കുഴല്‍പ്പണക്കക്കേസല്‍ നട്ടം തിരിയുന്ന സംസ്ഥാന ബി.ജെ.പി കൂടുതല്‍ കൂരക്കിേലേക്ക്. കൊടകര കുഴല്‍പ്പണക്കേസില്‍ പത്തനംതിട്ട കോന്നിയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. െക.സുരേന്ദ്രനെ ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പണമാണെന്നാണ് പറഞ്ഞിരുന്നത്. തെക്കന്‍കേരളത്തിലേക്കുള്ളതാണ് പണമെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയിലുമെത്തിയത്.
സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. എത്രനാള്‍ ഉപയോഗിച്ചു. എത്ര മുറികള്‍ എടുത്തിരുന്നു, പണം നല്‍കിയത് തുടങ്ങിയവയും രജിസ്റ്ററിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇതിനിടെ വിവാദമായ ഹെലികോപ്ടര്‍ യാത്രയിലും പൊലീസ് അന്വേഷണം തുടങ്ങി. മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ടിടങ്ങളിലായുള്ള സുരേന്ദ്രന്റെ മല്‍സരവും ഹെലികോപ്ടര്‍ യാത്രയും പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കുഴല്‍പ്പണ ഇടപാട് വിവരം പുറത്ത് വന്നതോടെ സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രക്കെതിരെയും ആരോപണവും പരാതിയും ഉയര്‍ന്നത്. റോഡിലെ പരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹെലികോപ്ടര്‍ യാത്രയെന്നും ഇതിന്റെ മറവില്‍ കള്ളപ്പണം കടത്തിയതായി സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാനാധ്യക്ഷന്‍ ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. സുരേന്ദ്രനെതിരെയുള്ള ആക്ഷേപം ശക്തമാവുകയും സി.കെ.ജാനുവിന് 40 ലക്ഷം കൈമാറിയെന്ന ആരോപണവും ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജിയും രംഗത്തെത്തി. ഹെലികോപ്ടറില്‍ നിന്നും പെട്ടികള്‍ കൊണ്ടു പോവുന്നതിന്റെയുള്‍പ്പെടെ ദൃശ്യങ്ങളും പുറത്തു വന്നു. അന്ന് പൊലീസ് വേണ്ടവിധത്തില്‍ അന്വേഷിക്കാതിരുന്നതാണ് കാരണമെന്ന് സോജി ആരോപിക്കുന്നു.
ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയിലും പരിശോധനക്ക് അന്വേഷണ സംഘം കടക്കുന്നത്. ബി.ജെ.പി എ പ്ലസ് മണ്ഡലമായി നിശ്ചയിച്ചതാണ് കോന്നി. കേസില്‍ പണം നഷ്ടപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജിന്റെ സഹോദരന്‍ ധനരാജിനെയും ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനെയും അന്വേഷകസംഘം വെള്ളിയാഴ്ച ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്. കുഴല്‍പ്പണക്കടത്തില്‍ ധര്‍മ്മരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. കവര്‍ച്ചാ സംഭവത്തെ കുറിച്ചുള്‍പ്പെടെ വിവരശേഖരണം നടത്തി. ധര്‍മ്മരാജിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെ ചോദ്യം ചെയ്തത്. ഇതിനിടെ കവര്‍ച്ചസംഘത്തിന് വാഹനത്തില്‍ പണം ഉണ്ടെന്നവിവരം ചോര്‍ത്തി നല്‍കിയ റഷീദിനെ ജയിലിലെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അറസ്റ്റിലായ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ്, ബഷീര്‍, സലാം എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ചോദ്യം ചെയ്യാനുള്ളത്.