X
    Categories: world

ശ്രീലങ്കന്‍ കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് ഡേറ്റാ റെക്കോഡര്‍ കണ്ടെടുത്തു

 

കൊളംബൊ: ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയ രാസവസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ കയറ്റിയ കപ്പലില്‍ നിന്ന് ഡേറ്റാ റ്‌ക്കോര്‍ഡര്‍ കണ്ടെടുത്തു. ലങ്കന്‍ നാവികസേനയുടെ സഹായത്തോടെ മര്‍ച്ചന്റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിന്റെ ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ (വി.ഡി. ആര്‍) കണ്ടെടുത്തത്.

അതേസമയം, എണ്ണയുടെയോ രാസചോര്‍ച്ചയുടെയോ ലക്ഷണങ്ങള്‍ ഭീഷണിയാകുന്ന തരത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പോര്‍ട്ട് അതോറിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കന്‍ നാവികസേനയും ഇന്ത്യന്‍ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മെയ് 21 ന് കൊളംബോയുടെ തീരത്തുവച്ചാണ് സിങ്കപ്പൂര്‍ ചരക്കുകപ്പലിന് തീപിടിച്ചത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പല്‍. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്.

അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലില്‍ പരന്നൊഴുകി. 350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയില്‍ പരന്നൊഴുകിയത്. ഇന്ധനച്ചോര്‍ച്ച ഇനിയും കൂടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കരക്കടിഞ്ഞ മൈക്രോ പ്ലാസ്റ്റിക് കൂമ്പാരം നീക്കാനുള്ള ശ്രമം ശ്രീലങ്കന്‍ സേന തുടരുകയാണ്.

 

 

 

Test User: