത്തും. ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിനെത്താത്തതിനെ ബി.ജെ.പി പരിഹസിച്ചിരുന്നു. ഹിമാചലില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കോണ്‍ഗ്രസ് ഗുജറാത്തില്‍ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചകളില്‍ കേന്ദ്ര നേതാക്കളുടെ നിരവധി പ്രചാരണ റാലികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി അധികാരത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ അധികാരം തിരിച്ചു പിടിക്കുന്നതിനായാണ് കോണ്‍ഗ്രസ് ശ്രമം. അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ സജീവമായി മത്സര രംഗത്തുണ്ട്.

ആപിന്റേയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ. എം.ഐ.എമ്മിന്റേയും സാന്നിധ്യം ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇത് ഫലത്തില്‍ ബി.ജെ.പിക്ക് തന്നെയാവും ഗുണകരമായി മാറുക.

അതേ സമയം ജിഗ്നേഷ് മേവാനിയെ വദ്ഗാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആദ്യം ആറു പേരുടേയും പിന്നീട് 33 പേരുടേയും ഉള്‍പ്പെടെ 39 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്.

ഇതോടെ 142 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് ഇതുവരെ പുറത്തിറക്കി. നേരത്തെ ഈ മാസം നാലിന് 43 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് 10ന് 46 പേരുടെ പട്ടികയും പാര്‍ട്ടി പുറത്തിറക്കിയിരുന്നു. വെള്ളിയാഴ്ച ഏഴു പേരുടേയും ശനിയാഴ്ച ഒമ്പത് പേരുടേയും പട്ടികയും പാര്‍ട്ടി പുറത്തിറക്കിയിരുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് അടുത്ത മാസം ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Test User: