X

ഉത്തരപേപ്പറിനുള്ളില്‍ 500ന്റെ അടക്കം നോട്ടുകള്‍; പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കോഴ, ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ് വൈറല്‍

പരീക്ഷയില്‍ ജയിക്കാന്‍ പല വഴികളും പരീക്ഷിക്കുന്ന വിദ്യാര്‍ഥികളുണ്ട്. ചിലര്‍ കോപ്പിയടിക്കുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ സഹപാഠികളുടെ സഹായം ചോദിക്കും. ചിലരാകട്ടെ, ഉത്തരപ്പേപ്പറില്‍ എങ്ങനെയെങ്കിലും എന്നെ ജയിപ്പിക്കണം എന്ന അഭ്യര്‍ത്ഥനകള്‍ നിരത്തും. എന്നാല്‍ പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കോഴയായി ഉത്തരക്കടലാസില്‍ പണം ഒളിപ്പിച്ചു വെച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്രയാണ് സമൂഹമാധ്യമമായ എക്‌സില്‍ ഇക്കാര്യം ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്.

500, 200, 100 എന്നിവയുടെ ഒന്നിലധികം നോട്ടുകളാണ് ഉത്തരപ്പേപ്പറുകള്‍ക്കകത്ത് ഉണ്ടായിരുന്നത്. ‘ഒരു അധ്യാപകന്‍ അയച്ച ചിത്രമാണിത്. ഒരു ബോര്‍ഡ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ക്കുള്ളിലാണ് പാസ് ആകാനുള്ള മാര്‍ക്ക് നല്‍കണമെന്ന അഭ്യര്‍ത്ഥനക്കൊപ്പം വിദ്യാര്‍ത്ഥികള്‍ നോട്ടുകള്‍ ഒളിപ്പിച്ചു വെച്ചത്. നമ്മുടെ വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ ഈ സംഭവം വ്യക്തമാക്കുന്നുണ്ട്’, അരുണ്‍ ബോത്ര എക്‌സില്‍ കുറിച്ചു. ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെ സംഭവിച്ചത് എന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

നിരവധി പേരാണ് അരുണ്‍ ബോത്രയുടെ പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തുന്നത്. ‘ഇത് പതിറ്റാണ്ടുകളായി നടക്കുന്ന കാര്യമാണ്. ചില വിദ്യാര്‍ഥികള്‍ ഉത്തരപ്പേപ്പറുകള്‍ക്കുള്ളില്‍ പണം തിരുകി വെയ്ക്കാറുണ്ട്. പാസായാല്‍ ധാരാളം പണം നല്‍കാമെന്നു പറഞ്ഞ് ചിലര്‍ ഫോണ്‍ നമ്പറുകളും ഉത്തരപ്പേപ്പറുകളില്‍ ചേര്‍ക്കാറുണ്ട്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഇത് രാജ്യത്തിന്റെ മുഴുവന്‍ സംസ്‌കാരത്തെയും ജനാധിപത്യ സംവിധാനങ്ങളെയും കുറിച്ച് പലതും വിളിച്ചു പറയുന്നുണ്ട്’, എന്ന് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: