കോഴിക്കോട് കോടഞ്ചേരിയില്‍ വൈക്കോലുമായി ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെ (ഞായറാഴ്ച) അടിവാരം ഭാഗത്തുനിന്ന് കോടഞ്ചേരി അങ്ങാടിക്ക് സമീപം എത്തിയപ്പോഴാണ് വൈക്കോലിന് തീ പിടിച്ചത്.
തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പരിഭ്രാന്തിയിലായ ഡ്രൈവര്‍ ഇറങ്ങിയോടി. ലോറി കത്തുമെന്ന അവസ്ഥ ആയപ്പോള്‍ നാട്ടുകാരനായ ഷാജി എന്നയാള്‍ ലോറിയില്‍ പാഞ്ഞുകയറി തൊട്ടടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. വാഹനം ഗ്രൗണ്ടില്‍ ചുറ്റിയടിച്ചതോടെ തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ താഴെ വീഴുകയും തീപിടുത്തം ഒഴിവാകുകയും ചെയ്തു.
ഇലക്ട്രിക് ലൈനില്‍ തട്ടിയാകും തീ പിടിച്ചിരിക്കുക എന്നതാണ് പ്രാഥമിക വിവരം. നിലത്ത് ചാടിയ വൈക്കോല്‍ കെട്ടുകളില്‍ തീ പിടിക്കാതെ നാട്ടുകാരും ശ്രദ്ധിച്ചു. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സ് കൂടിയെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. തീ പെട്ടെന്ന് തന്നെ അണച്ചു. ആര്‍ക്കും പരിക്കില്ല.