X

മലപ്പുറം ജില്ലയിലെ വാക്‌സിന്‍ വിതരണം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മലപ്പുറം ജില്ലയിലെ വാക്‌സിന്‍ വിതരണത്തിലെ നടപടികളെ കുറിച്ചു സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കെ.പി.എ മജീദ് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. മലപ്പുറം ജില്ലയില്‍ രജിസ്‌ട്രേഷനു ജനങ്ങള്‍ എത്താത്തുതുമൂലമാണ് വാക്‌സിന്‍ വിതരണം ശരിയായി നടക്കാതെ വന്നതെന്നു അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വാദം യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നു കെ.പി.എ മജീദ് കോടതിയില്‍ ബോധിപ്പിച്ചു. ജില്ലയിലെ മതപണ്ഡിതന്‍മാര്‍ റമസാന്‍ മാസത്തില്‍ പോലും വാക്‌സിനെടുക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. വാക്‌സിനില്ലാത്തതാണ് കാരണമെന്നും സര്‍ക്കാര്‍ വാദം ശരിയല്ലെന്നും ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.

കോവിഡ് രോഗികള്‍ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്‍കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. അത്യാഹിത സാഹചര്യത്തില്‍ കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്‍കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്‍ഡില്‍ വെന്റിലേറ്റര്‍ സൗകര്യം പൂജ്യമെന്നാണ് കാണിക്കുന്നതെന്നു കെ.പി.എ മജീദിന്റെ അഭിഭാഷകന്‍ ജേക്കബ് സെബാസ്റ്റിയന്‍ കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് അത്യാവശ്യത്തിനു കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചത്.

ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിന്‍ വിതരണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങളില്‍ വിശദമായ പത്രിക സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണകുറുപ്പ് ഹാജരായി. ജൂണ്‍ എട്ടിനു കേസ് പരിഗണിക്കുമ്പോള്‍ വിശദമായ പത്രിക സമര്‍പ്പിക്കണമെന്നു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

Test User: