അമരാവതി: കൂട്ട ബലാത്സംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ആന്ധ്രാപ്രദേശിലെ വനിതാ ആഭ്യന്തരമന്ത്രി വിവാദക്കുരുക്കില്‍. മെയ് ഒന്നിന് റിപ്പല്ലേ റെയില്‍വേ സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തില്‍ മന്ത്രി നടത്തിയ പാരമര്‍ശങ്ങളാണ് വിവാദമായത്. ബലാത്സംഗം ആസൂത്രിതമായി ചെയ്തല്ലെന്നും പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചു പോയതാണന്നെുമായിരുന്നു മന്ത്രിയുടെ വാദം.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെ ആക്രമിച്ച് പണം കവരാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഇടക്കു കയറി ഇടപെട്ട് യുവതി അക്രമികളെ തടയാന്‍ ശ്രമിച്ചതോടെ പെട്ടെന്നുണ്ടായ സാഹചര്യത്തിലാണ് കൂട്ട മാനഭംഗം നടന്നത് എന്നുമായിരുന്നു മന്ത്രിയുടെ വാദം. സംഭവത്തില്‍ റെയില്‍വേ പൊലീസിനെ കുറ്റം പറയാനാവില്ലെന്നും പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കാണെന്നും മന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ തെലുഗു ദേശം പാര്‍ട്ടി രംഗത്തെത്തി.