X

ഇന്നലെ പനി ബാധിച്ചത് 12,965 പേര്‍ക്ക്; ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 96 പേര്‍ക്ക്, അഞ്ച് പനിമരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ 12,965 പേര്‍ക്കാണ് പനി ബാധിച്ചത്.അഞ്ച് പനി മരണവും ഇന്നലെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. വയനാട്ടില്‍ പിനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. 96 പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, 239 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. പൊന്നാനി സ്വദേശികളായ 70 കാരനും 44 വയസുളള മകനുമാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ വാസു, സുരേഷ് എന്നിവരാണ് മരിച്ചത്. 24ാം തീയ്യതിയാണ് അച്ഛന്‍ വാസു മരിച്ചത്. 28ാം തീയ്യതി മകന്‍ സുരേഷും മരിച്ചു. തുടര്‍ന്ന്, നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയില്‍ പനി ബാധിച്ചു മരിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈറല്‍ പനിക്കണക്കില്‍ നേരിയ കുറവുണ്ടെങ്കിലും പനി വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. ഏതാനും ദിവസമായി 15000 ന് മുകളിലായിരുന്ന വൈറല്‍ കേസില്‍ നേരിയ കുറവുണ്ട്. ആറു മാസത്തിനിടെ പനിമൂലം മരിച്ചത് 27 പേരാണ്. ജൂണില്‍ മാത്രം ഒമ്പത് പേരും. ഡെങ്കിപ്പനി കേസിലും വര്‍ധനയുണ്ട്.

webdesk11: