X

സെന്റ്കിറ്റ്‌സിലെ ഇടപാട് വിരല്‍ചൂണ്ടുന്നത്

 മുജീബ് കെ താനൂര്‍

സെന്റ്കിറ്റ്‌സ് അഴിമതി എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന ഒരു വകഭേദമായി മാറിയിട്ടുണ്ട്. പുതിയ സെന്റ്കിറ്റ്‌സ് അഴിമതിയും പ്രധാനമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ്. പത്തു ലക്ഷം കോടി രൂപ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി കവര്‍ന്നു മുങ്ങിയ പലരും പൊങ്ങിയത് അന്താരാഷ്ട്ര മാഫിയ സംഘത്തിന്റെ എക്കാലത്തെയും അഭയകേന്ദ്രമായ കരീബിയന്‍ ദ്വീപിലെ സെന്റ്കിറ്റ്‌സ് ആന്റ് നവിസില്‍ ആണ്.

ഇന്ത്യയില്‍ നേരെത്തെ സെന്റ്കിറ്റ്‌സ് അഴിമതി മറ്റൊരു പ്രധാനമത്രിയുടെ ഓഫീസിനു നേര്‍ക്ക് വിരല്‍ചൂണ്ടിയിരുന്നു. 1990 ല്‍ വി.പി സിങ് പ്രധാനമത്രിയായിരിക്കെ മകന്‍ അജയ്‌സിങിന്റെപേരില്‍ സെന്റ്കിറ്റ്‌സ് ഫസ്റ്റ് ട്രസ്റ്റ് കോര്‍പറേഷന്‍ ബാങ്കില്‍ 21 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ രഹസ്യനിക്ഷേപം ഉണ്ടെന്നതായിരുന്നു വിവാദത്തിനു തുടക്കം. കുവൈത്തിലെ അറബ് ടൈംസ് അജയ്‌സിങിന്റെ അക്കൗണ്ട് നമ്പര്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത് വി.പി സിങ് സര്‍ക്കാരിനെ ആടിയുലക്കുകയുണ്ടായി. എന്നാല്‍ വി. പി സിങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ കെട്ടിച്ചമച്ചതായിരുന്നു കേസെന്നു കോടതി കണ്ടെത്തി. സി.ബി.ഐ അന്വേഷിച്ച കേസിലെ മുഖ്യപ്രതി രാഷ്ട്രീയചാണക്യനായിരുന്ന ചന്ദ്രസ്വാമിയായിരുന്നു. 2016 ല്‍ ഇതു സംബന്ധമായ കോടതി വിധിയില്‍ ചന്ദ്രസ്വാമിയേ കുറ്റവിമുക്തനാക്കുകയുണ്ടയി. കേസില്‍ ചന്ദ്രസ്വാമിക്കു നേരിട്ട് ബന്ധമില്ലെന്ന് കാണിച്ചായിരുന്നു കോടതി സ്വാമിയെ വെറുതെവിട്ടത്.

അതിനുശേഷം ഇന്ത്യയില്‍ പുതിയ സെന്റ്കിറ്റ്‌സ് വിവാദം വീണ്ടും വാര്‍ത്തയാവുകയാണ്. സെന്റ്കിറ്റ്‌സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും എന്തു കാര്യമെന്നു ചോദിക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷമല്ല. വിദേശ മാധ്യമങ്ങളാണ്. ഏറെ ക്രിമിനല്‍ പശ്ചാത്തലമുള്ള നിഗൂഢ സംഘങ്ങളെ സന്ദര്‍ശിക്കുക മാത്രമല്ല അവരെ ആശിര്‍വദിക്കുകകൂടി ചെയ്തതായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദേശ മാധ്യമങ്ങളുടെ ശകാരവര്‍ഷം. കോവിഡ് ആരംഭിക്കുന്നതിനുമുമ്പുള്ള മോദിയുടെ യാത്രയില്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ ഏറെ കുപ്രസിദ്ധനായ ഗുരുദേവ് എന്ന ഗുരുദീപ്‌ദേവ്ബാതുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി നിഗൂഢ വ്യവഹാരങ്ങളിലൂടെ കുപ്രസിദ്ധനായ ഗുരുദേവുമായുള്ള കൂടിക്കാഴ്ചാവേളയില്‍ പ്രധാനമന്ത്രി കൂടെ കൊണ്ടുപോയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അടുപ്പിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടതോഴന്‍ ഗുജറാത്തുകാരനും വിന്‍ഡ്‌സോം ഡയമെന്റ്‌സ് ഗ്രൂപ്പിന്റെ ഉടമയുമായ ജിതിന്‍ മേത്ത ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പു നടത്തിയാണ് സെന്റ്കിറ്റ്‌സില്‍ അഭയംതേടിയത്. ഗുജറാത്തുകാരന്‍ തന്നെയായ മേഹുല്‍ചോക്‌സി പതിനായിരം കോടിയോളം രൂപ ബാങ്കില്‍ നിന്നും ലോണെടുത്തു ഇന്ത്യ വിടുകയും സെന്റ്കിറ്റ്‌സില്‍ തന്നെ എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെല്ലാം കഞ്ഞിവെച്ച്‌കൊടുക്കുന്ന സൂപ്പര്‍ കള്ളനാണ് ഗുരുദീപ്‌ദേവ്ബാത്.

അങ്ങേരാകട്ടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇഷ്ടഭാജനവും. നരേന്ദ്ര മോദിയുടെ വിദേശ യാത്രയില്‍ ബിസിനസ് മീറ്റിങിനു നേതൃത്വം നല്‍കുന്നത് ഇയാളാണ്. സെന്റ്കിറ്റ്‌സ് ദ്വീപിനു ഏതുരാജ്യങ്ങളില്‍ നിന്നുള്ളവരെയും സ്വീകരിക്കാനും അവരെ സംരക്ഷിക്കാനും വ്യവസ്ഥയുണ്ട്. ഇവിടുത്തെ പാസ്‌പോര്‍ട് ഉള്ള പൗരന് നൂറ്റി മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിയന്ത്രണമില്ലാതെ യാത്ര ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. ബാങ്കില്‍ നിന്നും പതിനായിരം കോടി അടിച്ചുമാറ്റി മുങ്ങിയ മറ്റൊരു ഗുജറാത്തുകാരണ്‍ വജ്ര വ്യാപാരി നീരവ് മോദിയും ബി.ജെ.പി എം.പിയായിരിക്കെ ഒമ്പതിനായിരം കോടി ബാങ്കില്‍നിന്നു കടമെടുത്തുമുങ്ങിയ വിജയ്മല്യയും ലണ്ടനിലാണ് അഭയംതേടിയത്. ലണ്ടനില്‍നിന്ന് ഈരണ്ടു പേരും മറ്റു പല രാജ്യങ്ങളിലായി മുങ്ങി നടന്നിരുന്നു. ഇപ്പോള്‍ ലണ്ടനിലെ കോടതിയില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ വിചാരണ നേരിട്ട് വരുന്നു. ഇവരെയെല്ലാം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ നയതന്ത്രവിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വൃത്തങ്ങള്‍ചൂണ്ടിക്കാട്ടുന്നു. 2018 മെയ് മാസത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും സെന്റകിറ്റ്‌സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. വെങ്കയ്യനായിഡുവും ദര്‍ശനത്തിനായി ചെന്നത് ഗുരുദീപ്‌ദേവ്ബാത്തിന്റെ സമീപമായിരുന്നു. എല്ലാവരും പറയുന്നത് സെന്റകിറ്റ്‌സില്‍ പരിപാടികള്‍ നടത്തുന്നത് നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണെന്നാണ്.

കഴിഞ്ഞ ദിവസവും വിദേശകാര്യ വകുപ്പ് ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഗ്വാട്ടിമാല, ജമൈക്ക, ബഹാമസ,് കരീബിയന്‍ ദ്വീപസമൂഹങ്ങളായ സെന്റ്കിറ്റ്‌സ് ആന്റ് നവിസ് എന്നീ രാജ്യങ്ങളില്‍ വിദേശകാര്യ സഹമന്ത്രി ഉള്‍പ്പെടെയുള്ള സംഘം ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നായിരുന്നു അത്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിത് എന്നാണ് വിശദീകരണം. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും വേണ്ടി ഈ മേഖലകളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മേധാവികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് സമൂഹവുമായി വിദേശകാര്യവകുപ്പ് സംവദിക്കും-വിദേശ കാര്യ വകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. അന്താരാഷ്ട്ര കുറ്റവാളികളെ ഇന്ത്യയിലേക്കു കൊണ്ട്‌വരുമെന്ന് പറഞ്ഞുനടത്തുന്ന ഇത്തരം നാടകങ്ങള്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള നയതന്ത്ര ടൂറുകളാണെന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. ലണ്ടനില്‍ കോടതി കേസ് നിലവിലുള്ളതിനാലാണ് വിജയ് മല്യക്കും നീരവ് മോദിക്കും മറ്റു കരീബിയന്‍ ദ്വീപ സമൂഹങ്ങളിലേക്കു കടക്കാനാവാതെവന്നത്. കരീബിയന്‍ ദ്വീപ സമൂഹങ്ങളില്‍ കുറ്റവാളികള്‍എത്തിപ്പെടാന്‍ സൗകര്യം ലഭിച്ചത് ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ ഒത്താശയോടെ മാത്രമാണ്. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഫലത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനാണ്. രാജ്യത്തെ കൊള്ളയടിച്ചു കടന്ന ഈ സാമ്പത്തിക കുറ്റവാളികളെ സഹായിക്കാനുള്ള വെമ്പലാണ് പ്രധാനമന്ത്രിയും ഓഫീസും നടത്തിവരുന്നതെന്നും ജസ്റ്റിസ് കട്ജു കുറ്റപ്പെടുത്തി.

Test User: