X

ദേശീയ വിരവിമുക്ത ദിനാചരണം നാളെ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും

തിരുവനന്തപുരം: ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുകയാണ്. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.
ഒന്ന് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. 1 വയസു മുതല്‍ 2 വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം)യും 2 മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ ജനുവരി 24ന് ഗുളിക കഴിക്കേണ്ടതാണ്. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.

ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

Chandrika Web: