X

മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം പ്രീണനം; ബി.ജെ.പി രഹസ്യസഖ്യം മറച്ചുപിടിക്കാന്‍

കെ.പി ജലീല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള ചര്‍ച്ചയെ അപലപിക്കുന്ന മുഖ്യമന്ത്രിപിണറായി വിജയന്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും കൂടി വിഷയത്തിലേക്ക് വലിച്ചിഴച്ചത് ആര്‍.എസ്.എസ്- ബി.ജെ.പി രഹസ്യബാന്ധവം മറച്ചുപിടിക്കാന്‍. കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തില്‍ വരാന്‍ കാത്തിരിക്കുന്ന മോദിസര്‍ക്കാരിന് അനുകൂലമായി ബി.ജെ.പിയുമായി രഹസ്യസഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ ഇത്തവണത്തയും ശ്രമമെന്നിരിക്കെ അതോടൊപ്പം കുറച്ച് മുസ്‌ലിംവോട്ടുകള്‍ കൂടിപെട്ടിയിലാക്കാനാണ് ജമാഅത്ത് വിഷയത്തിലെ പിണറായിയുടെ തന്ത്രം. ജനുവരി 14ന് ഡല്‍ഹിയില്‍ ജമാഅത്തും ജമാഅത്തുല്‍ ഉലമ ഹിന്ദും ആര്‍.എസ്. എസ് വക്താക്കളുമായി ചര്‍ച്ച നടത്തിയതിനെ കൂടുതല്‍ പ്രചരിപ്പിക്കുന്ന സി.പി.എം മുത്തലാഖ് വിഷയത്തിലും പൗരത്വ വിഷയത്തിലും കൂടി ചര്‍ച്ച തുടങ്ങാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് കാസര്‍കോട്ട് പ്രതിരോധയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച പിണറായി വിജയന്‍ മുത്തലാഖും പൗരത്വനിയമവും ജമാഅത്ത് ചര്‍ച്ചയും മറ്റും പ്രസംഗത്തില്‍ എടുത്തിട്ടതിന് പിന്നില്‍ വലിയ ദുഷ്ടലാക്കാണുള്ളതെന്ന് തിരിച്ചറിയാനാകും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുമ്പത്തെ പോലെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമാകും കേരളത്തില്‍ വീശിയടിക്കുക എന്നറിയുന്ന സി.പി.എം ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അജണ്ടയാണ് പിണറായിയുടെ പ്രസ്താവനയിലുള്ളത്. മുമ്പ് മുസ്‌ലിംവിരുദ്ധത പറഞ്ഞാണ് കേരളത്തില്‍ രണ്ടാം ഭരണത്തിന് അരങ്ങൊരുക്കിയതെങ്കില്‍ ഇത്തവണ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമോ എന്നാണ് നോട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ശക്തിയായി ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് രഹസ്യമായിവോട്ടുമറിച്ചാല്‍ യു.ഡി.എഫ് സീറ്റുകള്‍ കുറയ്ക്കാനാകുമെന്നാണ് പിണറായിയുടെയും മറ്റും നോട്ടം. ജമാഅത്ത് -ആര്‍.എസ്.എസ്ചര്‍ച്ചയെ കേരളത്തിലെ ജമാഅത്ത് ഒഴികെയുള്ള എല്ലാ മുസ്‌ലിംസംഘടനകളും തള്ളിക്കളഞ്ഞിരിക്കെ പിണറായി വിജയന്‍ വിഷയം വീണ്ടും ഉന്നയിക്കുന്നതും ഇതേ മുസ്‌ലിം വോട്ടുകളില്‍ കണ്ണുനട്ടാണ്. മുമ്പ് കണ്ണൂരില്‍ ആര്‍.എസ്.എസ്സുമായി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ചര്‍ച്ച നടത്തിയ സി.പി.എം നടപടിയെ മറച്ചുവെച്ചാണ് പിണറായിയുടെ പുതിയ ജമാഅത്ത് വിമര്‍ശനം. എന്നാല്‍ ഇതിലൂടെ മുസ്‌ലിംകള്‍ സി.പി.എമ്മിന്റെ കെണിയില്‍ വീഴില്ലെന്ന് ഉറപ്പാണ്. അത്രകണ്ട് വലിയ ഭീഷണിയാണ് കേന്ദ്രത്തില്‍ മോദി- സംഘപരിവാര്‍ ഭരണകൂടം അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ലക്ഷ്യം കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് എം.പിമാരുടെ സംഖ്യ ഏതുവിധേനയും കുറക്കുകയാണെന്നിരിക്കെ അവര്‍ ഇത്തവണ കേരളത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തേക്കാള്‍ ലക്ഷ്യമിട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് വോട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്‌ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം. ഈ കെണിയില്‍ സമസ്തയോ മുജദാഹിദ് വിഭാഗങ്ങളോ വീഴില്ലെന്ന് ഉറപ്പായിരിക്കെ സി.പി.എം പയറ്റുന്നത് പാഴാകാനാണ് നൂറുശതാനം സാധ്യതയും. അതോടൊപ്പം പക്ഷേ അവര്‍ ലക്ഷ്യമിടുന്ന രീതിയില്‍ ജനങ്ങളെ വിലക്കയറ്റത്തില്‍നിന്നു നികുതിക്കൊള്ളയില്‍നിന്നും ശ്രദ്ധതിരിക്കാനും കഴിഞ്ഞേക്കാം. ഇതെങ്കിലും വിജയിച്ചാല്‍ നാണക്കേടില്ലാതെ കഴിക്കാമെന്നാണ ്പിണറായിയുടെയും സി.പി.എമ്മിന്റെയും ഇപ്പോഴത്തെനോട്ടം.

Chandrika Web: