യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. യോഗി സങ്കുചിതവും ജാതീയവുമായ ചിന്താഗതിയോടെ പ്രവര്‍ത്തിച്ചുവെന്നും ദലിതരെയും പിന്നാക്കക്കാരെയും മുസ്‌ലിംകളെയും ഉപദ്രവിച്ചെന്നും അവര്‍ പറഞ്ഞു.
ആദിത്യനാഥിനെ സ്വന്തം മഠത്തിലേക്ക് തിരിച്ചയക്കണം. ജാതിചിന്ത മാത്രം വെച്ചുപുലര്‍ത്തി ദലിതുകളെയും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരെയും മുസ്‌ലിംകളെയും അടിച്ചമര്‍ത്താനാണ് യോഗി എന്നും ശ്രമിച്ചത്. സംസ്ഥാനത്തെ മാധ്യമങ്ങള്‍ ബി.ജെ.പിക്കും ബി.എസ്.പിയുടെ എതിരാളികള്‍ക്കും അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വളച്ചൊടിക്കുകയാണ്. ഈ ജനപങ്കാളിത്തവും അതിന്റെ ആവേശവും കാണുമ്പോള്‍, ബി.എസ്.പിയെ വീണ്ടും അധികാരത്തിലെത്തിക്കാനും നിങ്ങളുടെ ബെഹന്‍ജിയെ’ അഞ്ചാം തവണയും മുഖ്യമന്ത്രിയാക്കാനും നിങ്ങള്‍ തയ്യാറാണെന്ന് എനിക്ക് പറയാന്‍ കഴിയും’- മായാവതി പറഞ്ഞു.
ആദിത്യനാഥ് വലിയ രീതിയില്‍ ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന ആളാണെന്നും ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്നും ആരോപിച്ച മായാവതി, ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ യോഗിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തിനുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. അവരെ കള്ളക്കേസില്‍ കുടുക്കാന്‍ മാത്രമാണ് യോഗി ശ്രമിച്ചത്- അവര്‍ കുറ്റപ്പെടുത്തി.