X

പാഠ്യപദ്ധതി പരിഷ്‌കരണവും കേന്ദ്രത്തിന്റെ നിഗൂഢതയും

ഡോ. അബേഷ് രഘുവരന്‍

അങ്ങേയറ്റം നിസ്വാര്‍ഥമായും ഉള്‍ക്കാഴ്ചയോടെയും ഒറ്റക്കെട്ടായും രൂപംകൊടുക്കേണ്ട വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണം കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢമായ ഇടപെടല്‍മൂലം പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നിഗൂഢത ആരോപിക്കപ്പെടുന്നത് എന്തെങ്കിലും കൃത്യമായ പ്രവൃത്തികൊണ്ടല്ല. പകരം, ഇതുവരെയില്ലാത്ത ചില കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. ഭാഷയില്‍ അധിഷ്ഠിതമായും സംസ്ഥാനങ്ങളുടെ സാമ്പത്തിക സാമൂഹ്യ വ്യവസായ രംഗങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടുമാണ് ഓരോ സംസ്ഥാനത്തെ പഠനപദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഏകീകൃതമായ പാഠ്യപദ്ധതിയ്ക്ക് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് വലിയ പരിമിതികള്‍ ഉണ്ട്. അത് കണക്കാക്കാതെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടി വലിയ ന്യൂനതകള്‍ പേറുകയും ചെയ്യുന്നുണ്ട്.

രണ്ടായിരത്തിഇരുപതിലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ നടപടികള്‍ ഒരുവശത്തു കൊണ്ടുപിടിച്ചുനടക്കുമ്പോള്‍, മറുവശത്ത് ബംഗാളും കേരളവും പോലെയുള്ള ചില സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുകയാണ്. രാജ്യത്തിന്റെ ഭാവിതന്നെ നിശ്ചയിക്കപ്പെടുന്ന നിര്‍ണ്ണായക അവസരത്തില്‍ സംശയാത്മകമായ താല്‍പര്യങ്ങളുടെ പിന്‍ബലത്തില്‍ വിദ്യാഭ്യാസനയം പൊളിച്ചെഴുതപ്പെടുമ്പോള്‍ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ആശങ്കകള്‍ ഉയരുന്നത് സ്വാഭാവികമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ് വിദ്യാഭ്യാസം എന്നതിനാല്‍ മാത്രമാണ് സംസ്ഥാനങ്ങളുമായി കൂടിയാലോചന പേരിനെങ്കിലും നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത് എന്നതിനാലും അതല്ലെങ്കില്‍ ഏകപക്ഷീയമായും നിശബ്ദമായും അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ അത് സംഭവിക്കുമായിരുന്നുവെന്നും നിസ്സംശയം പറയാന്‍ കഴിയും.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, അധ്യാപനവിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് സംസ്ഥാനങ്ങള്‍ ‘കാഴ്ചപ്പാടുകള്‍’ സമര്‍പ്പിക്കേണ്ടത്. അതില്‍ പ്രധാനമായും ഫിലോസഫി, വിജ്ഞാനസമ്പത്ത്, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മാനവികവിഷയങ്ങള്‍, ശാസ്ത്രം, ഗണിതം, വൊക്കേഷണല്‍ വിദ്യാഭ്യാസം എന്നിവയും ഉള്‍പ്പെടുന്നു. 2005 ല്‍ തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതി. 2007 ല്‍ ആണ് ആദ്യം തയ്യാറാക്കിയത്. 2013 ല്‍ അത് പരിഷ്‌കരിക്കപ്പെട്ടെങ്കിലും അടിസ്ഥാനചട്ടക്കൂടില്‍നിന്ന് മാറിയിരുന്നില്ല. രണ്ടുതവണയും സംസ്ഥാനത്തിന്റെ എല്ലാ താല്‍പര്യങ്ങളും പരിഗണിച്ചുകൊണ്ടും സംസ്ഥാനത്തിന് ഇണങ്ങുന്ന രീതിയിലുമാണ് തയ്യാറാക്കിയത്. എന്നാല്‍ അതിനുശേഷമുള്ള പരിഷ്‌കരണം കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടുമുണ്ട്. ആ അവസരത്തിലാണ് ഇപ്പോള്‍ അതിന്മേല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണമായി കേന്ദ്രം പൊതുവായി നല്‍കുന്ന ഒരു ചട്ടക്കൂടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാദേശികവും സംസ്ഥാനത്തിന്റെ പൊതുവെയുള്ള താല്‍പര്യങ്ങളും ശാസ്ത്രസാങ്കേതിക വിഷയങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമൊക്കെയാണ് വിദ്യാഭ്യാസ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ കാര്യമായ ഇടപെടല്‍ നടത്തിക്കൊണ്ട് എന്‍. സി.ഇ.ആര്‍.ടി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചു നിര്‍ദ്ദേശങ്ങള്‍മാത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അതായത്, വെറുമൊരു ചട്ടക്കൂട് നല്‍കുന്നതിനുപകരം പാഠ്യപദ്ധതി മുഴുവന്‍ രൂപകല്‍പ്പന ചെയ്യാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും നാമമാത്രമായ നിര്‍ദ്ദേശങ്ങള്‍മാത്രം പരിഗണിച്ചുകൊണ്ട് കൃത്യമായ അജണ്ട നിശ്ചയിക്കാന്‍ അതിലൂടെ കേന്ദ്രത്തിന് കഴിയും. അങ്ങനെയെങ്കില്‍ അത് അതീവ ഗൗരവത്തോടെയും ജാഗ്രതയോടെയും കാണേണ്ട വിഷയമാണ്. വിദ്യാര്‍ഥി സമൂഹത്തിന്റെയാകെ ചിന്താഗതികളെ നിയന്ത്രിക്കാനും നിര്‍ണയിക്കാനും ഉതകുന്ന തരത്തില്‍ പാഠ്യപദ്ധതിയ്ക്ക് സ്വാധീനമുള്ള അവസ്ഥയില്‍ അത്തരത്തിലുള്ള ഓരോ നീക്കത്തെയും പൊതുസമൂഹം കൃത്യമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

2020ല്‍ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചപ്പോള്‍തന്നെ അത് താഴേത്തട്ടുകളുമായി കൂടിയാലോചിച്ചുകൊണ്ട് ആഴത്തില്‍ പഠനം നടത്തിയതിനുശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നതാണ്. എന്നാല്‍, കേരളം ഉള്‍പ്പെടുന്ന ചില സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിക്കുകയും അവയൊന്നും പരിഗണിക്കാതെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനും അന്തിമരൂപം നല്‍കാനുമാണ് കേന്ദ്രം ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന എന്‍.സി. ഇ.ആര്‍.ടിയുടെ മീറ്റിങ്ങില്‍ കേരളം എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍, ബംഗാള്‍ മീറ്റിങ്ങില്‍ നിന്നുതന്നെ വിട്ടുനിന്നു. മറ്റു സംസ്ഥാനങ്ങളാവട്ടെ മൗനം പാലിച്ചതും വരാനിരിക്കുന്ന ഏകപക്ഷീയമായ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ സൂചനയാണ് നല്‍കുന്നത്. നയത്തിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസംകൂടി ഔദ്യോഗികമായി മാറുകയും ഇപ്പോളത്തെ 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസം 15 വര്‍ഷം ആക്കുകയും ചെയ്യുകവഴി കുട്ടിയുടെ മാനസികവികാസം സംഭവിക്കുന്ന കാലഘട്ടത്തെയാകെ വിദ്യാഭ്യാസ നയത്തിലൂടെ സ്വാധീനിക്കാന്‍ കേന്ദ്രത്തിന്റെ നയങ്ങള്‍ക്ക് കഴിയും.

അമേരിക്കയില്‍ ഉള്‍പ്പെടെ വിജയകരമായി നടപ്പാക്കിയ സ്‌റ്റെം (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസം കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. പുതിയ കാലത്തെയും തൊഴില്‍ സാധ്യതകളെയുമൊക്കെ അത് അഭിസംബോധന ചെയ്യുന്നുണ്ട്. എന്നാല്‍, അതിന്റെ മറവില്‍ ചരിത്ര വിദ്യാഭ്യാസത്തിലെ കൈകടത്തലുകളാണ് യാഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ മേല്‍പ്പറഞ്ഞ നൂതന രീതികള്‍ ഫലവത്താവില്ല. കൃത്യമായി പരിശോധിച്ചാല്‍ ശാസ്ത്രപഠനത്തെ അത്രകണ്ട് ആത്മാര്‍ത്ഥമായി പ്രോത്സാഹിപ്പിക്കുന്ന രീതിയല്ല കേന്ദ്രം പിന്തുടരുന്നത് എന്ന് കാണാന്‍ കഴിയും. ശാസ്ത്രത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തിനുപിന്നില്‍ ചരിത്രത്തിന്റെ കപട നിര്‍മ്മിതികൊണ്ട് മറ്റുചില കാര്യങ്ങളാണ് ഉന്നംവെക്കുന്നതെങ്കില്‍ അത് രാജ്യത്തിന്റെ വികസനത്തെയാകെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇനിയും വെളിപ്പിട്ടിട്ടില്ല എന്ന അവസ്ഥയിലും പാഠ്യപദ്ധതിയുടെ വിഷയമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യവുമാണ്.
പ്രാദേശികമായി ശാസ്ത്രസാങ്കേതിക പഠനത്തിന്റെ സാധ്യതകള്‍ പരിഗണിച്ചുകൊണ്ടും കാലത്തിനിണങ്ങുന്ന മാനവിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും പാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതാണ് അഭികാമ്യം. അതിനുപകരം, സംസ്ഥാനത്തിന്റെ ചില എണ്ണപ്പെട്ട നിര്‍ദ്ദേശങ്ങള്‍മാത്രം പേരിന് പരിഗണിച്ചുകൊണ്ട് പാഠ്യപദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുന്നത്‌കൊണ്ട് രണ്ടു പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്ന്, പ്രാദേശികമായ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടും. മറ്റൊന്ന്, ആഴത്തിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പാഠ്യരംഗത്ത് ഇടപെടലുകള്‍ നടത്തുന്നത് വിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കും.

വിലപ്പെട്ട രണ്ടുവര്‍ഷങ്ങളോളം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ മാത്രം വിഹരിച്ചതിനുപിന്നാലെ, അത്തരത്തിലുള്ള മാറ്റങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കണം. ഓണ്‍ലൈന്‍ വിദ്യാഭാസത്തിന്റെ ഗുണഗണങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഗുണകരമായി ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. അതേസമയം, ഓഫ്‌ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ലവശങ്ങളെക്കൂടി അടയാളപ്പെടുത്തുകയും വേണം. എന്നാല്‍, അത്തരത്തിലുള്ള ക്രിയാത്മകമായ മാറ്റങ്ങള്‍ പരിഗണിക്കാതെ കാലഹരണപ്പെട്ട രീതികള്‍ പിന്‍തുടരാനുള്ള ശ്രമങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രസാങ്കേതിക മേഖലയെ കൂടുതല്‍ ആശ്രയിച്ചുകൊണ്ടും കൂട്ടായ ചര്‍ച്ചകളിലൂടെയും മികച്ച പാഠ്യപദ്ധതി തയ്യാറാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം, കേവലം സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം ആരാഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പാഠ്യപദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുകയും സംസ്ഥാനങ്ങളെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന രീതി അഭികാമ്യമല്ല. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന് അനഭിമായതൊന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാവാന്‍ പാടില്ല എന്നതിനൊപ്പം തങ്ങളുടെ താല്‍പര്യങ്ങള്‍ എത്രവേണമെങ്കിലും ആരുടേയും എതിര്‍പ്പുകളില്ലാതെ ചേര്‍ക്കുകയും ചെയ്യാമെന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

പക്ഷേ, അത്തരത്തിലൊരു നീക്കം കൊണ്ട് വിദ്യാഭ്യാസരംഗത്തിന്റെ തളര്‍ച്ചയല്ലാതെ വളര്‍ച്ച ഒരു ഘട്ടത്തിലും ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് മാത്രമല്ല, സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ കൃത്യമായ പരിഗണിക്കാതെ ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്താല്‍ അത് കുട്ടികളിലേക്ക് എത്തിക്കാന്‍ പോകുന്ന അധ്യാപകരിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. പാഠ്യപദ്ധതിയുടെ രൂപകല്‍പ്പനയില്‍ തിടുക്കം കൂട്ടാതെ, എല്ലാ സംസ്ഥാനങ്ങളുടെയും പല സംസ്ഥാനങ്ങളിലുള്ള വിദ്യാഭ്യാസവിചക്ഷണന്മാരുടെയുംകൂടി അഭിപ്രായം സ്വരൂപിച്ചുകൊണ്ടായിരിക്കണം അന്തിമരൂപം നല്‍കേണ്ടത്. അത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള പാഠ്യപദ്ധതി രൂപീകരണം നടന്നാല്‍ മാത്രമേ രാജ്യത്തിന് ഇനിയും ഈ കോവിഡ് തകര്‍ത്ത അവസ്ഥയില്‍ നിന്ന് കരകയറാന്‍ കഴിയൂ. മറിച്ചു സ്ഥാപിതതാല്‍പര്യങ്ങള്‍ക്കാണ് പാഠ്യപദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നതെങ്കില്‍ കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക ഉടനെയൊന്നും അവസാനിക്കില്ല എന്നകാര്യത്തില്‍ സംശയം വേണ്ട.

Test User: