X

യുദ്ധക്കൊതിയന്മാരുടെ ലോകം- കെ.എന്‍.എ. ഖാദര്‍

കെ.എന്‍.എ. ഖാദര്‍

സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി വേര്‍പെട്ടുപോയ പതിനഞ്ച് റിപബ്ലിക്കുകളില്‍ പെടുന്നവയാണ് റഷ്യയും യുക്രെയ്‌നും. സുമാര്‍ എഴുപത്തിനാല് വര്‍ഷങ്ങള്‍ നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചതോടെ ഏകാധിപത്യത്തില്‍ നിന്നും മോചനംനേടിയ ഈ റിപ്പബ്ലിക്കുകളില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ അവസരം കിട്ടിയ റഷ്യന്‍ ജനതക്ക് താമസിയാതെ നവീനമായ മറ്റൊരു ഏകാധിപതിയുടെ ഭരണം സഹിക്കേണ്ടി വന്നു. സ്വതന്ത്രമായ അനേകം റിപ്പബ്ലിക്കുകളില്‍ അധികാരത്തിലെത്തിയ ഭരണാധികാരികള്‍ പലരും കാര്യമായ സ്വാതന്ത്ര്യമൊന്നും ജനങ്ങള്‍ക്ക് അനുവദിച്ചു കൊടുത്തില്ല. സോവിയറ്റ് യൂണിയന്‍ ഒറ്റരാഷ്ട്രമായിരുന്നപ്പോഴും റഷ്യന്‍ മേധാവിത്വത്തിന്റെ ഒരു കരിനിഴല്‍ മറ്റ് റിപ്പബ്ലിക്കുകളെ വേട്ടയാടിയിരുന്നു.

എല്ലാ റിപ്പബ്ലിക്കുകളെയും ഭരണഘടനാപരമായി തുല്യരാക്കിയപ്പോഴും റഷ്യ ഇമ്മിണി വലിയ ഒന്നായിരുന്നു.
പത്തുവര്‍ഷകാലത്തെ പുടിന്‍ ഭരണം ആ രാജ്യത്തെ സ്വാതന്ത്ര്യത്തിന് ചങ്ങലയിട്ടു തുടങ്ങി. പ്രതിപക്ഷങ്ങളെ അടിച്ചമര്‍ത്തി പ്രതിപക്ഷ നേതാവിനെ വരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഇത്തരം സ്വേഛാധിപത്യ കുതന്ത്രങ്ങളെല്ലാം പയറ്റി നല്ല പരിചയമുള്ള പുടിന്‍ പഴയ രഹസ്യ പൊലീസ് തലവനായിരുന്നല്ലോ. ഇതെഴുതുമ്പോള്‍ യുക്രെയ്നിലെ വെടിയൊച്ചകള്‍ നിലച്ചിട്ടില്ല. ഷെല്ലുകളും മിസൈലുകളും ജനവാസ കേന്ദ്രങ്ങളില്‍ പോലും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ആണവ നിലയങ്ങള്‍, വിമാനതാവളങ്ങള്‍, വൈദ്യുതി ഉത്പ്പാദന കേന്ദ്രങ്ങള്‍, ഭരണസിരാ കേന്ദ്രങ്ങള്‍, സൈനിക ക്യാമ്പുകള്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളെനേരത്തെ തകര്‍ത്ത് തരിപ്പണമാക്കി. ദേശസ്‌നേഹികളായ മനുഷ്യരുടെ ഹൃദയങ്ങളിലെ പോരാട്ട വീര്യം പക്ഷേ ഇതുവരെ തകര്‍ക്കാനായിട്ടില്ല. അവരുടെ പ്രതിരോധം തുടരുന്നു. തങ്ങളാലാവുന്ന വിധത്തില്‍ റഷ്യന്‍ സേനയെ അവര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. സമാധാന ചര്‍ച്ചകള്‍ ഇതുവരെ സഫലമായിട്ടില്ല. ഒരു സ്വതന്ത്ര രാഷ്ട്രത്തെ വിശ്വാസീനിയമായ കാരണങ്ങളില്ലാതെ കടന്നാക്രമിച്ചു കഴിഞ്ഞ ശേഷം ഇരകളെ ചര്‍ച്ചക്ക് ക്ഷണിക്കുന്ന സാമ്രാജത്വ നീതിയാണ് ഇവിടെയും കണ്ടത്. ആക്രമണത്തിന് പുറപ്പെടുംമുമ്പ് ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതിനു ശേഷം മാത്രമല്ല സൈനിക ഇടപെടല്‍ പരീക്ഷിക്കപ്പെടേണ്ടത്. ഒരു സ്വതന്ത്ര്യ രാഷ്ട്രം ഏതെങ്കിലും ഒരു രാഷ്ട്ര സഖ്യത്തില്‍അംഗമാകുവാന്‍ മറ്റൊരു രാഷ്ട്രത്തിന്റെ അനുവാദം വേണ്ടതുണ്ടോ ? യുക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ ചേരാന്‍ ഇടയുണ്ടെന്ന കാരണത്താല്‍ ആ രാജ്യത്തിനു മേല്‍ ആക്രമണം അഴിച്ചു വിടുകയാണ് റഷ്യ ചെയ്തത്.

വാസ്തവത്തില്‍ വര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയനോ നാറ്റോ സഖ്യമോ യുക്രെയ്‌നെ അവരുടെ സഖ്യത്തില്‍ അംഗമാക്കിയിട്ടില്ല. അവരുടെ അപേക്ഷ പരിഗണിക്കപ്പെട്ടിട്ടുമില്ല. തങ്ങള്‍ നാറ്റോ സഖ്യത്തിലേക്കല്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി പിന്നീട് പ്രസ്താവിക്കുകയും ചെയ്തിട്ടും യുദ്ധം തുടരുകയാണ്.യുദ്ധങ്ങള്‍ ആയുധ വ്യാപാരവും കൂടിയാണല്ലോ. സ്വന്തം ശക്തി പ്രകടിപ്പിച്ച് വീമ്പിളക്കുവാനും ചെറു രാഷ്ട്രങ്ങളെ ഭയപ്പെടുത്തുവാനും ചിലര്‍ക്ക് യുദ്ധം തന്നെ വേണം. ഈ യുദ്ധം പ്രധാനമായും യൂറോപ്പിലാണ്. അതിനാല്‍ അത് ഇതര യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിക്കുവാനോ, അധിക കാലം നീണ്ടു നില്‍ക്കുവാനോ സാധ്യത കുറവാണ്. വംശീയ വികാരങ്ങളും വിശുദ്ധിയും മേല്‍ക്കോയ്മയും മനസ്സില്‍ നിന്നും മാഞ്ഞ് പോയിട്ടില്ലാത്ത ഭരണാധികാരികള്‍ ചിലരെങ്കിലും ഇപ്പോഴും അവശേഷിക്കുന്നു. ജനങ്ങളിലും ഒരു ചെറിയ വിഭാഗം ഈ ചിന്താഗതിക്കാരുണ്ടാവാം. കിട്ടുന്ന ട്രെയിനുകളില്‍ ചാടിക്കയറി ജീവനും കൊണ്ട് രക്ഷപ്പെടാന്‍ കീവ്, കാര്‍കീവ്, ലവീവ്, സുമി എന്നിവിടങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കറുത്തവര്‍ക്ക് പലപ്പോഴും യാത്ര നിഷേധിക്കപ്പെട്ടതിനു പിന്നില്‍ ഈ വികാരവും ഉണ്ടായിരുന്നുവെന്ന് പറഞ്ഞു കേട്ടു. എന്തായാലും അവസാനം അവരെല്ലാവരും ലക്ഷ്യം നേടി നാട്ടില്‍ തിരിച്ചെത്തുകയുണ്ടായി. വൈദേശീകാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്നവരാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങള്‍. ആധുനിക കാലഘട്ടത്തില്‍ വൈദേശികാധിപത്യം സാങ്കേതിക വിദ്യകള്‍ വഴി പരോക്ഷമായും കാര്യക്ഷമമായും ഇപ്പോഴും നടക്കുന്നു. ഏതെങ്കിലും ഒരു അന്യരാഷ്ട്രം കീഴ്‌പ്പെടുത്തി ഭരിക്കുന്നവന്‍ മറ്റൊരു രാജ്യക്കാര്‍ക്കിന്ന് നേരിട്ട് പോവേണ്ടതില്ല.സ്വന്തം നാട്ടിലും വീട്ടിലും ഇരുന്ന് മറ്റുളളവരെ സുഖമായി ഭരിക്കാം. നാറ്റോ സഖ്യത്തെ നയിക്കുന്ന അമേരിക്കയെപോലും കോളനിയാക്കി വെച്ച് ബ്രിട്ടീഷുകാര്‍ ഭരിച്ച കാലം ഉണ്ടായിരുന്നു.

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം അവരുടെയായിരുന്നു. ലോകം അടക്കി ഭരിച്ച വെള്ളക്കാര്‍ കൊന്നൊടുക്കിയും കൊള്ളയടിച്ചുമാണ് സമ്പന്നരായത്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അതേ ജോലി അമേരിക്കയും തുടര്‍ന്നു. പക്ഷേ ഇംഗ്ലീഷുകാരെ പോലെ നേരിട്ടു പോകാതെ അന്യരെ ഭരിക്കാവുന്ന വിദ്യ അവര്‍ക്ക് കൈവശമുണ്ടായിരുന്നു. ജര്‍മ്മനിയും റഷ്യയും സ്‌പെയിനും പോര്‍ച്ചുഗലും ഫ്രാന്‍സും റോമാ സാമ്രാജ്യവും ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങള്‍ കോളനിവല്‍ക്കരണം മൂലം സമ്പത്ത് നേടിയിട്ടുണ്ട്.മനുഷ്യര്‍ അധിവസിക്കുന്ന ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലും അതിക്രമിച്ചു കയറി കയ്യൂക്കുള്ളവര്‍ കാര്യക്കാരായ കാലം കടന്നുപോയി എന്നു പറയാന്‍ പ്രയാസമാണ്. സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേധാവിത്വം ലോക ജനതക്ക് മേല്‍ നേടുവാന്‍ ആഗ്രഹിക്കാത്ത ഭരണാധികാരികള്‍ കുറവാണ്. അതുകൊണ്ട് തന്നെ എന്നും യുദ്ധങ്ങളുണ്ടായി, അധിനിവേശങ്ങളുണ്ടായി, കൂട്ടക്കുരുതികളുണ്ടായി അന്യരാജ്യക്കാരെ മാത്രമല്ല സ്വന്തം രാജ്യത്ത് തന്നെയുള്ള കോടാനുകോടി മനുഷ്യരെ ചുട്ടുകൊന്നും അടിച്ചമര്‍ത്തിയും അധികാരം നിലനിര്‍ത്തിയ ഏകാധിപതികളും എത്രയെങ്കിലുമുണ്ട്. മുസോളിനി, ഹിറ്റ്‌ലര്‍, നെപ്പൊളിയന്‍, ഫ്രാങ്കോ , മാവോ, സ്റ്റാലിന്‍ ഇവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തം നാട്ടുകാരെ അടിച്ചമര്‍ത്തി ഭരണത്തില്‍ തുടരുകയും അന്യനാട്ടുകാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്തവരുമാണവര്‍. മനുഷ്യ വംശത്തിന്റെ അയ്യായിരം വര്‍ഷ ചരിത്രത്തില്‍ തന്നെ മൂവായിരം യുദ്ധങ്ങളെങ്കിലും നടന്നിട്ടുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ മാത്രമല്ല യുദ്ധങ്ങള്‍. യുക്രെയ്‌നെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച നാറ്റോ സഖ്യത്തിന്റെ വ്യക്താക്കള്‍ ഇപ്പോള്‍ റഷ്യ ചെയ്യുന്നതെല്ലാം അതിലേറെ ഭീകരമായി നടത്തിയവരാണ്. റഷ്യയും ഇതിനുമുമ്പ് അനേകം കൊച്ചു രാജ്യങ്ങളെ പിടിച്ചടക്കിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വം ഇറാക്ക്, സിറിയ, ലെബനന്‍, ലിബിയ, വിയറ്റ്‌നാം, കബോഡിയ, അഫ്ഗാനിസ്ഥാന്‍ , ജപ്പാന്‍ തുടങ്ങിയ എത്രയോ രാഷ്ട്രങ്ങളെ തച്ചു തകര്‍ത്തിട്ടുണ്ട്. ചിലിയിലും ബംഗ്ലാദേശിലും അവര്‍ അതിക്രമിച്ചു കടന്ന് കനത്ത നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷൈഖ് മുജീബ് റഹ്മാനെയും കുടുംബത്തേയും കൊന്ന് പാവ സര്‍ക്കാറിനെ ദാക്കയില്‍ സ്ഥാപിച്ചതു പോലെ അലന്‍ഡെയും കുടുംബത്തേയും കൊന്ന് ചിലിയില്‍ പട്ടാളഭരണമുണ്ടാക്കി.

സദ്ദാം ഹുസൈനെ നുണ പ്രചരണങ്ങളിലൂടെ അക്രമിച്ച് തൂക്കി കൊന്നു. യുദ്ധങ്ങള്‍ ഏറെ കാലമായി പ്രധാനമായും ഫലസ്തീന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യയില്‍ താണ്ഡവമാടുകയാണ്. അതും ഇന്ന് അവിടങ്ങളിലെ ദുരന്ത വാര്‍ത്തകള്‍ ചെവി കൊടുക്കുന്നില്ല. അവിടങ്ങളില്‍ അതൊക്കെയാവാം എന്ന മട്ടാണ്. അഥവാ ലോകത്തിന് മുന്നില്‍ അതൊരു പതിവ് കാഴ്ചയായി . യുക്രെയ്ന്‍ ആക്രമണം പക്ഷേ ലോക ശ്രദ്ധ പിടിച്ചുപറ്റി. ഭൂമിയില്‍ നിലനില്‍ക്കുന്ന ചില പക്ഷപാതപരമായ വിവേചനങ്ങളുടെ നിഴലുകള്‍ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും കൂടുതല്‍ വെളിപ്പെടുത്തുക പതിവാണ്. യുദ്ധം എവിടെയായാലും തികച്ചും ഹീനമാണ്. മനുഷ്യത്വ വിരുദ്ധമാണ്. ദൈവത്തിന് നിരക്കാത്തതാണ്. അക്രമികള്‍ ഏത് വംശക്കാരായാലും മതക്കാരായാലും പ്രദേശത്തുകാരായാലും കുറ്റവാളികളാണ്. അതുകൊണ്ട് എല്ലാ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കണം.

Test User: