ഡല്‍ഹി: ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡിനടപടി. കമ്പനിയുടെ 465 കോടി രൂപ കണ്ടുകെട്ടി. 66 കോടിയുടെ സ്ഥിരനിക്ഷേപവും 2 കിലോ സ്വര്‍ണവും 73 ലക്ഷം രൂപയും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. 23 അനുബന്ധ കമ്പനികളുടെ നിക്ഷേപവും കണ്ടുകെട്ടിയവയിലുണ്ട്. രാജ്യത്തുടനീളം 48 ഇടങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
നികുതി വെട്ടിക്കാന്‍ വിവോ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇ.ഡി അറിയിച്ചു. ഇത് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവിന്റെ 50 ശതമാനം വരുമെന്നാണ് കണ്ടെത്തല്‍. വിവോയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇ.ഡി രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ചൈനീസ് പൗരന്‍മാരുള്‍പ്പടെയുള്ള വിവോയിലെ പല ജീവനക്കാരും അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇ.ഡി വ്യക്തമാക്കി.