X
    Categories: indiaNews

മണിപ്പൂരില്‍ രണ്ട് ദിവസത്തെ കലാപത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത് 13പേര്‍

ഇംഫാല്‍: ഗവര്‍ണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് പിന്നാലെയും പ്രക്ഷോഭത്തിന് അയവില്ലാതെ മണിപ്പൂര്‍. രണ്ട് ദിവസത്തെ കലാപത്തിനിടെ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗക്കാരെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മെയ് മൂന്നിന് നടന്ന അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മൂന്ന്, നാല് തീയതികളിലായി ഉണ്ടായ ആക്രമണങ്ങളില്‍ 11 പേര്‍ കൂടി കൊല്ലപ്പെട്ടതായി മണിപ്പൂരി ദിനപത്രമായ ദി സാംഗായി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നൂറോളം ക്രിസ്ത്യന്‍ പള്ളികളും വീടുകളും അടിച്ചു തകര്‍ക്കുകയോ തീവെച്ച് നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിംഗ്ജാമി ബസാറില്‍ ജനക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാംഗ്‌പോക്പിയില്‍ അക്രമം അമര്‍ച്ച ചെയ്യുന്നതിനായി പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ കാക്വ നമീരാക്പ ലീകയില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മോറയില്‍ ഒരാളും സെഞ്ചാം ചിരാംഗില്‍ രണ്ട് പേരും അക്രമത്തില്‍ കൊല്ലപ്പെട്ടു. ചാജിംഗില്‍ ഇന്നലെ ഒരാളും ജനക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ചുരാചാന്ദ്പൂര്‍, മോറ, മോട്ബങ്, സായ്കുള്‍ എന്നിവിടങ്ങളില്‍ വന്‍ തോതിലുള്ള ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കടകളും വീടുകളും അഗ്നിക്കിരയാക്കി.

കൊയ്‌രംഗിയില്‍ മന്ത്രിയുടെ വസതിയും അക്രമികള്‍ അഗ്നിക്കിരയാക്കി. സാപര്‍മീന, മോട്ബങ്, കംഗ്ലാതോങ്ബി, കാന്റോ എന്നിവിടങ്ങളില്‍ നിന്നും ആയിരങ്ങള്‍ സുരക്ഷിത സ്ഥാനം തേടി ഓടിപ്പോയി. മെയ്‌റന്‍പേട്ട്, പുകാവോ, ദൊലയ്താബി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി കൊള്ളയും കൊള്ളിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. ഇകുവില്‍ മിക്ക വീടുകളും നാമാവശേഷമായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ മുന്‍ മന്ത്രിയുടെ ലാംപലിലെ വസതിയും മുന്‍ എം.പിയുടെ ലാംഗ്ലോള്‍ റോഡിലെ വസതിയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ലാംഫലിലെ വീടും അഗ്നിക്കിരയാക്കി. ന്യൂചെക്കോണിലേയും വിശാല്‍ മേഘാ മാര്‍ട്ടിലേയും രണ്ട് ഷോപ്പിങ്മാളുകള്‍ കത്തിച്ചു.

അതേ സമയം കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണത്തിനിരയായ ബിജെപി എംഎല്‍എ അത്യാസന്ന നിലയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം അമിത് ഷാ രാജിവയ്ക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെ ഇംഫാലില്‍ വച്ചായിരുന്നു ബിജെപി എംഎല്‍എ വുങ്‌സാഗിന്‍ വാല്‍ട്ടെക്ക് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ എംഎല്‍എയെ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. രോഷാകുലരായി കാറിനരികിലേക്ക് ഓടിയെത്തിയ ആള്‍ക്കൂട്ടം എംഎല്‍എയെയും ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു. ഇതോടെ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകന്‍ ഓടിരക്ഷപ്പെട്ടു. കുക്കി സമുദായത്തില്‍ നിന്നുള്ള എംഎല്‍എയാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി മന്ത്രിസഭയില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്‌സ് ആന്‍ഡ് ഹില്‍സ് മന്ത്രിയായിരുന്നു ഇദ്ദേഹം. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അനുച്ഛേദം 356 പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമിത്ഷാ യെ പുറത്താക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും അസം റൈഫിള്‍സിന്റെ സൈനികരെയും സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ സിആര്‍പിഎഫ് മേധാവിയുമായ കുല്‍ദീപ് സിങിനെ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ, സിആര്‍പിഎഫിന്റേയും ബിഎസ്എഫിന്റേയും അടക്കം 12 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 10 കമ്പനി അര്‍ധസൈനികരെ വെള്ളിയാഴ്ച കൂടുതലായി നിയോഗിച്ചു. പ്രശ്‌ന ബാധിത മേഖലകളില്‍ കര്‍ഫ്യു തുടരുകയാണ്. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ റദ്ദാക്കി.

webdesk11: