X

ഇന്ധനക്കൊള്ളയുടെ കാണാപ്പുറങ്ങള്‍

പി.എം.എ സമീര്‍

പെട്രോള്‍ വില രാജ്യത്ത് സെഞ്ച്വറി അടിച്ചിരിക്കുന്നു. ഗാലറിക്കും ജനങ്ങളുടെ തലയ്ക്കും മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് ഈ കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കുറച്ചു നാളത്തേക്ക് പവലിയനില്‍ വിശ്രമത്തിലായിരുന്നു ഇന്ധനവില വര്‍ധനവ്. തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ വീണ്ടും അത് ഫുള്‍ഫോമിലേക്ക് തിരിച്ചുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്‌ശേഷം 54 ദിവസത്തിനുള്ളില്‍ 30 പ്രാവശ്യമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ ജനങ്ങളുടെമേല്‍ ഇടിത്തീയായി വന്നുപതിക്കുകയാണ് ഇന്ധന വിലക്കയറ്റം.

ഇന്ധനവിലയുടെ കണക്കും അതിനുപിന്നിലെ കളികളും അറിയാത്തവരായി ഇന്ന് ആരുമില്ല. 2012 മെയ് മാസത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 101 രൂപയായിരുന്നു. 2020 മെയ് ആയപ്പോഴേക്ക് അത് 70 ശതമാനത്തോളം കുറഞ്ഞ് ബാരലിന് 30 യു.എസ് ഡോളര്‍ എന്ന നിലയിലേക്ക് എത്തി. എന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍വില റോക്കറ്റ് കണക്കെ കുതിച്ചുയരുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോദി കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന യു.പി.എ സര്‍ക്കാറിനെതിരെ വലിയ മുറവിളിയാണ് ഉയര്‍ത്തിയിരുന്നത്. അന്നത്തെ പെട്രോള്‍ വിലയെ ഭരണപരാജയം എന്നാണ് മോദി വിശേഷിപ്പിച്ചത്. പക്ഷേ മോദി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നതില്‍ അദ്ദേഹത്തിന് യാതൊരു ആശങ്കയും കാണുന്നില്ലെന്ന് മാത്രമല്ല കുറ്റകരമായ മൗനം പാലിച്ചുകൊണ്ട് ജനകോടികളെ കൊഞ്ഞനം കുത്തുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി.

2014 മേയില്‍ പെട്രോളിന് ഇന്ത്യയില്‍ അടിസ്ഥാന വില 47.12 രൂപയായിരുന്നപ്പോള്‍ വിപണിയില്‍ പെട്രോള്‍ ലഭിച്ചത് 71.41 രൂപക്കായിരുന്നു. എന്നാല്‍ 2021 ജൂണില്‍ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 37.65 രൂപയുള്ളപ്പോള്‍ വിപണിയില്‍ പെട്രോള്‍ ലഭിക്കുന്നത് 96.66 രൂപക്കാണ്. ഈ വര്‍ധന എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? അത് പരിശോധിക്കുമ്പോഴാണ് പെട്രോള്‍ വിലയിലെ തീവെട്ടിക്കൊള്ള മസ്സിലാവുക. 2014 മെയില്‍ കേന്ദ്ര നികുതി 10.39 രൂപയും സംസ്ഥാനനികുതി 11.9 രൂപയും ആയിരുന്നത് 2021 ജൂണില്‍ യഥാക്രമം 32.9 രൂപയും 22.31 രൂപയുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. അതായത് യഥാക്രമം 34.04 ശമതമാനവും 23.08 ശതമാനവും നികുതി വര്‍ധനയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. അതായത് ആഗോള നിരക്കിനനുസരിച്ച് ഇന്ധനവില കുറച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാറുകള്‍ പെട്രോളിനെയും ഡീസലിനെയും ഒരു കറവപ്പശുവായും ജനങ്ങളെ പരമാവധി ഊറ്റാനുള്ള ഉപാധിയായും ആണ് കാണുന്നത് എന്നര്‍ത്ഥം. പ്രത്യേകിച്ചും ജനത ഒന്നടങ്കം മഹാമാരിയുടെയും തത്‌സംബന്ധിയായ വന്‍ സാമ്പത്തിക പ്രതിസന്ധിയും അഭിമുഖീകരിക്കുന്ന ഇക്കാലത്ത്. മലയാളികള്‍ മാത്രം ഒരു ദിവസം 30 കോടിയോളം രൂപയാണ് ഇന്ധന വിലയോടൊപ്പം നികുതിയായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നത്. അതില്‍ 17.5 കോടി രൂപ കേന്ദ്രത്തിനും 12.5 കോടി രൂപ സംസ്ഥാന സര്‍ക്കാറിനും എന്നതാണ് കണക്ക്.
അതേസമയം എണ്ണക്കമ്പനികള്‍ കോടികളുടെ ലാഭമാണ് ഇക്കാലയളവില്‍ കൊയ്ത്‌കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ റെക്കോര്‍ഡ് ലാഭമാണ് ഉണ്ടാക്കിയത്. അവരുടെ ലാഭം 300 മതല്‍ 600 ശതമാനവും കടന്നാണ് മുന്നേറുന്നത്. അതായത് ഇരുപതിനായിരം കോടിയും പതിനായിരം കോടിയും കടന്നുള്ള ലാഭമാണ് ഈ കമ്പനികള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നേടിയിരിക്കുന്നത്.

ഇന്ധന വില വര്‍ധിക്കുമ്പോള്‍ യാത്രാചെലവ് മാത്രമല്ല വര്‍ധിക്കുന്നത്. എണ്ണവില അവശ്യവസ്തുക്കളുടെ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ധന വില കൂടുമ്പോള്‍ ഗതാഗതച്ചെലവും കടത്തുകൂലിയും കൂടുമെന്നതിനാല്‍ ഭക്ഷ്യോത്പന്നങ്ങളും മരുന്നുകളും ഉള്‍പ്പെടെയുള്ള ഏറ്റവും അടിസ്ഥാന സാധനങ്ങളുടെ വിലയും തത്സമയം വര്‍ധിക്കുന്നു. ഇത് സാധാരണക്കാരനെ ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന അവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. ഉപഭോക്തൃ വില സൂചിക നിര്‍ണയിക്കുന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്ക്പ്രകാരം ഇന്ധന വില 13.2 ശതമാനം വര്‍ധിച്ചപ്പോള്‍ ഉപഭോക്തൃവില സൂചികയില്‍ 2.6 ശതമാനം വര്‍ധനയുണ്ടായി. ഭക്ഷണവിലകളില്‍ 3.5 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. അതേസമയം വിലക്കയറ്റത്തോത് 6 ശതമാനത്തിനും മുകളിലേക്കുയരുകയും ചെയ്തു. ഫലത്തില്‍ ഇന്ധന വില കൂടുന്നതിനനുസരിച്ച് നമ്മുടെ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിക്കുന്നു.
ഇതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ ബജറ്റില്‍ പുതിയ വരുമാനമാര്‍ഗങ്ങളൊന്നുംതന്നെ കൊണ്ടുവരുന്നില്ല. തൊഴില്‍ ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ ഇല്ല. തൊഴിലില്ലായ്മ ഇന്ന് രാജ്യത്ത് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഉള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍തന്നെ വെളിപ്പെടുത്തുന്നത്. പുതിയ നികുതി വരുമാനം കണ്ടെത്താനാവാത്ത സര്‍ക്കാറുകള്‍ ഏറ്റവും എളുപ്പത്തില്‍ പിരിഞ്ഞുകിട്ടുന്ന നികുതി എന്ന് കണ്ടാണ് ഇന്ധന വിലയിലൂടെ സാധാരണക്കാരന്റെ തലയില്‍ കയറി നിരങ്ങുന്നത്. അതാകുമ്പോള്‍ ആരും ചോദിക്കുകയും പറയുകയും ചെയ്യാനുണ്ടാകില്ലെന്നാണോ അവര്‍ കരുതുന്നത്? അതേസമയം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ നികുതിയിളവുകളാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വന്‍കിട മുതലാളിമാരുടെ സഹസ്രകോടികളുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുന്നു.

യു.പി.എ അധികാരത്തിലിരിക്കുമ്പോള്‍ കാളവണ്ടി ഉരുട്ടി പെട്രോള്‍ വിലവര്‍ധനക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി ഇന്ന് അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഈ തീവെട്ടിക്കൊള്ളയെ ന്യായീകരിക്കുന്ന വിചിത്ര കാഴ്ചയാണ് കാണുന്നത്. ഈ സമയത്ത് ജനകീയസമരങ്ങളിലൂടെ പോര്‍മുഖം തുറക്കേണ്ട ഇടതുപക്ഷം ധാര്‍മികമായിതന്നെ പരാജയപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാനനികുതി കുറച്ചുകൊണ്ടും ജനങ്ങള്‍ക്ക് ആശ്വാസമേകാമെന്നിരിക്കെ അത് ചെയ്യാതെ കേന്ദ്രത്തോട് നികുതി കുറക്കാനാവശ്യപ്പെട്ട് ജനങ്ങളുടെകണ്ണില്‍ പൊടിയിടുകയാണ് കേരളത്തില്‍ ഇടതുപക്ഷം. ഇന്ധനവില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാകുന്നതിലല്ല ഇടതുപക്ഷത്തിന്റെ വിഷമം. ഇന്ധനവില ഒറ്റ ജി.എസ്.ടിക്കു കീഴിലാക്കിയാല്‍ നികുതി കേന്ദ്രത്തിന് മാത്രമായിപ്പോകുമോ എന്നതില്‍ മാത്രമാണ് അവരുടെ ആശങ്ക.

ഫ്രാന്‍സ്, ലെബനോന്‍ പോലെയുള്ള പല ലോകരാജ്യങ്ങളും ഇന്ധന വില വര്‍ധനവു കാരണം വലിയ ജനകീയ സമരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഫ്രാന്‍സില്‍ ജനങ്ങള്‍ മഞ്ഞജാക്കറ്റ് അണിഞ്ഞുകൊണ്ട് തെരുവിലിറങ്ങി നടത്തിയ സമരങ്ങള്‍ ഏറ്റവും ക്രിയാത്മകവും തീക്ഷ്ണവുമായി ലോകം വിലയിരുത്തി. വാങ്ങല്‍ ശേഷിയുടെ  അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ന് ലോകത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ളത് ഇന്ത്യയിലാണ്. കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ ‘ചക്രസ്തംഭന’ സമരം നടത്തിയത് ഇന്ത്യയിലും അത്തരത്തില്‍ വരാന്‍ പോകുന്ന വലിയ സമരങ്ങളുടെ മുന്നോടിയാണ്. വലിയ ജനകീയ പ്രതിഷേധങ്ങളിലൂടെയേ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഈ തീവെട്ടിക്കൊള്ളക്കും ധാര്‍ഷ്ട്യത്തിനും അറുതിവരുത്താനാവുകയുള്ളൂ. പൊതുജനം ഇനിയും എത്രകാലം ഈ കൊടുംചതി അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് കരുതാനാകും?

Test User: