ഡോ. ഹുസൈന്‍ മടവൂര്‍
ബ്രണ്ണന്‍ കോളജാണല്ലോ ഇപ്പോള്‍ വിവാദ ഭൂമി. എന്താണ് തലശേരിയിലെ ആ മഹത്തായ സ്ഥാപനത്തിന്ന് ആ പേര് വരാന്‍ കാരണമെന്ന് പലര്‍ക്കുമറിയില്ല. ആരായിരു ആ ബ്രണ്ണന്‍? ചെറിയൊരു അന്വേഷണത്തില്‍ മനസ്സിലായത് വലിയ കുറെ കാര്യങ്ങളാണ്. എല്ലാം അത്ഭുതകരം തന്നെ. 1784 ല്‍ ലണ്ടനിലാണ് എഡ്വേര്‍ഡ് ബ്രണ്ണന്റെ ജനനം.
1810 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഉദ്യോഗസ്ഥനായി. ശേഷം ബോംബെ മറൈന്‍ സര്‍വീസസില്‍ കപ്പലില്‍ ജോലി ചെയ്തു. ഒരു യാത്രയില്‍ കപ്പല്‍ തലശേരിക്കടുത്ത് കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നപ്പോള്‍ കപ്പലിലുണ്ടായിരുന്ന ബ്രണ്ണന്‍ നീന്തി കരക്കെത്തി. അതല്ല, മീന്‍ പിടുത്തക്കാര്‍ രക്ഷപെടുത്തി തീരത്തെത്തിച്ചതാണെന്നും പറയുന്നു. ‘കപ്പല്‍ ചേതം കൊണ്ടുവന്ന കരുണാമയന്‍’ എന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ല പറഞ്ഞത് ഈ കപ്പലില്‍ വന്ന ബ്രണ്ണനെ കുറിച്ചാണ്. കരയിലെത്തിയ അദ്ദേഹം പിന്നീട് തലശേരിയില്‍ തന്നെ സ്ഥിരതാമസമായി. തലശേരി പോര്‍ട്ടില്‍ ജോലി ആരംഭിച്ചു.
തലശേരി തെരുവിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്ത ബ്രണ്ണനെ നാട്ടുകാര്‍ ബഹുമാനത്തോടെ ബ്രണ്ണന്‍ സായിപ്പ് എന്ന് വിളിച്ചു. ഇംഗ്ലീഷ്‌കാരെ അന്ന് സായിപ്പ് എന്നായിരുന്നു മലയാളികള്‍ വിളിച്ചിരുന്നത്. വളരെ പെട്ടെന്ന് ബ്രണ്ണന്‍ സായിപ്പ് തലശേരിയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായി മാറി. പാവങ്ങളെ സഹായിക്കാന്‍ 1846 ല്‍ അദ്ദേഹം tellinchery por fund എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. നാട്ടുകാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ വില്‍പത്ര പ്രകാരം ജാതി മത വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷ് പഠിക്കാന്‍ നാട്ടുകാര്‍ തലശേരി പട്ടണത്തില്‍ 1861ല്‍ ‘ഫ്രീ സ്‌കൂള്‍’ സ്ഥാപിച്ചു. ഇതാണ് പില്‍ക്കാലത്ത് ബ്രണ്ണന്‍ കോളജ് ആയത്. തുടക്കത്തില്‍ ഈ കോളജ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടതായിരുന്നു.
1866 ല്‍ ഫ്രീ സ്‌കൂളിനെ ബാസല്‍ മിഷന്‍ ചര്‍ച്ചുമായി സംയോജിപ്പിച്ചു. 1868 ല്‍ ഹൈസ്‌കൂളായി. 1883 ല്‍ ജില്ലാ ഗവണ്‍മെന്റ് സ്‌കൂളായി. 1884ല്‍ തലശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വര്‍ഷത്തിന് ശേഷമാണ് ബ്രണ്ണന്‍ കോളജ് ആയത്. 1949ല്‍ സ്‌കൂളിനെ വേര്‍പെടുത്തി ചിറക്കരയിലേക്ക് മാറ്റി. 1958 ല്‍ കോളജ് ധര്‍മ്മടത്തേക്ക് മാറ്റിയതോടെ സ്‌കൂള്‍ പഴയ കെട്ടിടത്തില്‍ തന്നെ തിരിച്ചെത്തി. 159 വര്‍ഷത്തെ പഴക്കമുള്ള മലബാറിലെ തലയെടുപ്പുള്ള കോളജാണ് ഗവ. ബ്രണ്ണന്‍ കോളജ്. ബ്രണ്ണന്‍ കോളജില്‍ പഠിച്ച പ്രമുഖ വ്യക്തികള്‍ നിരവധിയുണ്ട്. രാഷ്ടീയ നേതാക്കന്മാര്‍, എഴുത്തുകാര്‍, ചരിത്രകാരന്‍മാര്‍ , സാഹിത്യകാരന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന അനവധി ആളുകളുണ്ട്. എ.കെ ഗോപാലന്‍, ഇ. അഹമ്മദ്, പിണറായി വിജയന്‍, കെ സുധാകരന്‍, എ.കെ ബാലന്‍, വി മുരളീധരന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, പവനന്‍, അക്ബര്‍ കക്കട്ടില്‍, തായാട്ട് ശങ്കരന്‍, മുക്കോര്‍ത്ത് കുമാരന്‍, രാജന്‍ ഗുരുക്കള്‍, എന്‍ പ്രഭാകരന്‍, വി.ആര്‍ സുധീഷ്, പി സതീദേവി, എ.കെ പ്രേമജം, ജയിംസ് മാത്യു, ജസ്റ്റിസ് വാഴക്കുളങ്ങരയില്‍ ഖാലിദ്… തുടങ്ങിയ ഉന്നത സ്ഥാനീയര്‍ ബ്രണ്ണന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
1859 ഒക്ടോബര്‍ 2 നാണ് ബ്രണ്ണന്‍ സായിപ്പ് അന്തരിച്ചത്. തലശേരിയിലെ സെന്റ് ജോണ്‍സ് പള്ളിയിലെ കല്ലറയിലാണ് സായിപ്പിനെ ഖബറടക്കിയത്. തലശേരി കോട്ടയുടെ പിറകു വശത്തായി സ്ഥിതി ചെയ്യുന്ന ഈ ഇംഗ്ലീഷ് പള്ളി ബ്രണ്ണന്‍ സായിപ്പിന്റെ സാമ്പത്തിക സഹായംകൊണ്ട് പണിതതാണ്. ബ്രണ്ണന്‍ സായിപ്പ് ഒരു മകനെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. കൂടാതെ തലശേരി സ്വദേശിനിയായ ഒരു സ്ത്രീയില്‍ സായിപ്പിന് ഫ്‌ലോറ എന്ന പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു. പതിനാറാമത്തെ വയസില്‍ മരിച്ച ഫ്‌ലോറയുടെ ശവകുടീരം ഊട്ടി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍ കണ്ടെത്തിയിട്ടുണ്ട്. 1830 ലാണ് ആ കല്ലറ സ്ഥാപിച്ചത്. ബ്രണ്ണന്റെ മകള്‍ക്ക് വേണ്ടിയുള്ള ഒസ്യത്ത് പ്രകാരം നല്‍കിയ തുക ഉപയോഗിച്ച് പില്‍ക്കാലത്ത് ബാസല്‍ മിഷന്‍ ബാലികാ മന്ദിരങ്ങള്‍ സ്ഥാപിച്ചു. ചിറയ്ക്കലും ചോമ്പാലയിലും കോഴിക്കോട്ടും ഇതിന് ശാഖകളുണ്ടായിരുന്നു.
കടലില്‍ നിന്നും ജീവിതത്തിലേക്ക് നീന്തി കയറിയ ബ്രണ്ണന്‍ സായിപ്പിന്റെ ജീവിത കഥ ആരെയും ത്രസിപ്പിക്കുന്നതാണ്. തിളക്കമുള്ള ഓര്‍മ്മകള്‍. കരുണയും സ്‌നേഹവും മാത്രമുള്ള സായിപ്പ്. അരനൂറ്റാണ്ട് മുമ്പുണ്ടായ ബ്രണ്ണന്‍ കോളജ് വഴക്കിന്റെ പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുമ്പോഴും ആ കോളജ് സ്ഥാപിച്ച സായിപ്പിന്റെ ചരിത്രം വിസ്മരിക്കരുത്. ഒരു വിദ്യാലയം എങ്ങനെ ആ നാടിന്റെ ചരിത്രമായത് എന്നാണ് ബ്രണ്ണന്‍ കോളജ് കാണിച്ചു തരുന്നത്. ബ്രണ്ണന്‍ സായിപ്പിന്റെ ബംഗ്ലാവ് സബ് കലക്ടര്‍ ബംഗ്ലാവ് എന്നാണ് അറിയപ്പെടുന്നത്. ബ്രണ്ണന്‍ സായിപ്പിന്റെ ശവകുടീരത്തില്‍ എഴുതി വെച്ചിരിക്കുന്നത് ഇങ്ങനെയാണ്: A sterling upr-ight English man (സത്യസന്ധനായ ഒരു തിളങ്ങുന്ന ഇംഗ്ലീഷുകാരന്‍). അങ്ങനെയാണു ബ്രണ്ണന്‍ കോളജിലൂടെ ബ്രണ്ണന്‍ സാഹിപ്പ് ലോകത്തെ പ്രകാശിപ്പിച്ചത്.