X

ചൈനീസ് കമ്യൂണിസവും യെച്ചൂരിയും

 മിസ്ബഹ് കീഴരിയൂര്‍

1921 ജൂലൈ 23ന് ഷാങ്ഹായില്‍ ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടി രൂപംകൊണ്ടതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എഴുതിയ ലേഖനം ഒരു മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിലുടനീളം ചൈന നേടിയെടുത്ത നേട്ടങ്ങളും പരിഷ്‌കാരങ്ങളും കാലാനുസൃതമായ അനുയോജ്യമായ തിരുത്തലുകളുമൊക്കെ പരാമര്‍ശിക്കുന്നുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ശക്തമായി അപലപിച്ച ഉയിഗൂര്‍ ജനതക്കെതിരെ ചൈനീസ് ഭരണകൂടം നടപ്പിലാക്കുന്ന വംശഹത്യ നീതിനിഷേധങ്ങള്‍ തിരുത്താനുള്ളതാണോയെന്ന് ലേഖനത്തില്‍ ഒരിടത്തും കണ്ടില്ല. ഇ.എം.എസുമൊന്നിച്ച് ചൈനയില്‍പോയ അനുഭവ കഥകള്‍ ആവേശത്തോടെ പങ്കുവെക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വളര്‍ച്ചയിലും തളര്‍ച്ചയിലും പരസ്പരം കമ്യൂണിസ്റ്റ് സാഹോദര്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വിലയിരുത്തലും ഇരു രാഷ്ട്രങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയപരമായ പരസ്പര ബാന്ധവങ്ങള്‍കൂടിയാണ് ഓര്‍മ്മിപ്പിക്കുന്നത്. ആധിപത്യം ലഭിച്ചാല്‍ ഞങ്ങള്‍ നടപ്പിലാക്കുക കമ്യൂണിസ്റ്റ് ചൈനയുടെ അച്ചില്‍ വാര്‍ത്തെടുത്ത ഭരണ രീതിയാണെന്ന സൂചനയാണിത്.

ഭരണം നേടിയെടുക്കാന്‍ മത വിശ്വാസികളെ പ്രീണിപ്പിച്ചും അധികാരങ്ങളിലെത്തിയാല്‍ വിശ്വാസ ദര്‍ശനങ്ങള്‍ നിഷ്‌കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്യൂണിസത്തിന്റെ സഞ്ചാരവഴികള്‍ ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. തങ്ങള്‍ നിരീശ്വരവാദികളാണെന്ന് പറയാതെ മത വിശ്വാസികളെയുള്‍പ്പെടെ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തി സംഘടിക്കുകയും പിന്നീട് ആധിപത്യം ലഭിച്ചപ്പോള്‍ മത പീഡന നയങ്ങള്‍ സ്വീകരിക്കുകയും ചെയ്ത ലെനിന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് ആ ചാര്യന്മാരുടെ നയ സമീപനങ്ങള്‍ കമ്യൂണിസത്തിന്റെ ജനിതക വൈകല്യമാണെന്ന് വിശ്വാസങ്ങള്‍ മുറുകെപിടിക്കുന്ന ജനസമൂഹം തിരിച്ചറിയുന്നത് നല്ലതായിരിക്കും. തുടക്ക കാലത്ത് റഷ്യയില്‍ കലാലയങ്ങളില്‍ മത പഠനം നിര്‍ത്തലാക്കുകയും പിന്നീട് രഹസ്യമായ പഠനങ്ങള്‍പോലും നിഷേധിക്കുകയും ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ നടത്തുന്ന മുഴുവന്‍ പരിപാടികളും മതപരമായി വിലയിരുത്തി അടിച്ചമര്‍ത്തുകയും ചെയ്തതായി ചരിത്രത്തില്‍ കാണാം. കേവലം ഏതെങ്കിലും പ്രത്യേക വിശ്വാസികള്‍ക്ക് മാത്രമായിരുന്നില്ല മുഴുവന്‍ വിശ്വാസ ദര്‍ശനങ്ങള്‍ക്കുമെതിരായിരുന്നു കമ്യൂണിസത്തിന്റെ പടപുറപ്പാട്. 1929 മെയ് 22ന് ഭരണഘടനയുടെ മതപ്രബോധനത്തിനും മത വിരുദ്ധ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം എന്ന ചട്ടം പരിഷ്‌കരിച്ച് മതവിരുദ്ധ പ്രവര്‍ത്തനത്തിന് എന്നാക്കി ചുരുക്കിയത് മതങ്ങളോടുള്ള കമ്യൂണിസ്റ്റ് സമീപന ശൈലിയാണ് പ്രകടിപ്പിക്കുന്നത്.

എന്നുവെച്ചാല്‍ വിശ്വാസികളെ പ്രീണിപ്പിക്കുന്ന ശൈലിയല്ല സമ്പൂര്‍ണ ഭരണം സ്ഥാപിതമായാല്‍ കമ്യൂണിസത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ടതെന്ന് വായിച്ചെടുക്കാന്‍ കഴിയും. ഇതിന്റെ ഭീകരമായ ഉദാഹരണമാണ് ചൈനയിലെ ഷിഞ്ജാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഡനം. മൂന്ന് കോടിയോളം വരുന്ന ഉയിഗൂരുകള്‍ പതിറ്റാണ്ടുകളായി തുല്യത ഇല്ലാത്ത അനീതിക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ ഘട്ടങ്ങളില്‍ തീബറ്റിലെ ബുദ്ദന്‍മാരും ഉയിഗൂര്‍ മുസ്‌ലിംകളും അനുഭവിച്ച ഭരണകൂട ഭീകരത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എങ്ങനെ വിലയിരുത്തുന്നുവെന്ന് വിശദീകരിക്കാന്‍ ശതാബ്ദിയാഘോഷത്തിന്റെ പടക്കംപൊട്ടിക്കുന്നവര്‍ ലേഖനത്തില്‍ ഇടംകണ്ടെത്തേണ്ടിയിരുന്നു. സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുകയും ഫലസ്തീന്‍ വിഷയത്തില്‍ ഫലസ്തീന്‍ പക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ആത്മാര്‍ത്ഥത എന്ത് കൊണ്ടാണ് അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ വംശഹത്യ എന്ന് ആരോപിച്ച ഉയിഗൂര്‍ സംഭവത്തില്‍ സ്വീകരിക്കാതെ പോകുന്നത്.

ഹിറ്റ്‌ലറുടെ ഹോളോകാസ്റ്റിനു സമാനമായ പീഡനങ്ങളാണ് ഉയിഗൂര്‍ ജനത ദീര്‍ഘാകാലമായി അനുഭവിക്കുന്നത്. തടങ്കല്‍ പാളയങ്ങളില്‍ മനുഷ്യര്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുവെന്ന ലോക രാജ്യങ്ങളുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് അവഗണിക്കാന്‍ ചൈന ശ്രമിക്കുമ്പോഴും ഉപഗ്രഹ ചിത്രങ്ങളിലൂടെയും തടവില്‍ പാര്‍ത്തവരുടെ അനുഭവങ്ങള്‍ പുറത്ത്‌വിട്ടും സത്യം ലോകത്തെ അറിയിക്കാന്‍ മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പുലിസ്റ്റര്‍ പുരസ്‌കാരം കരസ്ഥമാക്കിയ മേഘ രാജഗോപാല്‍ എന്ന ഇന്ത്യന്‍ വംശജയായ മാധ്യമ പ്രവര്‍ത്തക അവാര്‍ഡിനര്‍ഹയായത് ചൈനീസ് തടങ്കല്‍ പാളയങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളടക്കം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്കാണ്. പതിനായിരം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഇരുന്നൂറ്റി അറുപതോളം തടങ്കല്‍ കേന്ദ്രങ്ങള്‍ ഈ ചിത്രങ്ങളിലൂടെ പുറത്ത്‌വന്നു. ആയിരത്തിലധികം തടങ്കല്‍ പാളയങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ലക്ഷക്കണക്കിന് ഉയിഗൂറുകള്‍ പീഡനം ഏറ്റുവാങ്ങുകയാണ്. റീ എഡ്യൂക്കേഷന്‍ സെന്ററുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നീ ഓമനപേരിട്ടാണ് ചൈനീസ് ഭരണകൂടം ഈ ആരോപണങ്ങളെ മറികടക്കുന്നത്.

കുടുംബങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റപ്പെടുന്ന തടവില്‍ കഴിയുന്ന പിതാവിന്റെ ഫോട്ടോക്ക് ചുംബനം നല്‍കുന്ന കുട്ടിയും തടങ്കള്‍ പാളയത്തിലുള്ള ഭര്‍ത്താവിന്റെ ഫോട്ടോക്ക് സമീപത്ത് പോസ്‌ചെയ്ത് ഒരേ ഫ്രെയിമില്‍ ഫോട്ടോയിലെങ്കിലും ഒന്നിക്കനാഗ്രഹിക്കുന്ന ഭാര്യമാരുടെ കണ്ണീരും സാമൂഹിക മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ നമ്മുടെ കണ്ണ് നിറയിച്ചിരുന്നു. സ്വന്തം വീടുകളില്‍ ഭരണകൂടം നിയോഗിക്കുന്ന കേഡര്‍മാര്‍ ചൈനീസ് സംസ്‌കാരംപഠിപ്പിക്കാന്‍ താമസിക്കുകയും പുരുഷന്മാര്‍ ഇല്ലാത്ത വീടുകളില്‍ സ്ത്രീകള്‍ ഇവരില്‍ നിന്നും നേരിടുന്ന പീഡനങ്ങള്‍ ഞെട്ടിക്കുന്നതാണ്.ഉയിഗൂര്‍ ജനതയുടെ ജനസംഖ്യ നിയന്ത്രിക്കുകയും ചൈനീസ് വംശജര്‍ക്ക് ഷിന്‍ജിയാങ്ങില്‍ കുടിയേറാന്‍ അവസരം കൊടുത്തും പ്രവിശ്യയുടെ ജനസംഖ്യ സ്വഭാവം അട്ടിമറിക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണ് ഭരണകൂടം.

പിടിച്ചുകൊണ്ടു പോകുന്നവരെ കണ്ണ് മൂടിക്കെട്ടി ട്രെയിനില്‍ കുത്തിനിറയ്ക്കുന്ന ദയനീയ ദൃശ്യം ഈയിടെ പുറത്ത്‌വന്നിരുന്നു. കൊറോണ കാലത്ത് തടവില്‍ കഴിയുന്ന ഉയിഗൂറുകളെകൊണ്ട് പല കമ്പനികളും മാസ്‌ക് നിര്‍മിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ചൈനീസ് ഉത്പന്നങ്ങളില്‍ പലതും കൂലി കൊടുക്കാതെ ചൈനീസ് തടങ്കല്‍ പാളയങ്ങളിലെ ഉയിഗൂര്‍ ജനതയുടെ വിയര്‍പ്പിന്റെകൂടി ഗന്ധമുള്ളതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ അവരുടെ മൗലിക അവകാശങ്ങള്‍പോലും ലഭിക്കാതെ പ്രയാസപ്പെടുന്ന പ്രധാന രാജ്യമാണ് കമ്യൂണിസ്റ്റ് ചൈനയെന്നത് നടുക്കമുളവക്കുന്നതാണ്. പുരുഷന്മാര്‍ താടി വളര്‍ത്തുന്നതും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതും പരസ്പരം കണ്ടുമുട്ടുമ്പോള്‍ സലാം പറയുന്നത്‌പോലും വിലക്കിയ കമ്യൂണിസ്റ്റ് ചൈനയെ അനുകരിക്കുന്നവര്‍ക്ക് ഗാസിയാബാദിലെ വയോവൃദ്ധന്റെ താടി മുറിച്ചുകളഞ്ഞ സംഘ്പരിവാരങ്ങളോട് പ്രതിഷേധം ഉയര്‍ത്താനുള്ള ആശയമൂലധനമുണ്ടോയെന്നത് സംശയകരമാണ്. കുട്ടികളുടെ മതപഠനം നിഷേധിച്ച് ഉയിഗൂറുകളുടെ വിശ്വാസ ഭാവി തകര്‍ക്കുകയും അവരുടെ മനസ്സില്‍ ചൈനീസ് ദേശീയതയുടെ പാഠങ്ങള്‍ നിര്‍ബന്ധപൂര്‍വം കുത്തിവെക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിച്ചാല്‍ കാവിവല്‍ക്കരണം ലക്ഷ്യംവെക്കുന്ന സംഘ്പരിവാരങ്ങളുടെ പ്രവര്‍ത്തനശൈലിയാണ്.

Test User: