X

സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതി ക്യാമ്പയിന് പ്രതിദിന ചെലവ് 1.20 ലക്ഷം

സാമ്പത്തിക ഞെരുക്കത്തിനിടെ കോടികള്‍ കടമെടുക്കുമുമ്പോഴും, സര്‍ക്കാരിന്റെ അനാവശ്യ ചെലവിന് കുറവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ നുറ് ദിന പദ്ധതികളുടെ പ്രചാരണത്തിന് മാത്രമായി ഒരു ദിവസം ചെലവഴിക്കുന്നത് 1.20 ലക്ഷം രൂപ. സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനെന്ന പേരില്‍ ആകെ 1.20 കോടി രൂപ വിനിയോഗിക്കാനാണ് കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സോഷ്യല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തിനും, പ്രചാരണത്തിനും, ഹ്രസ്വചിത്രങ്ങളുടെ നിര്‍മാണത്തിനും ഈ തുക വിനിയോഗിക്കാമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ വര്‍ധിക്കുകയും, ആഴ്ചകളായി നീളുന്ന ലോക്ക്ഡൗണ്‍ കാരണം ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലും നില്‍ക്കുമ്പോഴാണ് പദ്ധതികളുടെ പ്രചാരണത്തിനെന്ന പേരില്‍ സ്വകാര്യ ഏജന്‍സികള്‍ക്കും മറ്റുമായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വെബ്‌സൈറ്റ് നടത്തിപ്പിനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പരിപാലനത്തിനും വേണ്ടി കോടികള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെയാണ് നൂറ് ദിന പരിപാടിയുടെ പ്രചാരണത്തിനായി 1.20 കോടി രൂപ ധൂര്‍ത്തടിക്കുന്നത്. കഴിഞ്ഞ മാസം 14നാണ് ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇത്രയും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചത്.

മെയ് 19ന് ഇത് പരിശോധിച്ച വകുപ്പ് തല വര്‍ക്കിങ് ഗ്രൂപ്പ് യോഗം അതേപടി ഭരണാനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് പി.ആര്‍ ക്യാമ്പയിന് വേണ്ടി 450 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ നൂറ് ദിന പരിപാടിക്കായി 1.20 കോടി ചെലവഴിക്കുന്നത്. മുമ്പ് നടത്തിയ പി.ആര്‍ ക്യാമ്പയിനുകളുടെ കുടിശിക ഇനത്തില്‍ 75.76 ലക്ഷം രൂപ അനുവദിച്ചും ഉത്തരവുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ എംപാനല്‍ഡ് ചെയ്ത വിവിധ സ്വകാര്യ ഏജന്‍സികള്‍ക്കാണ് ഈ തുക നല്‍കുന്നത്.

Test User: