X

യു.എ.പി.എയുടെ രാഷ്ട്രീയവും നൈതികമാവേണ്ട നിയമങ്ങളും

file photo

സുഫ്‌യാന്‍ അബ്ദുസ്സലാം

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ദാരുണമായ അന്ത്യം രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെ മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ നീതി നിയമ വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ ദുരവസ്ഥയെ ശരിക്കും തുറന്നുകാട്ടുന്ന സംഭവമാണത്. എണ്‍പത്തിനാലുകാരനായ ഒരു കാത്തലിക് പുരോഹിതന്‍ ഗോത്ര വര്‍ഗങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന് രാജ്യം നല്‍കിയ സമ്മാനമാണ് ജീവിതത്തിന്റെ സായംസന്ധ്യയില്‍ ലഭിച്ച യു.എ. പി.എയും ജയിലിലെ ദുരനുഭവങ്ങളും ദാരുണമായ അന്ത്യവും. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മഥുര ജയിലിലും ആശുപത്രിയിലും അനുഭവിക്കേണ്ടിവന്ന ദുരിതകഥകളുടെ ഞെട്ടലില്‍നിന്നും മുക്തമാകുന്നതിന്മുമ്പാണ് സ്റ്റാന്‍ സ്വാമിയുടെ മരണം. യു.എ.പി.എ ചുമത്തപ്പെട്ടാല്‍ മൃഗത്തോട് കാണിക്കുന്ന കനിവ് പോലും പാടില്ല എന്ന സ്ഥിതിവിശേഷമാണ്.

സിദ്ദീഖ് കാപ്പനെ ആശുപത്രിയിലെ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സാധ്യമല്ലാത്തവിധം തളച്ചിട്ട നിയമം തന്നെയാണ് സ്റ്റാന്‍ സ്വാമിയുടെ ജീവനും ഭീഷണിയായത്. കോവിഡ് ബാധിച്ച കാപ്പന്റെ രോഗാവസ്ഥ മറച്ചുവെക്കപ്പെടുകയും അങ്ങേയറ്റത്തെ പീഡനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തപ്പോള്‍ രാജ്യത്തെ അക്കാര്യം അറിയിക്കാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വേണ്ടിവന്നു എന്നത് എത്രമാത്രം ലജ്ജാകരമാണ്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍ കൊണ്ടുമാത്രമായിരുന്നു കാപ്പന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സ ലഭിച്ചത്. ചികിത്സ കഴിഞ്ഞാല്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്ന കോടതിയുടെ വാക്കുകള്‍ക്ക് പുല്ലുവില നല്‍കിക്കൊണ്ട് കോടതിയെപ്പോലും അറിയിക്കാതെ അദ്ദേഹത്തെ ഡല്‍ഹിയില്‍നിന്നും മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. ജൂലായ് അഞ്ചിന് ജാമ്യാപേക്ഷ മഥുര കോടതി തള്ളുകയും ചെയ്തു. മുംബൈ തലോജ ജയിലില്‍ സ്റ്റാന്‍ സ്വാമി അനുഭവിച്ചതും മഥുര യോദ്ധാ സര്‍ക്കിള്‍ ജയിലില്‍ കാപ്പന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യത്വമില്ലായ്മയുടെ ഇരുമുഖങ്ങള്‍ മാത്രമാണ്.

കുറ്റങ്ങള്‍ക്ക് ശിക്ഷ നല്‍കേണ്ടതുണ്ട്. ലോകത്തെ എല്ലാ നീതിപീഠങ്ങളും ഒരുപോലെ അത് പറയുന്നു. പക്ഷേ കുറ്റം തെളിയിക്കപ്പെടാതെ സംശയത്തിന്റെ നിഴലില്‍ വര്‍ഷങ്ങള്‍ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നത് നീതി ഉറപ്പാക്കുന്ന പീഠങ്ങള്‍ക്ക് ചേര്‍ന്നതല്ല. അനീതിയുടെ പീഠങ്ങള്‍ക്ക് മാത്രമാണ് അപ്രകാരം വിധിക്കാന്‍ കഴിയുക. അവര്‍ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ വര്‍ഷങ്ങളും അവര്‍ അനുഭവിക്കേണ്ടിയിരുന്ന സുന്ദരമായ ജീവിതനിമിഷങ്ങളും തിരിച്ചുകൊടുക്കാന്‍ മനുഷ്യമുഖമില്ലാത്ത നിയമങ്ങള്‍ക്ക് കഴിയുമോ. സംശയത്തിന്റെ പേരില്‍ ഏതാനും സമയം പിടിച്ചുവെക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ മറ്റു മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നത് കേവല നീതി മാത്രമാണ്. കേവലനീതി മൗലികാവകാശമാണ്. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യവുമാണ്. അയിത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പിന്നാക്ക വിഭാഗമായ മഹര്‍ സമുദായം ഇരുനൂറു വര്‍ഷങ്ങള്‍ക്ക്മുമ്പ് നടത്തിയ ധീരോദാത്തമായ സമരങ്ങളെ അനുസ്മരിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ പേരിലാണ് 2018 ല്‍ ഭീമകൊറഗാവ് സംഘര്‍ഷമുണ്ടാവുന്നതും 2020 ല്‍ സ്റ്റാന്‍ സ്വാമിക്കെതിരെ യു.എ.പി.എ ചുമത്തപ്പെടുന്നതും. ഭീമകൊറഗാവ് സംഘര്‍ഷവുമായും മാവോവാദികളുമായും ബന്ധമുണ്ടെന്നായിരുന്നു കുറ്റം. 2018 ല്‍ റോണാ വില്‍സണ്‍, വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നൗലാഖ, അരുണ്‍ ഫെറേറിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ്‌ചെയ്തു. പ്രമുഖ ചരിത്രകാരി റൊമില ഥാപ്പര്‍ അടക്കമുള്ള പലരും അവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന്‌വേണ്ടി ശ്രമിച്ചെങ്കിലും നല്‍കിയില്ല.

2018 സെപ്തംബര്‍ വരെ അവരെ വീട്ടുതടങ്കലിലാക്കി. മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ അവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ വാദങ്ങള്‍ നിരത്തി. 2019 നവംബറില്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ കേസന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍.ഐ.എക്ക് കൈമാറി. അതിനുശേഷം 2020 ഒക്ടോബറില്‍ പതിനായിരം പേജുള്ള കുറ്റപത്രം തയ്യാറാക്കി അതില്‍ സ്റ്റാന്‍ സ്വാമിയെ ഉള്‍പ്പെടുത്തി അറസ്റ്റ്‌ചെയ്തു. ആരോഗ്യപരമായ കാര്യങ്ങളാല്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനാല്‍ സ്വയം വെള്ളം കുടിക്കാന്‍ സാധ്യമാവാത്തതിനാല്‍ സ്‌ട്രോ വേണമെന്ന അപേക്ഷ പോലും നിരസിക്കപ്പെട്ടു. കോവിഡ് ബാധയെ കുറിച്ച് ജയിലധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് നെഗറ്റിവ് ആയിരുന്നെങ്കില്‍ മുംബൈ ഹോളി ഫാമിലി ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് പോസിറ്റിവ് ആയിരുന്നു. എണ്‍പത്തിനാല് വയസുള്ള രോഗിയായ ഒരു വയോവൃദ്ധനെ എത്രമാത്രം ക്രൂരമായാണ് മരണം വരെ പീഡിപ്പിച്ചത്! സ്റ്റാന്‍ സ്വാമിയല്ലാത്ത മറ്റെല്ലാ കുറ്റാരോപിതരും ഇപ്പോഴും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഇന്റര്‍നെറ്റിലൂടെ ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണമാണ് അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നത്.

എന്നാല്‍ അവരുടെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയര്‍ ഉപയോഗിച്ച് സൈബര്‍ അക്രമം നടത്തി അവര്‍ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമക്കുകയായിരുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ ഫോറന്‍സിക് അനാലിസിസ് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി കണ്ടെത്തിയിട്ടുണ്ട്. സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കെതിരാണ് എന്ന കാരണത്താല്‍ ദലിത് പിന്നാക്ക വിഭാഗങ്ങളെ പേടിപ്പിച്ച് അരുക്കാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നത്. ഗൂഢാലോചനകള്‍ പുറത്തുവരാതിരിക്കുന്നതിന്‌വേണ്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തുടങ്ങിവെച്ച അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത് എന്നാണ് മാധ്യമനിരീക്ഷണം. യു.എ.പി.എയുടെ രാഷ്ട്രീയം പലപ്പോഴും ചോദ്യചിഹ്നമാവുകയാണ്. 2018ല്‍ ഭീമകൊറഗാവ് കേസില്‍ പൊലീസ് റെയ്ഡിന് വിധേയനായ എഴുത്തുകാരനും ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ കെ. സത്യനാരായണയോട് റെയ്ഡിന് വന്ന പൊലീസുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ യു.എ.പി.എയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്.

ദൈവങ്ങളുടെയും ദേവിയുടെയും ചിത്രങ്ങള്‍ക്ക്പകരം എന്തിനാണ് അംബേദ്കറുടെയും ജ്യോതിറാവു ഫുലെയുടെയും ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിടുന്നതെന്നും കിട്ടുന്ന ശമ്പളംകൊണ്ട് ജീവിച്ചാല്‍ പോരേയെന്നും ബുദ്ധിജീവി ചമയണോ എന്നുമെല്ലാം പൊലീസ് അദ്ദേഹത്തോട് ചോദിച്ചുവത്രെ. സിദ്ദീഖ് കാപ്പന്റെ കാര്യത്തിലും പൊലീസിന്റെ ചോദ്യങ്ങള്‍ സമാനമായിരുന്നു. വരേണ്യവര്‍ഗ സംഘ്പരിവാര്‍ താല്‍പര്യങ്ങളുടെ അരിക് പറ്റാത്തവരെയെല്ലാം അരുക്കാക്കുക എന്നതാണ് അതിന്റെ രാഷ്ട്രീയം. മഹര്‍ സമുദായം മറാഠകള്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ അനുസ്മരണമാണ് ഭീമകൊറഗാവ് വാര്‍ഷിക പരിപാടികള്‍. മഹര്‍ സമുദായത്തോട് ക്രൂരത കാണിച്ച പേഷ്വാ ബാജിറാവുവിനെതിരെയുള്ള പോരാട്ടമായിരുന്നു ഇരുനൂറ് വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്നത്. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ‘ആധുനിക പേഷ്വാ’കളാണ് എന്ന പരാമര്‍ശമാണ് ഭരണകൂടത്തിന്റെ ഹാലിളക്കത്തിന് കാരണം.

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ ഐ.പി.സി 34, 353, 504, 506 എന്നീ ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ടത് സ്റ്റാന്‍ സ്വാമി അടക്കപ്പെട്ട തലോജ ജയിലില്‍ തന്നെയായിരുന്നു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് കിട്ടാത്ത ജാമ്യം അര്‍ണബിന് ലഭിച്ചു. മഹാരാഷ്ട്ര ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നുവെങ്കിലും അര്‍ണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് വിചിത്രവും അപൂര്‍വവുമായ നടപടികളിലൂടെയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 എന്ന സുപ്രീംകോടതിയുടെ പ്രത്യേകാധികാരം ആയിരുന്നു അന്ന് അതിന് ഉപയോഗിച്ചിരുന്നത്. ഹൈക്കോടതികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ പ്രത്യേകാധികാരം ഉപയോഗിക്കാത്തതില്‍ സുപ്രീംകോടതി അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഗോസ്വാമിക്ക് ജാമ്യം നല്‍കിയ നടപടിയെ വിമര്‍ശിച്ച മഹാരാഷ്ട്ര അസംബ്ലി അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കകപോലും ചെയ്തിട്ടുണ്ട്. അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്രക്ക്‌വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് സിദ്ദീഖ് കാപ്പനും ജാമ്യം നല്‍കണമെന്നകാര്യം സുപ്രീംകോടതിയെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അര്‍ണബിന് ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് ജാമ്യം നല്‍കാമെങ്കില്‍ എന്തുകൊണ്ട് കാപ്പനും നല്‍കിക്കൂടാ എന്നായിരുന്നു കപില്‍ സിബലിന്റെ ചോദ്യം. ചോദ്യത്തിന് മുമ്പില്‍ സുപ്രീംകോടതിക്ക് മൗനമായി ഇരിക്കേണ്ടിവന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദുഷ്യന്ത് ദവെ കോടതിയെ ഓര്‍മപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ‘ആയിരക്കണക്കിന് പൗരന്മാര്‍ ദീര്‍ഘകാലമായി അവരുടെ കാര്യങ്ങള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടും കോടതി മാസങ്ങള്‍ പിന്നിട്ടിട്ടും അത് ലിസ്റ്റ് ചെയ്തിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് ഗോസ്വാമിക്ക് എല്ലാതവണയും സുപ്രീംകോടതിയെ പെട്ടെന്ന് സമീപിക്കാനും അയാളുടെ കാര്യങ്ങള്‍ പെട്ടെന്ന് ലിസ്റ്റ് ചെയ്യിക്കാനും സാധിക്കുന്നത് എന്ന കാര്യം വളരെയധികം അലോസരപ്പെടുത്തുന്നതാണ്.’

രാജ്യത്ത് യു.എ.പി.എ കേസുകള്‍ എടുക്കുന്നതിനും കേസുകളില്‍ ജാമ്യം നല്‍കുന്നതിനുമൊക്കെ കൃത്യമായ ചില രാഷ്ട്രീയമുണ്ട് എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണിതെല്ലാം. സംഘ്പരിവാര്‍ അധികാരത്തില്‍ വന്നശേഷം യു.എ.പി.എ വിഷയങ്ങളില്‍ കാണിക്കുന്ന തിടുക്കം വളരെ വലുതാണ്. 2015 മുതല്‍ 2019 വരെ മാത്രം ആറായിരത്തോളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുന്നു എന്നത് സര്‍ക്കാരിന്റെ തിടുക്കം ബോധ്യപ്പെടുത്തുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 72 ശതമാനത്തിന്റെ വര്‍ധനവാണിത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാന്‍ സ്വാമി വിടപറഞ്ഞു. ഇനിയും എത്രയോ പേര്‍ ജയിലില്‍ കിടക്കുന്നു. ജാമ്യവുമില്ല, വിചാരണയുമില്ല. അതില്‍ വാര്‍ധക്യം പ്രാപിച്ചവരുണ്ട്; രോഗങ്ങളുള്ളവരുണ്ട്; അവര്‍ക്കും അവരെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബവും കുട്ടികളുമുണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക്‌വേണ്ടിയുണ്ടാക്കിയ നിയമം രാജ്യക്കാര്‍ക്ക് അരക്ഷയാകുന്ന വിധത്തിലായിക്കൂടാ. ‘ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്ന ഇന്ത്യ മഹാരാജ്യത്തിന്റെ ആപ്തവാക്യം ഓര്‍മ്മിക്കുക.

 

Test User: