X

കോവിഡില്‍ നട്ടെല്ലൊടിഞ്ഞ് പ്രവാസികള്‍: ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങി എത്തിയത് 15 ലക്ഷം പ്രവാസികള്‍

ന്യൂഡല്‍ഹി: കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസി സമൂഹം കോവിഡിനെ തുടര്‍ന്ന് നട്ടെല്ല് തകര്‍ന്ന അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് 15 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തിയതായി കണക്കുകള്‍ പറയുന്നു.

മടങ്ങി എത്തിയവരില്‍ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. 10.45 ലക്ഷത്തോളം പേരാണ് പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി എത്തിയവര്‍. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്.

ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം (എ.എ.ഐ) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മെയ് 2020 മുതലുള്ള 12 മാസക്കാലം പുറത്തേക്ക് പോയിട്ടുള്ളത് 27 ലക്ഷം ആളുകളാണ്. നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം 14,6 3,176 ആളുകളാണ് ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതില്‍ 10,45,288 ആളുകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളമാണിത്. 2.90 ലക്ഷം പേര്‍ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ മടക്കയാത്ര നടത്താനാവാത്തവരാണ്. കുട്ടികളും മുതിര്‍ന്നവരും ഗര്‍ഭിണികളും ഇതിലുള്‍പ്പെടും. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹമയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്നത്. കേരളത്തില്‍ നിന്നുള്ള 20 ലക്ഷത്തോളം പേര്‍ ഈ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരാണ്. അതുകൊണ്ടു തന്നെ മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണത്തിലെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍ വരുംനാളുകളില്‍ സംസ്ഥാന സാമ്പത്തിക രംഗങ്ങളില്‍ വലിയ അലയൊലി സൃഷ്ടിച്ചേക്കും. യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനവും. ഇതില്‍ യു.എ.ഇയില്‍ നിന്നുമാത്രമെത്തിയത് 8.67 ലക്ഷമാളുകളാണ്.

മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയത് 55,960 പേര്‍ മാത്രമാണ്. സാധാരണക്കാരായ ആളുകള്‍ കൂടുതലായി ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍പ്പേര്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായും വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ എന്നുള്ളതിനാല്‍ നാട്ടിലെത്തിയ ശേഷമുള്ള ഇവരുടെ ജീവിതവും വലിയ ചോദ്യങ്ങളാണുയര്‍ത്തുന്നത്.

നാട്ടില്‍ തൊഴിലെടുക്കാനോ, സംരംഭങ്ങള്‍ ആരംഭിക്കാനോ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിത്. മടക്കയാത്ര്ക്ക് വിമാന സര്‍വീസുകള്‍ അനിശ്ചിതമായി നീളുന്നതും പലര്‍ക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. നാട്ടിലേക്ക് മടങ്ങിയവരില്‍ എത്രപേര്‍ തിരിച്ചുപോയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് നോര്‍ക്ക റിക്രൂട്ട്മെന്റ് മാനേജര്‍ അജിത് കൊളശേരി പറയുന്നു. കോവിഡ് വ്യാപനത്തിന് തുടക്കമായ സമയങ്ങളില്‍ നാട്ടിലേക്ക് വന്നവര്‍ പിന്നീട് മടങ്ങിയിട്ടുണ്ടാവാം.
ഇതായിരിക്കാം ഇക്കാലയളവില്‍ കേരളത്തില്‍ നിന്നും പുറത്തേക്ക് പറന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാരണം. എ.എ.ഐ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് പുറത്തേക്ക് പറന്ന 27 ലക്ഷം പേരില്‍ ട്രാന്‍സിറ്റ് യാത്രികരും ഉള്‍പ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേരില്‍ 1.70 ലക്ഷം ആളുകള്‍ മാത്രമാണ് നിലവില്‍ സര്‍ക്കാറിന്റെ അടിയന്തര സഹായധനമായ 5000 രൂപക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. 1.30 ലക്ഷം ആളുകള്‍ക്ക് സഹായധനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

 

Test User: