ഷാര്‍ജ: പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 786 വാഹനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഷാര്‍ജ പൊലീസ് അറിയിച്ചു. എന്നാല്‍ ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നു. വിവിധ സന്ദേശങ്ങളുമായി മൊത്തം 908 കോളുകളാണ് അവധിക്കാലത്ത് കോള്‍ ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചത്.
അപകടങ്ങളില്‍ ഭൂരിഭാഗവും അശ്രദ്ധ, ഗതാഗത നിയമലംഘനം എന്നിവ മൂലമാണ് ഉണ്ടായിട്ടുള്ളതെന്ന് ഷാര്‍ജ ആക്സിഡന്റ് റാഫിഡ് ആട്ടോമോറ്റീവ് സൊല്യൂഷ്യന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുല്‍റഹ് മാന്‍ അല്‍ഷംസി വ്യക്തമാക്കി. ഏപ്രില്‍ 20നാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്.
വിവിധ റോഡുകളില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള 386 ഫോണ്‍ കോളുകളാണ് ലഭിച്ചത്. യാത്രക്കിടെ ഇന്ധനം തീര്‍ന്ന വാഹനങ്ങള്‍, ബാറ്ററി, ടയര്‍ എന്നിവ മാറ്റല്‍, റോഡില്‍ തകരാറിലായ വാഹനങ്ങള്‍ വര്‍ക്ക്ഷോപ്പുകളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സഹായവുമായി കൂടുതല്‍ കോളുകളും ലഭിച്ചത്.