ന്യൂഡല്‍ഹി: 15-മത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. ജോഹന്നാസ്ബര്‍ഗില്‍ ഇന്നു മുതല്‍ 24 വരെയാണ് ഉച്ചകോടി. നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി, മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണിത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോക ജനസംഖ്യയുടെ 42 ശതമാനവും ആഗോള ജി.ഡി.പിയുടെ 27 ശതമാനവും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണിവ. വിവിധ സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവിയിലെ പ്രവര്‍ത്തന മേഖലകള്‍ തിരിച്ചറിയാനും ഉച്ചകോടി അവസരം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം ഒരു ബിസിനസ് പ്രതിനിധി സംഘവുമുണ്ട്. 25ന് ഗ്രീസിലെത്തുന്ന മോദി ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോതാകിസുമായി ചര്‍ച്ച നടത്തും.