ആദില്‍ മുഹമ്മദ്
കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 61 വയസ്സ് തികയുമ്പോള്‍ 53 കലോത്സവത്തിലും പങ്കെടുത്ത ഒരാളുണ്ട് ഇവിടെ. കേരളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ ആവാത്ത ഈ അപൂര്‍വ നേട്ടത്തിനുടമ ഒരു സ്വാമിയാണ്. എറണാകുളം കൂവപ്പടിയിലെ ആനന്ദതീര്‍ത്ഥം മഠത്തിലെ സ്വാമി യതീന്ദ്ര തീര്‍ത്ഥ.
1962 മുതലാണ് കലോത്സവ നഗരിയിലേക്കുള്ള ഈ യാത്രയ്ക്ക് തുടക്കമായത്. ചങ്ങനാശ്ശേരി ഹിന്ദു കോളേജിലായിരുന്നു അന്ന് കലോത്സവം. ഈ 73 വയസ്സിലും കലോത്സവ നഗരിയില്‍ എത്താനും കലാകാരന്മാരെ അനുഗ്രഹിക്കാനും സ്വാമിക്ക് സന്തോഷമേയുള്ളൂ.
പ്രധാന വേദിയായ വിക്രം മൈതാനിയില്‍ കഴിഞ്ഞ ദിവസം രാവിലെ തന്നെ സ്വാമിജി എത്തിയിരുന്നു. കലോത്സവ നഗരിയിലുള്ള ഊട്ടുപുരയില്‍ നിന്നു തന്നെയാണ് ഭക്ഷണവും. ചന്ദ്രികയെ കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. ചന്ദ്രികയുടെ സ്റ്റാള്‍ സന്ദര്‍ശിച്ച അദ്ദേഹം കലോത്സവം വിശേഷങ്ങളും ജീവനക്കാരുമായി പങ്കുവെച്ചു.