സ്മരണ- കെ.പി ജലീല്‍
കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍ അന്തരിച്ചിട്ട് ഇന്നേക്ക് 26 വര്‍ഷം പൂര്‍ത്തിയാകുന്നു. കറകളഞ്ഞ മതേതരവാദിയും ജനാധിപത്യവിശ്വാസിയുമായ കരുണാകരന്‍ തന്റെ സ്വതസ്സിദ്ധമായ ഭരണശൈലികൊണ്ട് ജനമനസ്സുകളില്‍ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ ്പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് ചരിത്രത്തിലുള്ളതാണ്. അതിന്റെ ബാക്കിപത്രമാണ് ഇന്ന് കാണുന്ന കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ താങ്ങും തണലുമായി നിന്ന് അവരുടെ കരങ്ങള്‍ക്ക് ശക്തിപകര്‍ന്ന കരുണാകരന്‍ രാജ്യത്തും തന്റേതായ ഇടംനേടി. വലിയ പ്രതിസന്ധികാലത്തും ഇന്ദിരയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കണ്ണൂരില്‍ ജനിച്ച് തൃശൂരില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച് മാളയുടെ മാണിക്യമായും കേരളത്തിന്റെ കണ്ണിലുണ്ണിയായും വളര്‍ന്ന കരുണാകരന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, രാജ്യത്തെ ജനാധിപത്യമതേതരവിശ്വാസികള്‍ക്കാകെ പ്രത്യാശാകിരണമായിരുന്നു. രാജ്യം വലിയ വര്‍ഗീയതീക്കനലുകളിലൂടെ കടന്നുപോകുമ്പോള്‍ കരുണാകരനെ ഓര്‍ക്കുന്നതില്‍ വലിയ പ്രത്യേകതയുണ്ട്.
കൊച്ചിയിലെ അന്താരാഷ്ട്രവിമാനത്താവളം മുതല്‍ കേരളത്തിലെ വലുതും ചെറുതുമായ പദ്ധതികളുടെയെല്ലാം ആണിക്കല്ലായിരുന്നു കരുണാകരന്‍. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളെയെല്ലാം അദ്ദേഹം തന്റേതായ ശൈലികൊണ്ട് തരണംചെയ്യുകയും പ്രസ്ഥാനത്തിനും നാടിനും നേട്ടമുണ്ടാക്കുകയും ചെയ്തു. സി.പി.മ്മിന്റെ ബദ്ധശത്രുവാകുന്നതും അതുകൊണ്ടുതന്നെ. ഇല്ലാത്ത അഴിമതിക്കഥകളും കൊലപാതകാരോപണങ്ങളും അദ്ദേഹത്തിനെതിരെ തിരിച്ചുവിട്ടത് അതുകൊണ്ടായിരുന്നു.പിന്നീട് അതേ കരുണാകരനുമായ സന്ധി ചേരാനും മുന്നണിയുണ്ടാക്കാനും വരെ സി.പി.എം തയ്യാറായി എന്നത് കരുണാകരന്റെ രാഷ്ട്രീയതന്ത്രജ്ഞതയുടെ തെളിവായി. പതിവായി എല്ലാ ഒന്നാംതീയതിയും ഗുരുവായൂര്‍ ദര്‍ശത്തിന് പോയിരുന്ന കരുണാകരനിലെ ദൈവവിശ്വാസിയെ ജനം നൈര്‍മല്യത്തോടെ നോക്കിക്കണ്ടു. അതില്‍ മറ്റൊരു ഗുരുവായൂരപ്പനെ അവര്‍ ദര്‍ശിച്ചു. മാധ്യമങ്ങളുമായും സാംസ്‌കാരികപ്രവര്‍ത്തകരും നേതാക്കളുമായി അടുത്തതും സൗഹാര്‍ദപൂര്‍ണവുമായ ബന്ധം കാത്തുസൂക്ഷിച്ച കരുണാകരനെ രാജ്യം കേന്ദ്രമന്ത്രി പദവിവരെ നല്‍കി അംഗീകരിച്ചു. ഒരുസമയത്ത് അധികാരത്തില്‍നിന്ന് തിരസ്‌കരിക്കപ്പെട്ടെങ്കിലും ഉണ്ടാക്കിയ പുതിയ പാര്‍ട്ടിയെ വെടിഞ്ഞ് കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാക ധരിച്ചാണ് അവസാനയാത്ര പൂകിയത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് സ്വന്തം പ്രസ്ഥാനത്തോടും ജനാധിപത്യത്തോടുമുള്ള അടങ്ങാത്ത കൂറാണ് എന്നതില്‍ സംശയമില്ല.