ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനില്‍നിന്ന് മതേതരത്വം പഠിക്കേണ്ട ഗതികേട് മുസ്ലിംലീഗിനില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കേരളത്തിന്റെ കഴിഞ്ഞ കാല രാഷ്ട്രീയ സാമൂഹ്യ മണ്ഢലത്തെ ഇഴകീറി പരിശോധിക്കുന്ന ആര്‍ക്കും മുസ്ലിംലീഗ് ഏതെങ്കിലും ഘട്ടത്തില്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചതായി കാണാന്‍ സാധിക്കില്ല എന്നത് പരമമായ യാഥാര്‍ത്ഥ്യമാണ്. ലീഗിന്റെ ജനാധിപത്യ, മതേതര കാഴ്ചപ്പാടുകള്‍ക്ക് സി.പി.എം അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പുതിയ സാഹചര്യത്തില്‍ ഇത് തീരേ ദഹിക്കാത്ത ഒരു പാര്‍ട്ടിയായി കേരളത്തില്‍ അവശേഷിക്കുന്നത് ബി.ജെ.പി മാത്രമാണ്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്ലിംലീഗ് എന്ന് ബി.ജെ.പി നേതാക്കള്‍ക്ക് അറിയാഞ്ഞിട്ടല്ല. മുസ്ലിംലീഗിനെതിരില്‍ വര്‍ഗീയത ആരോപിക്കുന്ന ബി.ജെ.പി പ്രസിഡന്റിനോട് ഒന്നേ പറയാനുളളൂ. നിങ്ങളില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് ഞങ്ങള്‍ക്കില്ല. പിന്നെ യു.സി രാമന്റെ മെമ്പര്‍ഷിപ്പിന്റെ കാര്യം. ഒരു യു.സി രാമന്‍ മാത്രമല്ല ആയിരം രാമന്‍മാര്‍ക്ക് ഞങ്ങള്‍ ഇത്തവണയും അംഗത്വം നല്‍കിയിട്ടുണ്ട്. ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ മുസ്ലിംലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങള്‍ക്കില്ല.- പി.എം.എ സലാം പറഞ്ഞു.