X

വാക്കിലുണ്ട്, കണക്കിലില്ല; പ്രതിദിന വാക്‌സിന്‍ വിതരണം രണ്ട് ലക്ഷത്തിനും താഴെ

 

സംസ്ഥാനത്ത് പ്രതിദിന കോവിഡ് വാക്സിനേഷന്‍ രണ്ടര ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞെങ്കിലും രണ്ടര ലക്ഷം വാക്സിന്‍ പിന്നിട്ടത് രണ്ടു തവണ മാത്രം. ജൂണ്‍ മാസത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടു പ്രാവശ്യം മാത്രമാണ് സംസ്ഥാനത്ത് വാക്സിന്‍ വിതരണം രണ്ടരലക്ഷം കടന്നത്. ജൂണ്‍ 25 ന് 253091 വാക്സിനും ജൂണ്‍ 21 ന് 262784 ഡോസ് വാക്സിനുകളും വിതരണം ചെയ്തു. അതിന് മുമ്പ് ഏപ്രില്‍ 4ന് മാത്രമാണ് 264869 വാക്‌സിന്‍ വിതരണം ചെയ്തത്. ബാക്കിയുള്ള ദിവസങ്ങളിലെ പ്രതിദിന വാക്സിന്‍ വിതരണം ശരാശരി രണ്ടു ലക്ഷത്തിലും താഴെയാണ്.

മൂന്നാം തരംഗം ശക്തമാകും മുമ്പ് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പല ജില്ലകളിലും വാക്സിന്‍ ക്ഷാമം പതിവായിരിക്കുകയാണ്. മിക്ക ജില്ലകളിലും ഒന്നാം ഡോസ് ലഭിച്ചിട്ടും വാക്സിന്റെ രണ്ടാം ഡോസ് ലഭ്യമാകുന്നില്ലെന്ന പരാതിയുമുണ്ട്. ചില ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാത്തതും വാക്സിനേഷന്‍ വിതരണത്തെ ബാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാക്സിന്‍ സ്ലോട്ടുകള്‍ ലഭ്യമായ നിമിഷം തന്നെ പൂര്‍ത്തിയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതു കാരണം ഓണ്‍ലൈന്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാര്‍ വാക്സിനേഷനില്‍ നിന്നും പുറത്താവുന്നതായുള്ള പരാതിയും വ്യാപകമാണ്.

ഈ വര്‍ഷം ജനുവരി മുതലായിരുന്നു സംസ്ഥാനത്ത് കോവിഡിനെതിരെയുള്ള വാക്സിനേഷന്‍ ആരംഭിച്ചത്. തുടക്കത്തില്‍ കോവിഡ് മുന്നണി പോരാളികള്‍ക്കാണ് വാക്സിനുകള്‍ നല്‍കിയതെങ്കിലും തുടര്‍ന്ന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കി തുടങ്ങി. പ്രതിദിനം വിതരണം ചെയ്യുന്ന ഡോസുകളുടെ എണ്ണം വര്‍ധിപ്പിച്ചത് രണ്ടാം തരംഗത്തെ തുടര്‍ന്നായിരുന്നു. ജൂണ്‍ മാസം മുതലായിരുന്നു കൂടുതല്‍ വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്. സര്‍ക്കാര്‍ തീരുമാന പ്രകാരം വാക്സിന്‍ വിതരണ കേന്ദ്രങ്ങളും ഡോസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ദിവസേനയുള്ള കുത്തിവെപ്പില്‍ രണ്ടരലക്ഷം ഡോസുകള്‍ എത്തിക്കാന്‍ സാധിച്ചത് രണ്ടുതവണ മാത്രമായി. ജൂണ്‍ മാസത്തെ പ്രതിദിന ശരാശരി വാക്സിന്‍ വിതരണം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലായിരുന്നു. ജൂണ്‍ മാസത്തില്‍ വാക്സിന്‍ വിതരണം അന്‍പതിനായിരമായി ചുരുങ്ങിയ നാലു ദിവസങ്ങളുമുണ്ടായിരുന്നു.

Test User: