X

ആവര്‍ത്തിക്കപ്പെടുന്ന അവകാശ നിഷേധം

സുഫ്‌യാന്‍ അബ്ദുസ്സലാം

അവകാശങ്ങളും ആനുകൂല്യങ്ങളും കൈവിട്ടുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്ന സന്ദേശമാണ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിയമം വഴി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി നല്‍കുന്നത്. നിയമവും സര്‍ക്കാറും ഭരണ സംവിധാനങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ശക്തമായ അടിത്തറയിലല്ല വാര്‍ത്തെടുക്കപ്പെട്ടതെങ്കില്‍ ചെറിയ കാറ്റടിച്ചാല്‍ അത് വീണുപോകുമെന്നു തന്നെയാണ് ഇത് പഠിപ്പിക്കുന്നത്. ഭരണഘടനയുടെ പിന്‍ബലത്തോടെ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കപ്പെടുകയും കമ്മീഷന്‍ യാഥാര്‍ഥ്യബോധ്യത്തോടെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തശേഷം പാര്‍ലമെന്റ് അത് ചര്‍ച്ച ചെയ്യുകയും ചെയ്തതിന്‌ശേഷമാണ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിയമമായിമാറുന്നത്. ഇങ്ങനെ വളരെ ശക്തമായ അടിത്തറമേല്‍ നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ സംസ്ഥാനങ്ങളിലെ കോടതികളില്‍ ചോദ്യംചെയ്യപ്പെടുമ്പോഴേക്ക് അത് നിര്‍വീര്യമാക്കപ്പെടുന്നുവെങ്കില്‍ അതിന്റെ അര്‍ഥം വളരെ വ്യക്തമാണ്. ശക്തമായ അടിത്തറയില്‍ കേരളത്തിലേക്ക് വന്ന നിയമം വളരെ ദുര്‍ബലമായ മാര്‍ഗത്തിലൂടെയാണ് കേരളം നടപ്പാക്കിയത് എന്നാണ് തിരിച്ചറിയേണ്ട യാഥാര്‍ഥ്യം.

സച്ചാര്‍ കമ്മിറ്റിയുടെ ചരിത്രം രാജ്യത്ത് ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെടുകയും അതിന്റെ നിയമമപരമായ സാധുത അംഗീകരിക്കപ്പെടുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുന്നതില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. അതിനെതിരെ കോടതികളെ സമീപിച്ചവര്‍ മുഴുവനും പരാജയത്തിന്റെ കൈപ്പുനീര്‍ നുകരുകയാണുണ്ടായത്. കേരള സര്‍ക്കാറും ഹൈക്കോടതിയും ഇതര സംസ്ഥാനങ്ങളില്‍നിന്നും കോടതികളില്‍നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക്മാത്രമായി ക്ഷേമപദ്ധതി കൊണ്ടുവരുന്നത് ഭരണഘടനക്കെതിരാണ് എന്നായിരുന്നു 2011 ജൂണില്‍ മുംബൈ ഹൈക്കോടതിയില്‍ വന്ന പരാതി. എന്നാല്‍ മുംബൈ ഹൈക്കോടതി അപ്പീല്‍ തള്ളി. ചീഫ് ജസ്റ്റിസ് മോഹിത്ഷാ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. ‘മുസ്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് അവരുടെ മതമോ അവരുടെ ദാരിദ്ര്യമോ നോക്കിയിട്ടല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ട് മാത്രമാണ്.’

2013 നവംബറില്‍ ഗുജറാത്ത് സര്‍ക്കാര്‍ സച്ചാര്‍ ക്ഷേമ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് അന്നത്തെ ഗുജറാത്ത് സര്‍ക്കാരായിരുന്നു. എന്നിട്ട് പോലും കോടതിയില്‍ അവര്‍ പരാജയപ്പെട്ടു. സച്ചാര്‍ കമ്മിറ്റിക്ക് ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ല എന്നും സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ തുടങ്ങിയ മറ്റു മതന്യൂനപക്ഷങ്ങളെ പരിഗണിച്ചിട്ടില്ല എന്നുമായിരുന്നു അവര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗുജറാത്തിലെ മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് സര്‍ക്കാറിന് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി കോടതി പറഞ്ഞത് കേരളത്തിനും പാഠമാണ്. സച്ചാര്‍ നിര്‍ദ്ദേശ പ്രകാരം മുസ്‌ലിംകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ‘അഫര്‍മേറ്റിവ്’ (സ്ഥിരീകരണ നടപടി) ആണെന്നും അത് ‘ഡിസ്‌ക്രിമിനേറ്റിവ്’ (വിവേചനപരം) അല്ല എന്നുമായിരുന്നു കോടതി ഗുജറാത്തിന് നല്‍കിയ മറുപടി. മുന്‍കാലങ്ങളില്‍ വിവേചനം നേരിട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെയാണ് ‘അഫര്‍മേറ്റിവ്’ എന്ന് പറയുന്നത്.

പലപ്പോഴും മുസ്‌ലിം സമുദായത്തിനെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ കാണിച്ച സത്യസന്ധതയും പക്വതയുമാണ് കണ്ടത്. എന്നാല്‍ പ്രബുദ്ധതക്കും ജനാധിപത്യബോധത്തിനുമെല്ലാം പേരുകേട്ട കേരളത്തില്‍ സച്ചാര്‍ കമ്മിറ്റിയുടെ ക്ഷേമപദ്ധതികള്‍ തുരുമ്പ് പിടിച്ചു എന്നുകേള്‍ക്കുമ്പോള്‍ കേരളീയരുടെ ആത്മാര്‍ത്ഥതയാണ് ചോദ്യംചെയ്യപ്പെടുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നടപ്പിലാക്കിയാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് അതിന്റെ യാതൊരു നേട്ടവും ലഭിക്കില്ല എന്ന ചിന്താഗതിയാണ് പ്രശ്‌നങ്ങള്‍ ഈ രൂപത്തില്‍ വഷളാക്കിയത്. സച്ചാര്‍ നിര്‍ദ്ദേശാനുസൃതം ഇതര സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചതുപോലെ ക്ഷേമ പദ്ധതികള്‍ കൊണ്ടുവരുന്നതിന്പകരം സച്ചാര്‍ കമ്മിറ്റിയെ അട്ടിമറിച്ച് മറ്റൊരു കമ്മിറ്റിയുണ്ടാക്കുകയും പ്രസ്തുത കമ്മിറ്റി സച്ചാര്‍ ഉപയോഗിച്ച ‘മുസ്‌ലിം’ എന്ന പദം തന്നെ ഒഴിവാക്കി പകരം ‘ന്യൂനപക്ഷം’ എന്ന പദത്തെ കുടിയിരുത്തുകകൂടി ചെയ്തതോടെ സച്ചാര്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഇതൊരു അട്ടിമറിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെപോയതാണ് മുസ്‌ലിം സമുദായത്തിന് സംഭവിച്ച ഏറ്റവും വലിയ അബദ്ധം. സച്ചാറിനെ ഒഴിവാക്കി പാലോളി കമ്മിറ്റി ഉണ്ടാക്കിയപ്പോള്‍ കമ്മിറ്റിയില്‍നിന്ന് കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളെ ഒഴിവാക്കിയതില്‍നിന്ന്തന്നെ അത് വ്യക്തമാണ്.

ഹൈക്കോടതിയുടെ വിധി വന്നിട്ട് നാളുകളേറെയായി. സംസ്ഥാന സര്‍ക്കാര്‍ സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി എന്നല്ലാതെ വിധിക്കെതിരെയുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ആലോചിച്ചിട്ടില്ല. നിലവില്‍ സച്ചാര്‍ ക്ഷേമപദ്ധതികള്‍ കേരളത്തില്‍ പൂര്‍ണ്ണമായും അസ്തമിച്ചു. ഇനി സംസ്ഥാന സര്‍ക്കാറിന്മുമ്പില്‍ ഒരു മാര്‍ഗമേയുള്ളൂ. സച്ചാര്‍ ശിപാര്‍ശ പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിച്ച് ആനുകൂല്യങ്ങള്‍ നൂറ് ശതമാനവും മുസ്‌ലിം സമുദായത്തിനാണെന്ന് ഉറപ്പുവരുത്തുക. മുസ്‌ലിംലീഗ് ഇക്കാര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ബോര്‍ഡ് ന്യൂനപക്ഷം എന്ന പേരിലല്ല അറിയപ്പെടേണ്ടത്. മുസ്‌ലിംലീഗ് അഭിപ്രായപ്പെട്ട പോലെ ‘സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംബ്ലിമെന്റേഷന്‍ സെല്‍’ എന്നോ സമാനമായ മറ്റു പേരുകളിലോ ആണ് അറിയപ്പെടേണ്ടത്.

ഏതെങ്കിലുമൊരു സമൂഹത്തിന് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒരു സംസ്ഥാനത്ത് തടയപ്പെടുന്നുവെങ്കില്‍ ആ സംസ്ഥാനത്തിന്റെ ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് കോട്ടം സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. രാജ്യം വിവിധ മതങ്ങളുടെയും ജാതിയുടെയും സമുദായങ്ങളുടെയും സമുച്ചയമാണ്. എല്ലാ സമുദായങ്ങളും പരസ്പരം സൗഹാര്‍ദ്ദം പുലര്‍ത്തിയും സഹകരിച്ചുമാണ് കഴിയേണ്ടത്. ഒരു സമുദായത്തിന് അവശതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്ലാവരും പരസ്പരം കൈകോര്‍ത്ത് പിടിക്കുകയാണ് വേണ്ടത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി മുസ്‌ലിം സമുദായത്തിന്റെ അവശതകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി കോശി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന ഭരണഘടനാനുസൃതമായ നടപടികളില്‍ എല്ലാ വിഭാഗവും സഹകരിക്കുകയാണ് വേണ്ടത്. പക്ഷേ, ഈ പാരസ്പര്യം വാക്കുകളില്‍മാത്രം ഒതുങ്ങുകയും നിയമപരമായി ഒരു വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൈയൂക്ക് കൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന സമൂഹമായി കേരളം മാറുകയാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.

ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ സൗഹാര്‍ദ്ദത്തിന്റെയും സമവായത്തിന്റെയും സമീപനം സ്വീകരിച്ച പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനുള്ളത്. വര്‍ഗീയതയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ നേതൃത്വങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ അടക്കമുള്ള പിന്നാക്കം പോയവരുടെ ബാക്ക്‌ലോഗ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ അതിനെതിരില്‍പോലും ചില ശബ്ദങ്ങള്‍ കേരളത്തിലുണ്ടായി എന്നത് വര്‍ഗീയതയുടെ ചില അടയാളങ്ങളില്‍പെട്ടതാണ്. ഇതര സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കെതിരില്‍ ഇന്നുവരെ കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളോ നേതാക്കളോ ശബ്ദമുയര്‍ത്തിയതായി കാണാന്‍ സാധിക്കില്ല.

മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇനിയും നഷ്ടപ്പെട്ടുകൂടാ. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനായി ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന പദ്ധതിപോലും വളരെ പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ സാധിക്കുന്നവിധം ദുര്‍ബലമായ സാങ്കേതികത്വങ്ങള്‍ മുസ്‌ലിം ക്ഷേമ പദ്ധതികളില്‍ തിരുകിവെക്കുന്നത് അബദ്ധവശാല്‍ സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇരുപത് ശതമാനം മറ്റു സമുദായങ്ങള്‍ക്ക് നീക്കിവെച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതും പദ്ധതിയുടെ പേര് സച്ചാറില്‍ നിന്ന് മറ്റൊരു പേരിലേക്ക് മാറ്റിയതും മുസ്‌ലിം എന്നതിന്പകരം ന്യൂനപക്ഷം എന്നുപയോഗിച്ചതുമെല്ലാം ബോധപൂര്‍വമായ അട്ടിമറിയാണ്.

 

Test User: