X

പരാതികള്‍ക്കൊടുവില്‍ രാത്രി ഓടിക്കിതച്ചെത്തി മന്ത്രിയും കളക്ടറും

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ വീട്ടില്‍ മന്ത്രി വീണാ ജോര്‍ജ്ജും കലക്ടര്‍ എന്‍.എസ്.കെ ഉമേഷും എത്തി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും ആവശ്യപ്പെട്ട കാര്യം ഇതാണ്.. വിമര്‍ശനങ്ങള്‍ക്കുള്ള സമയമല്ല ഇത് – മന്ത്രി പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം അഞ്ചുവയസുകാരിയുടെ സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെതിരെ പ്രതിഷേധം. കേരളത്തെ ഒന്നാകെ ഉലച്ച സംഭവമായിട്ടും സര്‍ക്കാര്‍ പ്രതിനിധിയായി ജില്ലാ കലക്ടറോ എസ്.പിയോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല.
കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കുട്ടിയുടെ മരണം പൊലീസ് അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

കുട്ടിയെ കാണാതായി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ അമ്മ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. പരാതി എഴുതി നല്‍കിയാല്‍ മാത്രമേ പൊലീസ് അന്വേഷിക്കുകയുള്ളോയെന്ന് ഡിസിസി പ്രസിഡന്റ് ചോദിച്ചു. ജനങ്ങള്‍ക്ക് സ്വസ്ഥവും സുരക്ഷയുമൊരുക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. പൊലീസ് അനാസ്ഥക്കെതിരെ ശക്തമായ സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. അതിന്റെ പേരില്‍ എത്ര കേസുകള്‍ എടുത്താലും ഭയപ്പെടില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

webdesk11: