ഇന്ത്യക്കു പിന്നാലെ നേപ്പാൡലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോവിഡ് നിരക്കുകള്‍ വര്‍ദ്ധിച്ചതോടെ നേപ്പാളിന്റെ ആരോഗ്യമേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം 9,070 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് രോഗികളുടെ പ്രതിദിന എണ്ണം 298 ആയിരുന്നു. മഹാമാരി പടര്‍ന്നുതുടങ്ങിയ ശേഷം രാജ്യത്ത് 3500ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 400 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ്. ആശുപത്രികളില്‍ ഓക്ജിനും ബെഡുകള്‍ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെല്ലാം രോഗബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കാഠ്മണ്ഡുവിലെ ഹോസ്പിറ്റള്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിസിന്‍ ആന്റ് സര്‍ജറി മേധാവി ജ്യോതീന്ദ്ര ശര്‍മ്മ പറഞ്ഞു. ബെഡുകള്‍ ലഭ്യമായ ആശുപത്രികളില്‍ ഓക്ജിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പുതുതായി ചികിത്സ തേടി എത്തുന്ന രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ആളുകള്‍ തെരുവില്‍ മരിക്കുന്ന സ്ഥിതി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ത്രിഭുവന്‍ യൂനിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലില്‍ രോഗികളെ വരാന്തയില്‍ കിടത്തിയിരിക്കുകയാണ്. ആവശ്യത്തിന് സ്ഥലസൗകര്യവും മെഡിക്കല്‍ ഉപകരണങ്ങളും ഇല്ലാത്തതുകൊണ്ട് അനേകം പേര്‍ മടങ്ങിപ്പോകുന്നുണ്ട്.
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ വലിയൊരു കോവിഡ് സുനാമിയിലാണ് രാജ്യം അകപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ബിഷാല്‍ ധകല്‍ പറഞ്ഞു. കഴിഞ്ഞ മാസം പ്രധാന നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നേപ്പാള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. രോഗത്തോട്് പോരാടാന്‍ വാക്‌സിനുകളും മെഡിക്കല്‍ സാമഗ്രികളും നല്‍കി സഹായിക്കണമെന്ന് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ജനുവരിയില്‍ തുടങ്ങിയ വാക്‌സിനേഷന്‍ അനിശ്ചതത്വത്തിലാണ്. ഇന്ത്യയില്‍ കോവിഡ് നിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോഴും നേപ്പാളില്‍ മതപരമായ ആഘോഷങ്ങളും രാഷ്ട്രീയ യോഗങ്ങളും വിവാഹങ്ങളും സജീവമായി നടന്നിരുന്നു. ഇന്ത്യയില്‍നിന്ന് അനേകം നേപ്പാളികള്‍ കൂട്ടത്തോടെ എത്തിയത് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.