കെ.പി ജലീല്‍
മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയുടെ ഭാര്യ. പാര്‍ട്ടി മുന്‍ എം.പിയുടെ ഭാര്യ. മുഖ്യമന്ത്രി പ്രത്യേകതാല്‍പര്യമെടുത്ത് പുനര്‍നിയമനം നല്‍കിയ വി.സിയുടെ കീഴില്‍ തയ്യാറാക്കിയ അസി.പ്രൊഫസര്‍ റാങ്കുപട്ടിക. ഏറ്റവും കുറഞ്ഞ മാര്‍ക്കുള്ളയാള്‍ക്ക് ഒന്നാംറാങ്ക്. അത് ശരിയാണെന്നും തനിക്ക് മതിയായ അധ്യാപനപരിചയമുണ്ടെന്നും ഉദ്യോഗാര്‍ത്ഥിയും സര്‍വകലാശാലയും സി.പി.എമ്മും സര്‍ക്കാരും. ഇതെല്ലാമാണ് പ്രിയവര്‍ഗീസിന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞ ഏതാനുംമാസമായി കണ്ടുകൊണ്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിച്ചതിന് തുല്യമാണ് പ്രിയയുടെ കാര്യത്തിലും സര്‍ക്കാരും പാര്‍ട്ടുയുമായി ബന്ധമുള്ളവര്‍ സ്വീകരിച്ചത്. ഇതെല്ലാം ഹൈക്കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെടുകയും തകര്‍ന്നുതരിപ്പണമാകുകയും ചെയ്തിരിക്കുകയാണ് ഇന്നലെ. എന്തിനായിരുന്നു ഈ നിയമനവും പിടിവാശിയുമെന്നതിനുത്തരം പതിനായിരക്കണക്കിന് പാര്‍ട്ടി-ബന്ധുനിയമനങ്ങളിലായി കേരളം കഴിഞ്ഞമാസങ്ങളായി കണ്ടതുതന്നെ.
പ്രിയയും സര്‍വകലാശാലയും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പും പറഞ്ഞതിനെല്ലാം ഇതോടെ പുല്ലിന്റെ പോലും വിലയില്ലാതായി. തിരുവനന്തപുരം കോര്‍പറേഷനില്‍ 300 ഓളം നിയമനങ്ങളാണ് കഴിഞ്ഞദിവസം പുറത്തായത്. മേയറായ സി.പി.എമ്മുകാരി പാര്‍ട്ടി ജില്ലാസെക്രട്ടറിക്ക് നിയമിക്കേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ട് എഴുതിയകത്താണ് വിവാദമായത്. ഇതോടെ കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി സി.പി.എം സംസ്ഥാനത്ത് ചെയ്തുകൂട്ടിയ അനധികൃതനിയമനങ്ങള്‍ക്കെല്ലാമുള്ള വ്യക്തതയും അതിനുള്ള കോടതിയുടെ മറുപടിയുമാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ തങ്ങളുടെ ആളുകളെ മാത്രമേ സര്‍ക്കാര്‍-അനുബന്ധ സ്ഥാപനങ്ങളില്‍ നിയമിക്കൂവെന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നയത്തിനാണ് പ്രഹരമേറ്റിരിക്കുന്നത്.
പൂര്‍ണയോഗ്യത എന്നുപറയുന്നത് യോഗ്യത നേടിയ ശേഷമുള്ള പ്രവര്‍ത്തന പരിചയമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രിയയാകട്ടെ വാദിച്ചത് തനിക്ക് പി.എച്ച്.ഡിക്ക് മുമ്പുതന്നെ അധ്യാപനപരിചയമുണ്ടെന്നായിരുന്നു. ഈ വാദമാണ് കോടതി തള്ളിയിരിക്കുന്നത്. യു.ജിസിമാനദണ്ഡങ്ങള്‍ ലംഘിച്ചെന്നായിരുന്നു പരാതിക്കാരന്റെ വാദം. അതുതന്നെയാണ് കോടതി പരിഗണിച്ചതും. ഏതെങ്കിലും പഴുതുപയോഗിച്ച് സര്‍ക്കാര്‍ജോലിയും ശമ്പളവും പറ്റാമെന്ന ഗൂഢാലോചനയാണ് ഇതോടെ പൊളിഞ്ഞുവീണിരിക്കുന്നത്.