X

ഈ ചാപിള്ള ഇനി എന്തിന്?-അഡ്വ. കെ.എം ഷാജഹാന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാനിരിക്കേ, തിടുക്കത്തില്‍ ലോകായുക്തയുടെ അധികാരത്തിന് കടിഞ്ഞാണിട്ടുകൊണ്ട്, പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതോടെ, ലോകായുക്ത ഫലത്തില്‍ ഒരു ചാപിള്ളയായി തീര്‍ന്നിരിക്കുകയാണ്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ അഴിമതി നടത്തിയെന്ന്, അന്വേഷണത്തിനും, വിശദമായ വാദം കേള്‍ക്കലിനും ശേഷം കണ്ടെത്തിയാല്‍, അവര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല എന്ന് പ്രഖ്യാപിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടായിരുന്നു. ആ അധികാരത്തിനുമേല്‍ കത്തിവെച്ച് കൊണ്ട്, ലോകായുക്ത ഇപ്രകാരം പ്രഖ്യാപിച്ചാലും, മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും, ലോകായുക്തയുടെ ഈ തീരുമാനം ഹിയറിങ് നടത്തി അംഗീകരിക്കുകയോ, തള്ളുകയോ ചെയ്യാമെന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പാക്കുന്നതോടെ, 1999ല്‍ ഇ.കെ നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്ത്, ഇന്ത്യയുടെ പ്രസിഡന്റിന്റെകൂടി അംഗീകാരത്തോടെ നിലവില്‍വന്ന, അഴിമതി വിരുദ്ധ പോരാട്ടത്തിന് ഊര്‍ജം നല്‍കാന്‍ രൂപീകരിക്കപ്പെട്ട ലോകായുക്ത, ഫലത്തില്‍ യാതൊരു അധികാരവും ഇല്ലാത്ത, സര്‍ക്കാറിന് ശുപാര്‍ശ നല്‍കാന്‍ മാത്രം അധികാരമുള്ള ഒരു ചാപിള്ളയായി മാറിയിരിക്കുകയാണ്. ഇനിയെന്തിനാണ് ഇങ്ങനെയൊരു ലോകായുക്ത എന്ന മുന്‍ ഉപ ലോകായുക്ത കെ.പി ബാലചന്ദ്രന്റെ ചോദ്യം പ്രസക്തമാവുന്നത് ഇതുകൊണ്ടാണ്.

അഴിമതിക്കെതിരെ പോരാടാനുള്ള പൗരന്റെ ഏറ്റവും പ്രധാന ആയുധമായിരുന്നു ലോകായുക്ത. ഇടതുപക്ഷ സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്, 1999ല്‍ ഇ.കെ നായനാരുടെ കാലത്ത്, അന്ന് അധികാരത്തില്‍ ഇരുന്ന ഇടതുസര്‍ക്കാര്‍, അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് ഏറെ ശക്തി നല്‍കുന്ന ലോകായുക്ത നിയമം പാസാക്കിയത്. അഴിമതി തടയാന്‍ വന്‍അധികാരങ്ങള്‍ ലോകായുക്തയില്‍ നിക്ഷിപ്തമായത്‌കൊണ്ടാണ് 1999ല്‍ ഇടതു സര്‍ക്കാര്‍ ഈ നിയമത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലും അനുവാദം വാങ്ങിയത്. ലോകായുക്ത നടത്തുന്ന അന്വേഷണങ്ങള്‍ക്ക് ശേഷം വിശദമായ വാദം കേട്ടതിനു ശേഷം, ബന്ധപ്പെട്ട അധികാരി, അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ ആ അധികാരി, അധികാര സ്ഥാനം ഒഴിയണം എന്ന് സര്‍ക്കാരിന് ഉത്തരവ് നല്‍കാനുള്ള അധികാരം ലോകായുക്തയില്‍ നിക്ഷിപ്തമാക്കിയിരുന്നു. ആ അധികാരി, അധികാരസ്ഥാനം ഒഴിഞ്ഞശേഷം മാത്രമേ അപ്പീലിന് പോലും പോകാന്‍ പാടുള്ളു എന്നും ലോകായുക്ത നിയമം നിഷ്‌കര്‍ഷിച്ചിരുന്നു. അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ ഇത്രയേറെ ശക്തമായ അധികാരം ലോകായുക്തക്ക് നല്‍കിയത്, 1999ല്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. തങ്ങളുടെ അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി മുന്നോട്ട്‌കൊണ്ടുപോവുക എന്നതായിരുന്നു, ഇത്ര ശക്തമായ ഒരു ലോകായുക്ത നിയമം നടപ്പിലാക്കുന്നതിലൂടെ ഇടതു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍, അഴിമതി നിര്‍മാര്‍ജനം ലക്ഷ്യമായി നടപ്പിലാക്കിയ നിയമത്തിന്റെ കടയ്ക്കല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍, അഴിമതിക്കാരെ സംരക്ഷിക്കുന്നതിനായി കത്തിവച്ചിരിക്കുന്നു എന്നതാണ്, ഇപ്പോള്‍ ലോകായുക്ത നിയമ ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നത്.

സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി 2011, ഓഗസ്റ്റ് 6,7 തിയതികളില്‍ കൊല്‍ക്കത്തയില്‍ ചേരുകയുണ്ടായി. തുടര്‍ന്ന് ഓഗസ്റ്റ് 7ന് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇപ്രകാരം പറഞ്ഞു: ‘പ്രകൃതി വിഭവങ്ങളുടെ കൊള്ള എത്ര വ്യാപകമാണ് എന്ന്, അനധികൃത ഖനനം കൃത്യമായി വരച്ചുകാട്ടുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ അനധികൃതമായി വ്യാപകമായി നടക്കുന്ന ഇരുമ്പയിര് ഖനനം കര്‍ണാടകയിലെ ലോകായുക്ത റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നുണ്ട്. ലോകായുക്ത റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുത്ത്‌കൊണ്ട് മുന്‍ മുഖ്യമന്ത്രി യദ്യുരപ്പ, റിപ്പോര്‍ട്ടില്‍ പേര് വന്നിട്ടുള്ള മറ്റുള്ളവര്‍, കൊള്ളയില്‍ പങ്കാളികളായി കമ്പനികള്‍ എന്നിവരുടെ അഴിമതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കണം’. തുടര്‍ന്നുള്ള ഭാഗം ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ളതായിരുന്നു. അതില്‍ സി.പി.എം ഇപ്രകാരം പറഞ്ഞു: ‘കാര്യക്ഷമമായി ലോക്പാല്‍ രൂപീകരിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മാണം എത്തരത്തില്‍ ഉള്ളതായിരിക്കണം എന്ന് സി.പി.എം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് തയാറാക്കിയിട്ടുള്ള കരട് ലോക്പാല്‍ ബില്ല് ദുര്‍ബലവും കാര്യക്ഷമം അല്ലാത്തതുമാണ്. അത് പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നില്ല. മാത്രമല്ല, ഒരു സ്വതന്ത്ര സംവിധാനമാക്കികൊണ്ട് ഉന്നതതല അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള കാര്യക്ഷമയായ അധികാരം നല്‍കി ലോക്പാലിനെ ആയുധവത്കരിക്കുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട, കാര്യക്ഷമമായി ലോക്പാല്‍ നടപ്പാക്കുന്നതിന് പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനായി ഒരു പ്രചരണ പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ഉന്നത ജുഡീഷ്യറിയിലെ അഴിമതി തടയുന്നതിനായുള്ള ദേശീയ ജുഡീഷ്യറി കമ്മീഷന്റെ രൂപീകരണം, തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് തടയുന്നതിനായുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍, കള്ളപ്പണം കണ്ടെത്തുന്നതിനും വിദേശത്ത് നിക്ഷേപിച്ചിരുക്കുന്ന അനധികൃത പണം തിരികെ എത്തിക്കുന്നതിനും വേണ്ടിയുള്ള ഒരു കൂട്ടം നടപടികള്‍ നടപ്പിലാക്കണം എന്നും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.’

എണ്‍പതുകളുടെ അവസാനം ബോഫോഴ്‌സ് കുംഭകോണം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ സി.പി.എം ലോക്പാല്‍ എന്ന ആവശ്യം ഉന്നയിച്ചിരുന്നു എന്നും 1996 ലെ ഐക്യമുന്നണിയുടേയും, 2004ലെ യു.പി.എയുടെയും പൊതുമിനിമം പരിപാടിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും എന്നും, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ട്. 2011 ജൂലൈയില്‍, അന്നത്തെ യു.പി.എ സര്‍ക്കാര്‍ അന്ന ഹസാരെയുമായി ചര്‍ച്ചക്ക് മുതിര്‍ന്നപ്പോള്‍, ലോക്പാല്‍ സംബന്ധിച്ച് ഒരു കുറിപ്പിലൂടെ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ആ കുറിപ്പില്‍ സി.പി.എം ഇപ്രകാരം പറഞ്ഞു: ‘പരാതികള്‍ സ്വീകരിക്കുകയും, അന്വേഷണം നടത്തുകയും ചെയ്തതിന് ശേഷം പ്രഥമദൃഷ്ട്യാ അഴിമതി ഉണ്ട് എന്ന് തെളിഞ്ഞാല്‍, അത്തരം കേസുകള്‍ പ്രത്യേക കോടതികള്‍ക്ക് കൈമാറുകയും ചെയ്യുന്ന, വസ്തുത കണ്ടെത്താനുള്ള സംവിധാനമായിരിക്കണം ലോക്പാല്‍. സ്വമേധയാ അന്വേഷണം നടത്തുന്നതിനുള്ള അധികാരം ലോക്പാലിന് ഉണ്ടായിരിക്കണം. സര്‍ക്കാറിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കാനുള്ള അധികാരവും, ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍, കോടതിയെ സമീപിക്കാനുള്ള അധികാരവും ലോക്പാലിന് ഉണ്ടായിരിക്കണം. ഈ ചുമതലകള്‍ നിര്‍വഹിക്കാനുള്ള അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളും സ്വയം ഭരണാവകാശവും ലോക്പാലിന് ഉണ്ടായിരിക്കണം. കേന്ദ്ര ലോക്പാലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളിലും ലോകായുക്തകള്‍ രൂപീകരിക്കണം. എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അതിന്റെ പരിധിയില്‍ കൊണ്ടുവരണം. വേണ്ട മുന്‍ കരുതലുകളോടെ പ്രധാനമന്ത്രിയേയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണം’.

രാജ്യസഭയില്‍ 2011 ഓഗസ്റ്റ് 27ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സീതാറാം യെച്ചൂരി സി.പി.എമ്മിന്റെ ലോക്പാല്‍ സംബന്ധിച്ച നിലപാട് ഇപ്രകാരം വ്യക്തമാക്കി: ‘അഴിമതി രഹിത ഭരണം കാഴ്ചവെക്കാന്‍ ഐക്യമുന്നണി പ്രതിജ്ഞാബദ്ധമാണ്. ലോക്പാല്‍ രൂപീകരിക്കുന്നതിനായുള്ള ബില്ല് പതിനൊന്നാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.’ പിന്നീട് 2013 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍ ലോകായുക്ത നിയമം പാസ്സാക്കിയത്. തൊട്ടു പിന്നാലെ പാര്‍ട്ടിയുടെ മുഖപത്രമായ ‘പീപ്പിള്‍സ് ഡമോക്രസി’യിലെ മുഖപ്രസംഗം ഇപ്രകാരം പറഞ്ഞു: ‘ജനങ്ങള്‍ എന്ന നിലയില്‍ സമൂഹത്തിലെ സാമൂഹ്യ അവബോധ നിലവാരം സംയുക്തമായി ഉയര്‍ത്തിയാല്‍ മാത്രമേ, അഴിമതി എന്ന ഭൂതത്തെ കാര്യക്ഷമമായി പിടിച്ചുകെട്ടാനാകൂ. ഇതിന് ഉയര്‍ന്ന നിലവാരത്തിലുള്ള രാഷ്ട്രീയ ധാര്‍മ്മിക അത്യന്താപേക്ഷിതമാണ്. ഇടതുപക്ഷ പാര്‍ട്ടികളില്‍ ഒഴികെ, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളിലും ഇത് തീര്‍ത്തും കാണാനാവില്ല’.

അത്തരത്തില്‍, അഴിമതി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കുന്നതിനായി, സി.പി.എം എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നോ, അതെല്ലാം വെറും വാചാടോപങ്ങള്‍ മാത്രമായിരുന്നു എന്ന്, ലോകായുക്തയെ വെറും ചാപിള്ളയാക്കുന്ന ഭേദഗതിയിലൂടെ, പിണറായി സര്‍ക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. മന്ത്രിമാരും മുഖ്യമന്ത്രിയും അഴിമതി നടത്തി എന്ന് ലോകായുക്ത അര്‍ഥശങ്കക്കിടയില്ലാത്തവിധം കണ്ടെത്തിയാലും, അത്തരക്കാരെ രക്ഷിക്കാനുള്ള നിയമഭേദഗതി നടപ്പിലാക്കുന്നതോടെ, സര്‍ക്കാര്‍ ലോകായുക്തയെ വെറുമൊരു ചാപിള്ളയാക്കിയിരിക്കയാണ്. ഇതിലും ഭേദം ലോകായുക്ത പൂര്‍ണമായി പിരിച്ചുവിടുന്നതിനുള്ള ഒരു നിയമം കൊണ്ടുവരികയായിരുന്നു!

Test User: