ഫൈസല്‍ മാടായി
കണ്ണൂര്‍: പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമാകും ദിനങ്ങളില്‍ കുട്ടികളുടെ കരവിരുതില്‍ തെളിഞ്ഞു.. മക്കാ, മദീന കാഴ്ചകള്‍ക്കൊപ്പം ഇസ്ലാമിക ചരിത്രത്തിന് പുനരാവിഷ്‌ക്കാരം നബി വഴിയേ ഒരു സഞ്ചാരം. നബിദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ സിറ്റി ആയിക്കര വാഴക്കത്തെരു മഹല്ലിലെ മദ്രസാ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനമാണ് പ്രവാചക ചരിത്ര വഴികളിലൂടെ സഞ്ചാര പഥം തീര്‍ക്കുന്നത്. മഹല്ലിലെ മദ്രസ രിഫാഇയ്യ, അന്‍വാറുല്‍ ഉലൂം വിദ്യാര്‍ഥി കൂട്ടായ്മ അല്‍ മിസ്ബാഹ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഇസ്ലാമിക പ്രദര്‍ശനം ‘ദ ഫ്‌ലാഷ്’ല്‍ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാനേറെയുണ്ട്.
പ്രവാചക ചരിത്രം എഴുതിയും പാടിയും പറഞ്ഞ് പഠിക്കുന്നതിനൊപ്പം ആ ചരിത്ര വഴികളിലേക്ക് കൂട്ടികൊണ്ടുപോകുന്നതാണ് പ്രദര്‍ശനം. ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകനും അനുചരന്‍മാരും പ്രബോധനം നടത്തിയതും വിവിധ സന്ദര്‍ഭങ്ങളില്‍ ഒത്തുകൂടിയതും വിശ്രമിച്ചതും യുദ്ധം നടന്നതുമുള്‍പ്പെടെ ചരിത്രയിടങ്ങള്‍ കുട്ടികള്‍ തങ്ങളുടെ ഭാവനയില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രവാചക ചര്യകളെ ജീവിതത്തില്‍ പകര്‍ത്തുന്നതിനൊപ്പം ആ മാതൃകള്‍ സമൂഹത്തിന് പരിചയപ്പെടുത്തുന്നുണ്ട് പ്രദര്‍ശനത്തിലൂടെ. പ്രവാചകരോടൊപ്പം നടക്കൂ എന്ന സന്ദേശത്തോടൊപ്പം ഇസ്ലാമിക ചരിത്രവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ പാരമ്പര്യവും ഭരണഘടനയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനം.
വെറും അഞ്ച് ദിവസം കൊണ്ട് തയ്യാറാക്കിയതാണ് പ്രദര്‍ശനത്തിലൊരുക്കിയ വസ്തുക്കള്‍.
കഅ്ബയുടെ വിവിധ നിര്‍മാണ ഘട്ടങ്ങള്‍, മദീന, ഹിറാഗുഹ, ശിഅബ് അബീതാലിബ്, ബദര്‍, ഖന്തഖ് ഉള്‍പ്പെടെ യുദ്ധം നടന്ന സ്ഥലങ്ങള്‍, ഖബറടക്കത്തിലെ വിവിധ ഘട്ടങ്ങള്‍, കണ്ണൂര്‍ സിറ്റി ആയിക്കര, കടലായി, താണ, തായത്തെരു പരിധിയിലെ 52 പള്ളികളും കുട്ടികളുടെ കലാവിരുതില്‍ ആവിഷ്‌ക്കരിച്ചിട്ടിട്ടുണ്ട്. മഹല്ല് ഖത്തീബ് കോട്ടയം തലനാട് സ്വദേശി എം.എ സിറാജുദ്ദീന്‍ അബ്‌റാരിയുടെ നിര്‍ദേശാനുസരണം മദ്രസയിലെ 15 വയസ് വരെയുള്ള 24 വിദ്യാര്‍ഥികളാണ് പ്രദര്‍ശന വസ്തുക്കളൊരുക്കിയത്. 14 വയസുകാരി തര്‍ബീയ വിദ്യാര്‍ഥിനി ഇല്‍ഹാം ഷാനിബാണ് ഗ്രൂപ്പ് ലീഡര്‍. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം വിദ്യാര്‍ഥികളിലൂടെ ഒരുക്കിയത്. പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കാണാന്‍ വഖഫ് ബോര്‍ഡംഗം പി.വി സൈനുദ്ദീന്‍ മദ്രസയിലെത്തിയിരുന്നു. രണ്ട് ദിവസങ്ങളിലാണ് പ്രദര്‍ശനം.’കലയില്‍ കനലെരിയട്ടെ’ എന്ന പേരില്‍ നടക്കുന്ന നബിദിനാഘോഷ പരിപാടിയോടനുബന്ധിച്ച് കലാ സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം കായിക മത്സരങ്ങളും നടക്കും. ആദിരാജ അഷ്‌റഫ് കോയമ്മയാണ് സംഘാടക സമിതി ചെയര്‍മാന്‍. മഹല്ല് സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവിയാണ് ജനറല്‍ കണ്‍വീനര്‍.