ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 4പേര്‍ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ ഹോം ഗാര്‍ഡ് കൊല്ലപ്പെട്ടു. ഗുരുഗ്രാം-ആ ല്‍വാര്‍ ദേശീയ പാതയില്‍ നൂഹ് നഗരത്തിന് സമീപം കല്ലേറും വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ട്.ഹരിയാനയിലെ ഗുരുഗ്രാം മസ്ജിദ് ആക്രമിക്കുകയും ഇമാമിനെയും മറ്റൊരാളെയും വെടിവെച്ചതായും സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദര്‍ജിത് സിംഗ് അറിയിച്ചു.
പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ചില സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച അധിക്ഷേപകരമായ പോസ്റ്റാണ് അക്രമത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ക്രിമിനലുകളായ മോനു മനേസറും സംഘവുമാണ് വീഡിയോ ഏതാനും ദിവസം മുമ്പ് പ്രചരിപ്പിച്ചത്. ബജ്‌റംഗ് ദള്‍ ഘോഷയാത്ര നടക്കുമ്പോള്‍ താന്‍ പ്രദേശത്തുണ്ടാകുമെന്ന് ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനില്‍ നിന്നും രണ്ട് മുസ്്‌ലിം യുവാക്കളെ ഗോരക്ഷയുടെ പേരില്‍ തട്ടിക്കൊണ്ടുവന്ന് കൊന്ന കേസിലെ പ്രതിയാണ് മോനു മനേസര്‍.
ബജ്‌റംഗ്ദള്‍ പരിപാടിയില്‍ ഇയാളുടെ സാന്നിധ്യം കണ്ട പ്രദേശവാസികള്‍ തിരിച്ചടിച്ചതാണ് ഇന്നലത്തെ അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. പ്രദേശത്തേക്ക് 1000 പൊലീസുകാരെ നിയോഗിച്ചതായും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും പൊലീസ് അറിയിച്ചു.
ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയിലെ ലോഹറുവിലെ ബര്‍വാസ് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ ബൊലേറോയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നസീര്‍ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്. ഭരത്പൂരില്‍ നിന്ന് ഇരുവരെയും ബജ്‌റംഗ്ദള്‍ ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായായിരുന്നു. ഈ കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണ് മോനു മനേസര്‍.