ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭ നടത്തിയവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംപി അമരകീര്‍ത്തി അത്തുകോരള കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ കാര്‍ തടഞ്ഞവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അമരകീര്‍ത്തി ഒരു കെട്ടിടത്തില്‍ അഭയം തേടിയിരുന്നു. ഇതിനുശേഷം ഇദ്ദേഹത്തെ ഇവിടെനിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശ്രീലങ്കയില്‍ അഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജി. സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ രാജ്യത്ത് ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.