X

ഇരട്ടക്കൊലപാതകം: പാലക്കാട് നാളെ സര്‍വകക്ഷിയോഗം

പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകീട്ട് പാലക്കാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് യോഗം.യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിക്കുമെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തത ഇല്ല.

അതിനിടെ പാലക്കാട് ആര്‍എസ്എസ് പ്രദേശിക നേതാവ് എസ് കെ ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു.

പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് ലഭിച്ച പ്രാഥമിക വിവരത്തില്‍ നിന്ന് മനസ്സിലാക്കുന്നു.അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിക്കുന്നു. കൊലയാളികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കിലെ ഒരു ബൈക്കിനെ നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്.

ശ്രീനിവാസന്റെ കൊലപാതകം പ്രത്യേകസംഘം അന്വേഷിക്കും. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ കുമാറിനെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്‌സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Test User: