മുംബൈ: പത്ത് വേദികളാലായി നടക്കുന്ന ലോകകപ്പില്‍ പാക്കിസ്താന്‍ കളിക്കേണ്ടത് അഞ്ച് വേദികളില്‍. മറ്റ് ടീമുകളെല്ലാം ഏതാണ്ട് എല്ലാ വേദികളിലും മല്‍സരിക്കുമ്പോള്‍ ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു. ചെന്നൈ, കൊല്‍ക്കത്ത എന്നീ വേദികളാണ് പാക്കിസ്താന് അനുവദിച്ചിരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും പാക്കിസ്തന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല. പാക്കിസ്താന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തില്‍ വന്‍കരാ ചാമ്പ്യന്‍ഷിപ്പ് രണ്ട് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ മല്‍സരങ്ങള്‍ക്ക് വേദിയാവുന്നത് ശ്രീലങ്കയാണ്. ലോകകപ്പില്‍ കളിക്കുന്ന സാഹചര്യത്തില്‍ തന്നെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള വേദികള്‍ ഒഴിവാക്കി തരണമെന്ന് പി.സി.ബി അഭ്യര്‍ത്ഥിച്ചിരുന്നവെങ്കിലും ഐ.സി.സി വഴങ്ങിയിട്ടില്ല. ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടം അഹമ്മദാബാദില്‍ തന്നെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ പാക്കിസ്താന്‍ സ്വീകരിക്കും.