മുംബൈ: പുറം വേദനക്ക് ന്യുസിലന്‍ഡില്‍ സര്‍ജറിക്ക് വിധേയനായ ഇന്ത്യന്‍ സീമര്‍ ജസ്പ്രീത് ബുംറക്ക് ഉടന്‍ കളിക്കളത്തിലേക്ക് തിരികെ വരാന്‍ കഴിയുന്ന കാര്യം സംശയത്തില്‍. ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാനാവുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
ഈ മാസം മുഴുവന്‍ ബുംറ കിവീസിലായിരിക്കും. ഏപ്രില്‍ ആദ്യത്തോടെ അദ്ദേഹം നാട്ടിലേക്ക് തിരിക്കും. ഓഗസ്‌റ്റോടെ പരിശീലനത്തിന് ഇറങ്ങാനായാല്‍ ഒക്ടോബര്‍-നവംബറില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനായേക്കും. വളരെ പെട്ടെന്ന് അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തി അമിത ഭാരം ഏല്‍പ്പിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമില്ല. ലോകകപ്പ് സമയത്തേക്ക് പൂര്‍ണ ഫിറ്റ്‌നസ് നേടുക എന്നതാണ് പ്രധാനം.
വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്, ഇന്ത്യ യോഗ്യത നേടുന്ന പക്ഷം ജൂണില്‍ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നീ വലിയ വേദികളില്‍ ബുംറയെ അവതരിപ്പിക്കില്ല. ലോകകപ്പിന് ബുംറയെ ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദ്ദേശിച്ചത്.