X

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു, മൂത്രം കുടിപ്പിച്ചും പച്ചമുളക് തേച്ചതായും പരാതി

ലക്‌നൗ: മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു. സിദ്ധാര്‍ഥ് നഗറിലാണ് സംഭവം. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളാണ് ക്രൂരപീഡനത്തിനിരയായത്. കുട്ടികളെ മൂത്രം കുടിപ്പിച്ചതായും സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ചതായും ബലംപ്രയോഗിച്ച് ചില അജ്ഞാത ലായനികള്‍ കുത്തിവെച്ചതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൃത്യം ചെയ്ത ആറുപേരെ അറസ്റ്റ് ചെയ്തതായി എ.എസ്.പി. അറിയിച്ചു. പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് രണ്ട് കുട്ടികളെയും ഒരുസംഘം കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടികളെ നിര്‍ബന്ധിച്ച് മുളക് തീറ്റിക്കുന്നതും മൂത്രം കുടിപ്പിക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മൂത്രം കുടിച്ചില്ലെങ്കില്‍ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. കൈകള്‍ കെട്ടി കിടത്തിയശേഷം സ്വകാര്യഭാഗങ്ങളില്‍ മുളക് തേയ്ക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്.

കുട്ടികള്‍ വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ മഞ്ഞനിറത്തിലുള്ള ലായനി ഇവരുടെ ദേഹത്ത് കുത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച സിദ്ധാര്‍ഥ് നഗര്‍ പാത്രബസാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കോഴിക്കടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

webdesk11: