X
    Categories: Article

ആത്മവിശ്വാസവും സ്തിഷ്‌ക പ്രക്ഷാളനവും

 

പ്രൊഫ. പി.കെ.കെ തങ്ങള്‍

 

തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമതയിലും രീതിയിലും അളവിലുമുള്ള വൈജാത്യമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്നും വ്യതിരിക്തനാക്കുന്നത്. പേശീബലം എത്ര തന്നെയുണ്ടെങ്കിലും മനോബലമില്ലെങ്കില്‍ പേശികള്‍ വെറും അഴകുമാത്രമാണ്. മനസ്സില്‍ തോന്നുന്നതെന്തും പ്രവര്‍ത്തിക്കുകയെന്നതും മനുഷ്യന് ഭൂഷണമല്ല; പ്രായോഗികവുമല്ല. അനുയോജ്യമായത്മാത്രം ഏറ്റെടുത്ത് നിര്‍വഹിക്കാനും അല്ലാത്തതില്‍നിന്ന് വിട്ടുനില്‍ക്കാനുമുള്ള കണിശമായ നിര്‍ദ്ദേശം സദാസമയവും മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നത് ‘തെരഞ്ഞെടുപ്പിന്റെയും പ്രയോഗവത്കരണത്തിന്റെയും’ ആസ്ഥാനമായ തലച്ചോറാണ്.

നമുക്ക് അളന്ന് തിട്ടപ്പെടുത്താനാവാത്തവിധം ലഘുവായ സമയ അളവില്‍ കാര്യങ്ങള്‍ അപഗ്രഥിച്ച് നിയന്ത്രിക്കാനുള്ള സംവിധാനം തലച്ചോറിലാണ് അടങ്ങിയിരിക്കുന്നത്. മനസ്സില്‍ എത്ര ആഗ്രഹിച്ചാലും നടപ്പില്‍ വരാന്‍ മുന്‍പന്തിയില്‍ വേണ്ടത് തലച്ചോറാണ്. പദാര്‍ത്ഥപരമായ ഭാരം ചുമക്കലും (ചുമടെടുപ്പ്), ധൈഷണികമായ ഭാരം ചുമക്കലും (പഠനം, നിരീക്ഷണ പരീക്ഷണങ്ങള്‍ ആതിയായവ) വ്യത്യസ്തങ്ങളാണ്. പദാര്‍ത്ഥപരമായ ഭാരം ചുമക്കലിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടായിരിക്കേണ്ടത് ധൈഷണികമായ പിന്തുണയാണ്. ഭാരം കയറ്റിയ കഴുത വണ്ടിച്ചക്രം നിരത്തിലെ കുഴിയില്‍ വീണപ്പോള്‍, വണ്ടി വഴിയിലിട്ട് ദൈവസഹായം കാത്ത് മാറിയിരുന്ന വണ്ടിക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഹെര്‍ക്കുലീസ് എന്ന, ശക്തിയുടെ പ്രതീകം വണ്ടി തള്ളിക്കയറ്റി വണ്ടിക്കാരനെ ഉപദേശിച്ചതിങ്ങനെയായിരുന്നു: ‘സ്വയം സഹായിക്കാന്‍ സന്നദ്ധരാവുന്നവരെയാണ് ദൈവം സഹായിക്കുക.’ സ്വയം പ്രവര്‍ത്തനത്തിനും മുന്നേറ്റത്തിനും മനസുകൊണ്ട് സന്നദ്ധനാവുമ്പോള്‍ അതു പ്രയോഗവത്കരിക്കാനുതകുന്ന യുക്തി തലച്ചോര്‍ നല്‍കിക്കൊണ്ടേയിരിക്കും.

ചെറിയ തോതിലുള്ള മാര്‍ഗതടസങ്ങളൊന്നും അത്തരം കരുത്തുള്ള മനുഷ്യര്‍ക്ക് വിഘാതമായിവരില്ല. അങ്ങിനെ പ്രവര്‍ത്തികള്‍ ചെയ്തു മുന്നേറാനുള്ള മാനസികമായ കരുത്തിനെയാണ് ‘ആത്മവിശ്വാസം’ (കോണ്‍ഫിഡന്‍സ്) എന്ന് വിളിക്കുന്നത്. അത്തരം കരുത്തിന്റെ പ്രയോഗവത്കരണത്തെ പിന്നില്‍ നിലകൊണ്ട് നിര്‍വഹിക്കപ്പെടുന്ന അതികഠിനമായ, നിരന്തരവും സൂക്ഷ്മവുമായ നിയന്ത്രണപ്രക്രിയയെയാണ് നൂതന പ്രയോഗത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം (ബ്രെയിന്‍ സ്റ്റോമിങ്) എന്നു പറയുന്നത്. ചുരുക്കത്തില്‍ ഒരു വ്യക്തി കര്‍മ്മകുശലനായിത്തീരണമെങ്കില്‍ ഈ രണ്ടു അടിസ്ഥാന ഘടകങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൂടിയേ തീരു. ഉപയോഗപ്പെടാത്ത മനസ്സ് വെറും മാംസപിണ്ഡമായിരിക്കും, തലച്ചോര്‍ ചവറും.

പ്രപഞ്ചത്തിലെ ഏറ്റവും ഒടുവില്‍ രൂപകൊണ്ട ജീവി മനുഷ്യനാണല്ലോ. ഇതിന്റെ പിന്നില്‍ സ്രഷ്ടാവ് ലക്ഷ്യമിട്ടത് മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പദവി മനുഷ്യന് കല്‍പിച്ചുനല്‍കുകയെന്നതാണ്. അവന് അവന്റെ ജീവിത മുന്നേറ്റത്തില്‍ പ്രപഞ്ചം സര്‍വസജ്ജമായിരിക്കണം എന്ന അതിവിശാലമായ കാഴ്ചപ്പാട്. എന്നാല്‍ ആ പദവി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ മനുഷ്യന്‍ അവനില്‍ നിക്ഷിപ്തമായിട്ടുള്ള സിദ്ധികള്‍ ഉപയോഗപ്പെടുത്തുന്നത്? ചുറ്റുപാടുമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യനെ കവച്ചുവെക്കാവുന്ന കമ്പ്യൂട്ടര്‍ റോബോട്ട് സംവിധാനങ്ങളും അധുനാധുന പരിഷ്‌കാരങ്ങളോടെ വിപണിയില്‍ ലഭ്യമാക്കുമ്പോഴും അങ്ങിനെ സാങ്കേതിക മുന്നേറ്റത്തില്‍ മികവ് അവകാശപ്പെടുമ്പോഴും മനുഷ്യന്‍ എന്തുമാത്രം ദുര്‍ബലനാണെന്നോ അവന്റെ കഴിവുകള്‍ക്ക് എന്തെല്ലാം പരിമിതികളുണ്ടെന്നോ അവന്‍ ചിന്തിക്കുന്നുണ്ടോ? മനുഷ്യനെ നിസ്സാരനും ദുര്‍ബലനുമാക്കി ചിത്രീകരിച്ചു നിരാശപ്പെടുത്തി തളര്‍ത്താന്‍വേണ്ടി പറയുന്നതല്ല. മറിച്ച് സ്വയം നിലപാടുകളെയും പ്രവര്‍ത്തനരീതികളെയുംകുറിച്ച് സ്വയം വിലയിരുത്തല്‍ നടത്തി ക്രമപ്പെടുത്താന്‍ പ്രപഞ്ചനാഥന്‍ മനുഷ്യനെ ഉണര്‍ത്തുന്നുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടത്, മനുഷ്യന്‍ അവന്റെ ഉണ്‍മയെയും ഉയിരിനെയും അവന്റെ ശാരീരികഘടനയെയും വംശതുടര്‍ച്ചയെയും കഴിഞ്ഞുപോയ മനുഷ്യകുലങ്ങളുടെ അവസ്ഥയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ലേ എന്നുള്ളതാണ്. അതില്‍ തന്നെ ഏറ്റവും പ്രഥമമായി നമുക്ക് ചിന്തിക്കാനാവുന്നത് മനുഷ്യന്റെ ശാരീരിക ഘടനയെക്കുറിച്ചാണ്. ആലങ്കാരികമായിട്ടാണ് പലപ്പോഴും നാം പ്രയോഗിക്കാറുള്ളതെങ്കിലും ‘രണ്ടുകാലില്‍ തലയയുര്‍ത്തി നില്‍ക്കുന്നവനല്ലേ’ മനുഷ്യന്‍.

എന്നുവെച്ചാല്‍ സ്രഷ്ടാവൊഴിച്ച് മറ്റാരുടെയും മുന്നില്‍ മുട്ടുമടക്കാത്തവനും തല കുനിക്കാത്തവനുമാണ് മനുഷ്യന്‍ എന്നര്‍ത്ഥം. അപ്രകാരം മറ്റു ജീവജാലങ്ങള്‍ക്കെല്ലാം ഉപരിയായ സര്‍ഗസിദ്ധികളും മനുഷ്യന്മാത്രം. കണ്ടതു കണ്ടു, കേട്ടതു കേട്ടു എന്നല്ലാതെ അതിനപ്പുറത്തേക്കെന്തെങ്കിലും ചിന്തിച്ചു മെനഞ്ഞെടുത്ത് പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കാനുള്ള കഴിവ് ഇതര ജീവജാലങ്ങള്‍ക്കുണ്ടോ? കൊടുമുടികളും ആഴക്കടലുകളും തമ്മിലുള്ള അന്തരം ഇല്ലാതാക്കി അവിടങ്ങളിലെല്ലാം ചിന്നിച്ചിതറിക്കിടക്കുന്ന മുത്തും പവിഴവും രത്‌നങ്ങളും മറ്റു അമൂല്യനിധികളും സ്വായത്തമാക്കാന്‍ മനുഷ്യന് കഴിയുന്നു. അന്യഗ്രഹങ്ങളില്‍പോലും സ്വന്തം സാന്നിധ്യമറിയിക്കാന്‍ മനുഷ്യന് കഴിഞ്ഞല്ലേ? ഇനിയും ആ മുന്നേറ്റം ഏതുവരെ എത്തിക്കൂടാ. എന്തിനേറെ, ഏറ്റവും ലളിതമായ ഒരു ഉദാഹരണം- അതായത് വീട്ടുവളപ്പിലെ കൂറ്റന്‍ മാവിലെ മാമ്പഴം, പ്ലാവിലെ ചക്ക മുതല്‍ ഫലങ്ങളേതും നാം ഞൊടിയിടയില്‍ നാമിരിക്കുന്നേടത്തെത്തിക്കുന്നു. നമ്മുടെ മനസ്സിലെ നിര്‍ണ്ണയവും വഴികളും മാത്രം മതി അതു സാധിപ്പിക്കാന്‍. എന്നാല്‍ ചക്കയും മാങ്ങയും പഴുത്തു കണ്ടാല്‍ ഹഠാതാകൃഷ്ടരാവുന്ന അണ്ണാനും കിളികള്‍ക്കുമെല്ലാം ആ ഫലങ്ങള്‍ പ്രാപ്യമാവണമെങ്കില്‍ സ്വന്തം ഉടലോടെ ആ ഫലങ്ങളുടെ സവിധത്തില്‍ ചെന്നെത്തുകയേ നിര്‍വാഹമുള്ളൂ. കടലില്‍ സുലഭമായ മത്സ്യസമ്പത്ത് മനുഷ്യന്‍ കൈക്കലാക്കികൊണ്ടു പോകുന്നതിനിടയില്‍ തട്ടിപ്പറിച്ചു കിട്ടിയെങ്കില്‍ മാത്രമേ കാക്കക്കും പൂച്ചക്കുമെല്ലാം ഭക്ഷണമാവുന്നുള്ളൂ. അതിനേക്കാളെല്ലാം അത്ഭുതകരമായി, നാമില്ലാതെതന്നെ നമ്മുടെ സാന്നിധ്യം ലോകത്തിന്റെ ഏതു കോണിലുമെത്തിക്കാനും കൃത്യനിര്‍വഹണത്തിനുമുള്ള കഴിവും മനുഷ്യന്‍ ആര്‍ജ്ജിച്ചില്ലേ? ആത്മവിശ്വാസത്തിലടിയുറച്ചവിധം തലച്ചോര്‍ സൂക്ഷ്മമായി ഉപയോഗിക്കുന്ന രീതി മനുഷ്യന് മാത്രമുള്ളതിനായതിനാലാണ് അത്യത്ഭുതകരമായി തോന്നുന്ന ഏതു നേട്ടവും കൈവരിക്കാന്‍ മനുഷ്യന് കഴിയുന്നത്. അതേസമയം ഇതിനെല്ലാം ഒരു മറുവശുവുമുണ്ട്.

‘മനുഷ്യന്‍ നന്നാവാന്‍ തീരുമാനിച്ചാല്‍ അതിന് ദൈവദൂതന്മാരെ (മലക്കുകള്‍) ക്കാള്‍ നന്നാവാനും അധഃപതിക്കുകയാണെങ്കില്‍ പിശാചിനേക്കാള്‍ തരംതാഴാനും കഴിയുമെന്ന്’ പ്രവാചകപാഠമുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്ന, അരുതാത്തത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു ജീവിയേ പ്രപഞ്ചത്തിലുള്ളൂ, അത് മനുഷ്യനാണ്. സത്യം കണ്ടാലും കേട്ടാലും അറിഞ്ഞാലും അനുഭവിച്ചാലും മുഖംതിരിച്ചുകളയുന്ന സ്വഭാവം മനുഷ്യനിലേയുള്ളൂ. ശരിയും തെറ്റും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള സര്‍ഗശേഷിയും ദൂതന്മാര്‍ മുഖേനയുള്ള മാര്‍ഗദര്‍ശനങ്ങളുമെല്ലാം മനുഷ്യന് വേണ്ടുവോളം നല്‍കപ്പെട്ടിട്ടുണ്ട്. അവ തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കാനുള്ള സൂക്ഷ്മമായ ഉപാധികളായ കണ്ണും കാതും ഹൃദയവും തലച്ചോറുമെല്ലാം സവിശേഷ കഴിവുകളോടെ നല്‍കപ്പെട്ടിട്ടുമുണ്ട്. ഒരു ആട്ടിന്‍കൂട്ടം വഴിതെറ്റി യാത്ര ചെയ്താല്‍ അവയെ നമുക്ക് കുറ്റപ്പെടുത്താനാവുമോ? അങ്ങിനെയാണോ മനുഷ്യക്കൂട്ടം? നേര്‍വഴി തിരിച്ചറിയാനുള്ള എല്ലാ ഉപാധികളും അവനിലും ചുറ്റിലുമായി നല്‍കപ്പെട്ടിട്ടില്ലേ? മനസ്സും തലച്ചോറും മനുഷ്യന് അലങ്കാരമായി നല്‍കപ്പെട്ടിട്ടുള്ളതല്ല. മറിച്ച് അവ വേണ്ടവിധം ഉപയോഗപ്പെടുത്തി സുരക്ഷിതനാവുകയാണ് വേണ്ടത്. എന്നാല്‍ തിരക്കുകളിലൊന്നിലും കാണാത്ത പ്രത്യേകമായ ഒരു സ്വഭാവം മനുഷ്യനില്‍ മാത്രമായി കണ്ടുവരുന്നുണ്ട്; അതാണ് അഹങ്കാരമെന്നുള്ളത്. അത് ഒടുവിലായി ചെന്നെത്തുക സത്യനിഷേധത്തിലും കുറ്റകൃത്യങ്ങളിലുമായിരിക്കും.

അതുകൊണ്ട് വിനയാന്വിതരായി ബുദ്ധിയും മനസ്സും വേണ്ടവിധം ഉപയോഗപ്പെടുത്തി, അഹങ്കാരത്തിനടിമപ്പെടാതെ ജീവിക്കുക എന്ന സുരക്ഷിതമാര്‍ഗമാണ് ഏതൊരു സത്യാന്വേഷിയും തെരഞ്ഞെടുക്കേണ്ടത്. ഒരു വാളെന്ന പോലെ ഉപയോഗിക്കുന്തോറുമാണ് മനുഷ്യന്റെ ബുദ്ധിയും മനസ്സും തിളക്കവും മൂര്‍ച്ചയുള്ളതുമായിത്തീരുക. ഉപയോഗിച്ച് മിനുസപ്പെട്ട് മൂര്‍ച്ചയോടെ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ഇവ രണ്ടിന്റെയും ഉദ്ദിഷ്ടഫലം ലഭ്യമാവൂ- തലച്ചോറിലെ കൊടുങ്കാറ്റിനനുസൃതമായിരിക്കും വിഷയങ്ങളുടെ ഫലസിദ്ധി. ഉറച്ച തീരുമാനങ്ങള്‍ വരേണ്ടത് മനസ്സില്‍ നിന്നാണ്, അതും മൂര്‍ച്ചയേറിയ തീരുമാനങ്ങള്‍. അഴകൊഴമ്പന്‍ മനസ്സുകള്‍ക്ക് കൃത്യമായ ഫലസിദ്ധിയുണ്ടാക്കുക അസാധ്യമായിരിക്കും.

Test User: