X
    Categories: Article

ജീവനാവകാശങ്ങള്‍ക്കു കവചമൊരുക്കി കോടതികള്‍

അഡ്വ. അഹമ്മദ് മാണിയൂര്‍

രാജ്യത്തിന്റെ ഭരണ നേതൃത്വം കോടതികളിലും ജഡ്ജിമാരിലും ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് ഇന്ത്യന്‍ ജനത ആഗ്രഹിച്ചുപോയ ദിവസങ്ങളായിരുന്നു 2021 മെയ് ആദ്യം മുതലുള്ള ദിനങ്ങള്‍. രാഷ്ട്രീയ ഭരണ നേതൃത്തത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതകളുംമൂലം കോവിഡ് 19 വ്യാപനം രൂക്ഷമാകുകയും രാജ്യത്തൊട്ടാകെ ജനങ്ങള്‍ വീര്‍പ്പ്മുട്ടി കിടക്കാന്‍ ഇടംപോലും ലഭിക്കാതെ തെരുവോരങ്ങളില്‍ പിടയേണ്ടിവരികയും ചെയ്തപ്പോള്‍ അവരുടെ രക്ഷക്കെത്തിയ സുപ്രീംകോടതിയെയും ഹൈക്കോടതികളെയുംകുറിച്ച് വേറെ ഏതു വിധത്തിലാണ് അവര്‍ക്ക് ആലോചിക്കാന്‍ കഴിയുക? കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് മാത്രമല്ല ഒരു നിയന്ത്രണവും ഇല്ലാതെ മരുന്നുകള്‍ക്കും വാക്‌സിനും സ്വന്തം ഇഷ്ടപ്രകാരം വില നിശ്ചയിച്ചും ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാക്കിയും രോഗികളുടെ നിസ്സഹയാവസ്ഥ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു. കുടിവെള്ളവും പ്രതിരോധ മരുന്നുകളും നല്‍കാന്‍ ഏതു കെട്ട സര്‍ക്കാറിനും സാധിക്കും എന്ന് ആല്‍ഡക്‌സ് ഹക്‌സിലി എഴുതിയിട്ടുണ്ട്.

അതിനുപോലും സാധിക്കാതെ ഭരണ നേതൃത്വങ്ങള്‍ മിഴിച്ചുനില്‍ക്കുകയും ജനങ്ങള്‍ ജീവനുവേണ്ടി അലമുറയിടുകയും ചെയ്യുന്ന അതിദാരുണമായ അ വസ്ഥയിലാണ് സുപ്രീം കോടതിയും ഹൈക്കോടതികളും ജനപക്ഷ രൂപമെടുത്ത് ചാടിഇറങ്ങുകയും സര്‍ക്കാറുകള്‍ക്കെതിരായി ചാട്ടവാര്‍ എടുക്കുകയും ചെയ്തത്. അപ്പോഴും കോര്‍പറേറ്റുകളുടെപക്ഷം പിടിച്ച് തൂങ്ങിനില്‍ക്കാനുള്ള വ്യഗ്രതയിലായിരുന്നു സര്‍ക്കാര്‍.

സുപ്രീംകോടതിയും ഡല്‍ഹി, ചെന്നൈ, കേരള, ഉത്തരാഖണ്ഡ് തുടങ്ങിയ ഹൈക്കോടതികളും ശാസന കടുപ്പിച്ചതോടെ ചികിത്സാനയത്തില്‍തന്നെ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതമാകുകയായിരുന്നു. എക്‌സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും ജനവിരുദ്ധ നയങ്ങളില്‍ ഇടപെട്ട് തിരുത്തിക്കുന്ന ജുഡീഷ്യറിയുടെ നടപടി കോവിഡ് കാലത്തു മാത്രമായല്ല മുമ്പും ഉണ്ടായിട്ടുണ്ട്. ഭരണഘടനയുടെ അന്തസത്തയെത്തന്നെ ഹനിക്കുന്നവിധം നയങ്ങളും നിയമങ്ങളും രൂപീകരിക്കുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും ചെയ്തപ്പോഴെല്ലാം കോടതികള്‍ ഇടപെട്ട് തിരുത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അത്തരമൊരുവിധി ആദ്യമായി ഉണ്ടായത് 1962 ജനുവരി 20ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചില്‍ നിന്നാണ്. ബീഹാറിലെ ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കേദാര്‍നാഥ്‌സിങ് ഭരണകൂടത്തെ വീമര്‍ശിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ശിക്ഷിച്ച കീഴ്‌ക്കോടതികളുടെ വിധി റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു സുപ്രീംകോടതിയുടെ വിധി.

ഗോലക്ക് നാഥും പഞ്ചാബ് സര്‍ക്കാറും തമ്മിലുള്ള കേസിലും ഭരണഘടന ഉറപ്പ്‌നല്‍കിയിട്ടുള്ള പൗരാവകാശങ്ങള്‍ ഹനിക്കുന്നവിധം നിയമനിര്‍മ്മാണത്തിനോ നയരൂപീകരണത്തിനോ നിയമനിര്‍മ്മാണ സഭകള്‍ക്കോ സര്‍ക്കാറുകള്‍ക്കോ അധികാരമില്ലെന്നും 1967 ഫെബ്രുവരി 27ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി. 1953 ലെ പഞ്ചാബ് സെക്യൂരിറ്റി ആന്റ് ലാന്റ് ടെന്യൂര്‍ ആക്ട് പ്രകാരം വില്യം ഗോലക്ക് നാഥിനും കുടുംബത്തിന്നും കൈവശത്തിലുണ്ടായിരുന്ന അഞ്ഞൂര്‍ ഏക്കറോളം കൃഷിഭൂമിയില്‍ ഒരു ഭാഗം മിച്ചഭൂമിയായി ഏറ്റെടുത്തുകൊണ്ടുള്ള പഞ്ചാബ് സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തുകൊണ്ടുള്ളതായിരുന്നു കേസ്. കേരള നിയമ സഭ പാസാക്കിയ ഭൂപരിഷ്‌കരണ നിയമത്തെ ചോദ്യംചെയ്തു കേശവാനന്ദ ഭാരതി ഫയലാക്കിയ കേസിലും 1973 ഏപ്രില്‍ 24ന് തദൃശമായ വിധി സുപ്രീം കോടതിയില്‍ നിന്നുമുണ്ടായി. സംവരണത്തിന് പരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധിക്കും ആധാരമായി കാണിച്ചതും മേല്‍പറഞ്ഞ വിധികളായിരുന്നു. ഇത്തരത്തില്‍ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാമുണ്ടായ ജുഡീഷ്യറിയുടെ ജനപക്ഷ ഇടപെടലുകള്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്കും സൈ്വര്യജീവിതത്തിനും തടയിടുന്ന വിധം ഭരണകൂടത്തില്‍നിന്ന് നീക്കങ്ങള്‍ ഉണ്ടായപ്പോഴും കേരള ഹൈക്കോടതിക്ക് ഇടപെടലുകള്‍ നടത്തേണ്ടിവന്നു. സര്‍ക്കാരിനെതിരായി സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി ജയിലിലടക്കുന്ന കേന്ദ്ര നയത്തിനേറ്റ കനത്ത പ്രഹരമായി വിനോദ് ദുവെ കേസിലെ സുപ്രീംകോടതി വിധിയെയും കാണാം.

ഇത്തരം ജുഡീഷ്യറി ഇടപെടലുകള്‍ക്കെതിരായി മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ പക്ഷത്തുനിന്നുതന്നെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. ജുഡീഷ്യല്‍ ആക്റ്റിവിസം എന്നാക്ഷേപിച്ചുകൊണ്ടായിരുന്നു വിമര്‍ശനങ്ങളുയര്‍ന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിതന്നെ ജഡ്ജിമാരുടെ ഒരു യോഗത്തില്‍ ജുഡീഷ്യല്‍ ആക്ടിവിസത്തെ പരസ്യമായി വിമര്‍ശിക്കുകയും ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ലെജിസ്ലേറ്ററും അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളില്‍നിന്നുമാത്രം പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ഉണ്ടായി. ജു ഡീഷ്യറിയില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ മറ്റൊരു മുഖവും ഇടക്കാലത്ത് നാം കണ്ടു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സുപ്രീംകോടതിയില്‍ ചില ചീഫ് ജസ്റ്റിസുമാര്‍ക്കെതിരായും രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയും അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയും ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വിരമിച്ച ഉടനെ രാജ്യസഭാംഗമാകുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ക്രിമിനല്‍ കേസില്‍ ബി.ജെ.പി നേതാക്കളായ പ്രതികളെ വെറുതെവിട്ട ജില്ലാ ജഡ്ജിയെ വിരമിച്ച ഉടനെ ഉത്തര്‍പ്രദേശില്‍ ലോകായുക്തയായും നിയമിച്ചു.

രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തില്‍ വിധി പറഞ്ഞ റഫേല്‍ അഴിമതിക്കേസ് അടക്കമുള്ള ഒട്ടനവധി കേസുകളിലെ വിധികളും വിവാദത്തിലായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി പത്തൊമ്പതാം നൂറ്റാണ്ടിലെ കംഗാരു കോടതികളുടെ അവസ്ഥയിലേക്ക് മാറുകയാണോ എന്നുപോലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യൂറോപ്പിലെ ഫ്യൂഡല്‍ ഭരണാധികാരികള്‍ ഭരണകൂടത്തിനനുകൂലമായി വിധി പറയാനും എതിരാളികളെ ശിക്ഷിക്കാനുമായി പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‍കി ഏര്‍പ്പെടുത്തിയിരുന്ന കോടതികളെയാണ് കംഗാരു കോടതികള്‍ എന്ന് വിളിക്കുന്നത്. ബി.ജെ.പി നേതൃത്വത്തിനിഷ്ടമില്ലാത്ത ചില ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം തുടങ്ങിയവയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടിയുള്ള സുപ്രീംകോടതിയുടെ കോളജിയം നിര്‍ത്തലാക്കി നിയമനങ്ങളും നിയന്ത്രണങ്ങളും ജുഡീഷ്യല്‍ കമ്മീഷനെ ഏല്‍പിക്കാന്‍ നടത്തിയ നീക്കങ്ങളും നീതിന്യായ വ്യവസ്ഥിതിയെ വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രങ്ങളായി ആരോപിക്കപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെ കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടാണ് അത്തരം തന്ത്രങ്ങള്‍ നടക്കാതെ പോയതെന്നതും യാഥാര്‍ത്ഥ്യം.

ഭരണ നേതൃത്വം രാഷ്ട്രീയ മയക്കത്തിലാണ്ട് ജനങ്ങളെ വിസ്മരിക്കുകയും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും അവസരങ്ങളും നിഷേധിക്കുകയും ചെയ്യുമ്പോള്‍ അവരുടെ തുണക്കെത്താനുള്ള ഭരണഘടനാനിബദ്ധകമായ സാമൂഹിക പ്രതിബദ്ധത കോടതികള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭരണകൂടങ്ങള്‍ അനീതി കാട്ടുകയും ഭരണഘടനാസ്ഥാപനങ്ങളെല്ലാം ഭരണ നേതൃത്തത്തിന്റെ വിധേയവര്‍ത്തിതരായി മാറുകയും ചെയ്ത സാഹചര്യത്തില്‍ നിസ്സഹായനാകുന്ന സാധാരണക്കാരന് അവസാനത്തെ കച്ചിത്തുരുമ്പാണ് ജുഡീഷ്യറി . കേരളാ ഹൈക്കോടതി ഇതില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നു. ജനഹിതകരമായ ഒരുപാട് വിധികള്‍ അടുത്ത കാലത്തായി കേരളാ ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. പുതുശ്രേണിയിലുള്ള യുവ ജഡ്ജിമാരില്‍ നിന്നാണ് അത്തരം ജനപക്ഷ വിധികള്‍ അധികവും എന്നത് ഏറെ ആശാവഹമാണ്.

Test User: