X

ബെംഗളൂരു, ബ്ലാസ്‌റ്റേഴ്‌സ് നാളെ കോഴിക്കോട് സൂപ്പര്‍കപ്പ് പോരാട്ടത്തിനിറങ്ങും

കോഴിക്കോട്: കാല്‍പന്തുകളിയുടെ ആവേശം സിരകളില്‍പടരാന്‍ ഇനി ഒരുദിവസം മാത്രം. രാജ്യത്തെ വമ്പന്‍ ക്ലബുകള്‍ അണിനിരക്കുന്ന സൂപ്പര്‍കപ്പ് പോരാട്ടത്തിന് നാളെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പന്തുരുളും. ശനിയാഴ്ച വൈകീട്ട് അഞ്ച്മണിക്ക് നടക്കുന്ന ആദ്യമത്സരത്തില്‍ ഐ.എസ്.എല്‍ ക്ലബ് ബംഗളൂരു എഫ്.സി ഐ ലീഗ് ടീം ശ്രീനിധി ഡെക്കാനെ നേരിടും. 8.30ന് നടക്കുന്ന രണ്ടാമത് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും.

മത്സരത്തിന് മുന്നോടിയായി കോര്‍പറേഷന്‍ സ്റ്റേഡിയം നവീകരണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി. രണ്ടാഴ്ചയുടെ പ്രവൃത്തികള്‍ക്ക് ശേഷമാണ് ഗ്രൗണ്ടൊരുക്കലും ഫ്‌ളഡ്‌ലൈറ്റും മറ്റുഅടിസ്ഥാനസൗകര്യങ്ങളും പൂര്‍ത്തിയാക്കിയത്. ഗ്യാലറി പെയിന്റടിക്കുകയും പിച്ചില്‍പുല്‍ത്തകിടി വെച്ചുപിടിപ്പിക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ ശുചിമുറികളുടെ അറ്റകുറ്റപണിയും ഇതിനകം പൂര്‍ത്തീകരിച്ചു.

ഫ്‌ളഡ്‌ലൈറ്റിനായി യുക്രെയ്‌നില്‍ നിന്ന് 200 ബള്‍ബുകളാണ് എത്തിച്ചത്. ഫ്‌ളഡ്‌ലൈറ്റ് അടക്കം ട്രയല്‍റണ്‍ നടത്തി ഇന്ന് സ്റ്റേഡിയം ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് കൈമാറും. 30,000 പേര്‍ക്ക് കളികാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്. കോവിഡ് തീര്‍ത്ത ഇടവേളക്ക് ശേഷമാണ് വീണ്ടും ഫുട്‌ബോള്‍ നഗരത്തില്‍ കാല്‍പന്ത് ഉത്സവം നടക്കുന്നത്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായും കൗണ്ടര്‍ വഴിയും ആരാധകര്‍ക്ക് ടിക്കറ്റ് കരസ്ഥമാക്കാം. സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറിന് പുറമെ ഇന്‍ഡോര്‍ സ്റ്റേഡിയം, ബീച്ച്, കെ.ഡി.എഫ്.എ ഓഫീസ് എന്നിവിടങ്ങളില്‍ കൗണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് മൈ ഷോ ആപ്പ് വഴി സ്വന്തമാക്കാം. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് 2 ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. മത്സരങ്ങള്‍ കാണുന്നതിനെത്തുന്നവര്‍ക്ക് രാത്രിയില്‍ പ്രത്യേക ബസ് സര്‍വ്വീസുണ്ടായിരിക്കും. മത്സരദിവസം സ്റ്റേഡിയത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ജനറല്‍ കണ്‍വീനര്‍ ടി.പി ദാസന്‍ അറിയിച്ചു.

webdesk11: