തൃശ്ശൂരില്‍ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലപ്പള്ളി എച്ചിപ്പാറയിലാണ് സംഭവം. എച്ചിപ്പാറ സ്വദേശി കാദറിന്റെ പശുവിനാണ് പേയിളകിയത്.
ബുധനാഴ്ച രാവിലെയാണ് പേയിളകിയ ലക്ഷണങ്ങള്‍ പശു കാണിച്ചു തുടങ്ങിയത്. തുടര്‍ന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, വനംവകുപ്പ്, പോലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പശുവിന് പേവിഷബാധയേറ്റതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നാടന്‍ പാടം ആദിവാസി കോളനിയില്‍ പാറു എന്ന സ്ത്രീ പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായയുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റതായി വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെയും പശുക്കളെയും നിരീക്ഷിച്ചുവരികയായിരുന്നു.