X

കേരളത്തിനെതിരായ വിവാദ പരാമര്‍ശത്തില്‍ യോഗിക്കെതിരെ കേസെടുക്കണമെന്ന് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തൃശൂരില്‍ പരാതി.
മുഹമ്മദ് ഹാഷിമാണ് (യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ്) പൊലീസിന് പരാതി നല്‍കിയത്. മതം, ഭാഷ, വംശം, വാസസ്ഥലം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സൗഹാര്‍ദം തകര്‍ക്കണമെന്ന മുന്‍വിധിയോടു കൂടിയുള്ള പരാമര്‍ശമാണ് യുപി മുഖ്യമന്ത്രി നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

കേരളത്തെ അപമാനിക്കുന്നതാണ് ആ പ്രസ്താവന. കേരളത്തിന്റെ കാലങ്ങളായുള്ള പ്രവര്‍ത്തന മികവുകളെയും അഭിവൃദ്ധിയെയും മത സൗഹാര്‍ദത്തെയും മോശമായി കാണിച്ച് ശത്രുതയുമുണ്ടാക്കി അപമാനിതമാക്കുന്നതാണ് സംഭവം. ആയതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പരാതി.

വോട്ടു ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കാശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശം. യുപിയില്‍ പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Test User: