അഡ്വ. പി.വി സൈനുദ്ദീന്‍
രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങളെ നിരീക്ഷിക്കാറുള്ളത്. ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ വഹിച്ച പങ്ക് സംഭവബഹുലമാണ്. മോദിക്കാല ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടപ്പെടുന്ന വിധത്തില്‍ നിയമ വിരുദ്ധ നടപടികള്‍ ഫാസിസ്റ്റ് ഭരണകൂടത്തില്‍നിന്ന് ഉണ്ടാവുകയാണ്. സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്റെ ശവസംസ്‌കാരം ദാഹിക്കുന്ന ഭരണകൂടം ഫാസിസത്തിന്റെ മാസ്‌ക് ധരിച്ച ഭയാനകമായ ചിത്രമാണ് ഇപ്പോള്‍ ദൃശ്യമായികൊണ്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ സ്വേച്ഛാധിപത്യം ബലമായി പ്രവേശിക്കുന്ന സന്ദര്‍ഭത്തിലാണ് ധീരമായി കോടതി ഇടപെടേണ്ട സാഹചര്യങ്ങളേറെ ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഹിമാചല്‍പ്രദേശിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഷിംലയിലെ കുമാര്‍സെന്‍ പൊലീസ്‌സ്റ്റേഷനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ചെയ്ത കേസ് സുപ്രീംകോടതി ദുര്‍ബലപ്പെടുത്തിയതാണ് മാധ്യമസ്വാതന്ത്ര്യം ശ്രദ്ധേയമായ ചര്‍ച്ചാവിഷയമായത്. തന്റെ യൂട്യൂബ് ചാനലിലെ ദൃശ്യമാധ്യമ പരിപാടിയില്‍ കോവിഡ് കാലത്തെ ലോക്ഡൗണ്‍ നടപടികളെയും മറ്റും വിമര്‍ശിച്ചതിനാണ് 2008 ലെ പത്മശ്രീ ജേതാവായ വിനോദ് ദുവെയുടെ പേരില്‍ ബി.ജെ.പി നേതാവ് അജിത്ത് ശ്യാം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തത്. കോവിഡ് പരിശോധനക്ക് രാജ്യത്ത് ആവശ്യമായ പി.പി.ഇ കിറ്റുള്‍പ്പെടെയുള്ള സാധനങ്ങളില്ലാത്തതും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസൃതമായി വെന്റിലേറ്ററുകളും സാനിറ്റൈസറും രാജ്യത്തുനിന്ന് കയറ്റുമതിചെയ്തതും ദുവെയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 124 അ (രാജ്യദ്രോഹം) 268 (പൊതു ശല്യം ഉണ്ടാക്കല്‍) 501 (അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരണം) എന്നിവ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരുന്നത്. യാദൃച്ഛികമെന്നോണം ദുവെയും ഭാര്യ ചിന്നയും കോവിഡ് ബാധിച്ച് ചികിത്സയിലുമാണ്.
പുല്‍വാമയിലെയും പത്താന്‍കോട്ടിലെയും ഭീകരാക്രമണങ്ങളും തുടര്‍ന്നുള്ള മരണങ്ങളും നരേന്ദ്രമോദി വോട്ടിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് ദുവെ ആരോപിച്ചിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുന്നതാണ് ഇത്തരം വാര്‍ത്തകളെന്നും പ്രധാനമന്ത്രിക്കും സര്‍ക്കാരിനെതിരെയുമുള്ള കലാപ ആഹ്വാനമാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. സോളിസിറ്റര്‍ തുഷാര്‍ മേത്തയാവട്ടെ ദുവെക്കെതിരെയുള്ള നിയമനടപടികള്‍ തുടരണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയുമുണ്ടായി. ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകരെ ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ നടത്തിയ കലാപങ്ങള്‍ക്കെതിരെ ദുവെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരായും പൊലീസ് കേസെടുത്തിരുന്നു.
ക്രമസമാധാനപ്രശ്‌നമുണ്ടാക്കാനുള്ള ലക്ഷ്യമോ കലാപത്തിനുള്ള ആഹ്വാനമോ ദുവെയുടെ പരാമര്‍ശങ്ങളില്‍ കാണാനില്ലെന്നായിരുന്നു ജസ്റ്റിസ് യു.യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ വിധി. സര്‍ക്കാര്‍ നടപടികളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് കാര്യക്ഷമമായ പരിഹാരം കാണാന്‍ നടത്തിയ ക്രിയാത്മക പരാമര്‍ശങ്ങള്‍ അനുവദനീയമായ പരിധിക്കുള്ളിലായതുകൊണ്ട് രാജ്യദ്രോഹകുറ്റമാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാധ്യമ പ്രവര്‍ത്തകരുടെ അവകാശമുപയോഗിച്ച് ആശങ്കാജനകമായ സാഹചര്യം ചൂണ്ടികാണിക്കുന്നത് നിയമപരമായി തെറ്റില്ലെന്ന് കോടതി വിലയിരുത്തി. ആക്രമണത്തിന് പ്രേരകമാകാത്തവിധത്തിലും പൊതുക്രമസമാധാനം തകര്‍ക്കാത്ത വിധത്തിലും മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും നയപരമായി വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമല്ലെന്ന ആറു പതിറ്റാണ്ടുമുമ്പിലെ കേദാര്‍നാഥ് സിങ് കേസിലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായ ഭുവനേശ്വര്‍ ഉള്‍കൊള്ളുന്ന ബെഞ്ചിലെ മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ കവചമായ വിധി കോടതി പ്രത്യേക പരാമര്‍ശവിധേയമാക്കുകയും ചെയ്തു. 10 വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റത്തിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ അനുമതി വേണമെന്ന ദുവെയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. നിയമനിര്‍മ്മാണ സഭകളുടെ അധികാരപരിധിയില്‍പെട്ടതാണ് പ്രസ്തുത വിഷയമെന്ന് കോടതി ഓര്‍മ്മപ്പെടുത്തി. ഹരി ഭൂമി കമ്യൂണിക്കേഷന്റെ 2019 ലെ കേസിലും പരമോന്നത നീതിപീഠം മാധ്യമ നൈതികതയുടെ അന്തസത്ത വിലയിരുത്തുകയുണ്ടായി.
ആന്ധ്രയിലെ നിയമസഭാംഗം നടത്തിയ പരാമര്‍ശങ്ങള്‍ പ്രക്ഷേപണം ചെയ്ത ടി.വി 5, എ.ബി. എന്‍ ആന്ദ്ര ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും സുപ്രീം കോടതി കഴിഞ്ഞാഴ്ച സ്റ്റേ ചെയ്തിരുന്നു. രാജ്യദ്രോഹം കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വ്യവസ്ഥിതിയുടെ അധികാര പരിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പുനര്‍ നിശ്ചയിക്കേണ്ട സമയമായി എന്ന സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിന്റെ വിധി ഫാസിസ്റ്റ് നിലപാടുള്ള ഭരണകൂടത്തിന് നീതിയുടെ മഷി ഉപയോഗിച്ചുകൊണ്ടുള്ള കനത്ത താക്കീതായിരുന്നു. മരിച്ചവരുടെ മൃതശരീരങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നത് പ്രദര്‍ശിപ്പിച്ച ചാനലുകള്‍ക്ക് നേരെയും രാജ്യദ്രോഹകുറ്റം ചുമത്തുമോ എന്ന കോടതിയുടെ ചോദ്യം സര്‍ക്കാറിനെ പരിഹാസരൂപേണ ശകാരിക്കുന്നതിന് തുല്യമായിരുന്നു. വാക്‌സിന്‍ വിഷയത്തില്‍ പൗരന്മാരുടെ അവകാശത്തിന്മേല്‍ ഭരണകൂടം തെറ്റായ തീരുമാനമെടുത്താല്‍ നോക്കിനില്‍ക്കില്ല, ഇടപെടേണ്ടിവരുമെന്ന കോടതിയുടെ മുന്നറിയിപ്പും മോദി സര്‍ക്കാറിനുള്ള തിരിച്ചടിയായി.
മാധ്യമ വിമര്‍ശനം രാജ്യദ്രോഹകുറ്റമല്ലായെന്ന സുപ്രീംകോടതി വിധി ആഹ്ലാദകരമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമ സംഘടനകള്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ലേഖനങ്ങളുടെയും ഫേസ്ബുക്ക് പോസ്റ്റിന്റെയും പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്ന്‌വന്നിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വിമന്‍സ് പ്രസ ്‌കോര്‍ സ്ഥാപക നേതാവ് മൃണാള്‍ പാണ്ഡെക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. രാജ്യദ്രോഹ കുറ്റം ചാര്‍ത്തി ജയിലിലായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗം സിദ്ദിഖ് കാപ്പന്‍ മോചനം കാത്ത് ഇപ്പോഴും ജയിലിലാണ്. ഗൊരക്‌നാഥ് ക്ഷേത്ര പരിസരത്തുനിന്ന് മുസ്‌ലിം കുടുംബങ്ങളെ അന്യായമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഡെമോക്ലസിന്റെ വാള്‍ പോലെ രാജ്യദ്രോഹക്കുറ്റം തലക്കുമുകളില്‍ നില്‍ക്കുകയാണ്. രാജ്യത്തിന്റെ സര്‍വ നിയമങ്ങളെയും നോക്കുകുത്തിയാക്കുന്ന കേന്ദ്ര ഭരണകൂടം ഫെഡറല്‍ നിയമ സംഹിതക്ക് പരിക്കേല്‍പ്പിക്കുന്ന വിധത്തിലാണ് ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്തോപാദ്യക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും ആലോചിച്ചിട്ടുള്ളത്.
അറിയാനുള്ള അവകാശം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ബദല്‍ മാധ്യമ സാധ്യതകള്‍ എന്നിവ സജീവമായ കാലത്താണ് മാധ്യമ സ്വാതന്ത്ര്യത്തിന് ചരമ കുറിപ്പെഴുതാന്‍ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. സത്യത്തിന്റെ മുഖത്തിന് ക്ഷതമേല്‍പ്പിക്കുന്നതിന് ശ്രമിച്ച മദമിളകിയ രാജ്യസ്‌നേഹം പ്രകടിപ്പിച്ചവരുടെ കാപട്യങ്ങളെയാണ് കോടതി ഇപ്പോള്‍ തോല്‍പിച്ചിരിക്കുന്നത്. ഫാസിസ്റ്റ് വിശ്വരൂപത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയ ദുവെ വിധി വാക്കുകള്‍കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്തവിധം പ്രബലവും അപാരവുമാണ്.
‘ന്യൂസ്’ ഇല്ലാത്ത ന്യൂസ് പേപ്പറും ഉറങ്ങുന്ന കാവല്‍ക്കാരനും ഫാസിസ്റ്റ് അഹങ്കാരത്തിന് പരിചരണവും ശുശ്രൂഷകളും നല്‍കുന്ന ബിസിനസ് മാഗ്‌നറ്റുകളെയും ആഗ്രഹിക്കുന്ന അധികാരി വര്‍ഗത്തോട് പരമോന്നത നീതിപീഠത്തിന്റെ ചോദിക്കാത്ത ലളിതമായ ചോദ്യം ‘രാജ്യദ്രോഹക്കുറ്റത്തിന്റെ പോക്ക് എങ്ങോട്ട് എന്നുള്ളതാണ്’. മാധ്യമ സ്വാതന്ത്ര്യത്തിന് ദീര്‍ഘായുസ്സ് നല്‍കുന്നതും മാധ്യമ പ്രവര്‍ത്തനം വിപ്ലവകരമായ സാമൂഹിക ദൗത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതുമാണ് ദുവെ വിധി. കലഹിക്കുന്ന കാഴ്ച്ചപാടുമായി പരിപാവനമായ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധന്യത കാത്തുസൂക്ഷിക്കാന്‍ മാധ്യമ ലോകം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് നീതിപീഠങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണിവിടെ. നിയമ ഭീകരതയുടെ മുമ്പില്‍ തോല്‍പ്പിക്കാനാവാത്ത മാധ്യമ പോരാളിയായി വിനോദ് ദുവെ മാധ്യമ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണ്.