X

താനൂര്‍ ദുരന്തം അന്വേഷണ റിപ്പോര്‍ട്ടുകള്‍ അലമാരകളില്‍ ഉറങ്ങരുത്: എസ് വൈ എഫ്

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) നേതാക്കള്‍ സന്ദര്‍ശിച്ച് ഖബറിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി. സമാന സ്വഭാവങ്ങളുള്ള ദുരന്തങ്ങള്‍ക്ക് നാം നിരന്തരം സാക്ഷിയാകേണ്ടി വരികയാണ് .ഓരോന്നും നല്‍കുന്ന പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറാകുന്നതിനപ്പുറം പഠനങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നില്ല എന്നതാണ് ആവര്‍ത്തി ക്കുന്നതിന്റെ പ്രധാന കാരണം.

അലമാരകളില്‍ ഉറങ്ങാനുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ടുകളെങ്കില്‍ ഓരോ അന്വേഷണങ്ങളും പൊതു ഖജനാവിന് ഭാരം ഉണ്ടാക്കുക എന്നല്ലാതെ ഒരു നേട്ടവും നല്‍കാന്‍ പോകുന്നില്ല. സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കാനും മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ളഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാവണം. രാഷ്ട്രീയ ആരോപണ പ്രത്യാ രോപണങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതല്ല മുറിവേറ്റ ഹൃദയങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സമൂഹം തയ്യാറാകുന്നതിനോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങളെ മറികടക്കുംവിധം തുണയാകുന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം എന്നും എസ് വൈ എഫ് നേതാക്കള്‍ ഉണര്‍ത്തി.

എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സ്റ്റേറ്റ് മീഡിയ ചെയര്‍മാന്‍ സയ്യിദ് മുസമ്മില്‍ ജിഫ്രി ,കണ്‍വീനര്‍ മരുത അബ്ദുല്ലത്തീഫ് മൗലവി, വെസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ , ഈസ്റ്റ് ജില്ലാ സെക്രട്ടറി സി ഹംസ വഹബി, ഐ സി എസ് സഊദി കമ്മറ്റി സെക്രട്ടറി അശ്‌റഫ് വഹബി കുനിപ്പാല, സയ്യിദ് ത്വാഹിര്‍ ജിഫ്രി , കെ.കെ. മൊയ്തീന്‍ കുട്ടി വഹബി, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

webdesk11: