X

നവലോകത്തിന്റെ പ്രയാണം എങ്ങോട്ട്- പ്രൊഫ. പി.കെ.കെ തങ്ങള്‍

പ്രൊഫ. പി.കെ.കെ തങ്ങള്‍

നമ്മുടെ രാജ്യത്ത് ഭരണസംവിധാനങ്ങള്‍ ഉള്‍പ്പെടെ പുതുസമൂഹം ലക്ഷ്യംകീഴ്‌മേല്‍ മറിച്ചുകൊണ്ടുള്ള ഒരു ത്വരിത പ്രയാണത്തിലാണോ? പ്രശസ്ത ആംഗലഎഴുത്തുകാരന്‍ ഇ.എം ഫോസ്റ്റര്‍ സന്ദേഹം പ്രകടിപ്പിച്ച പോലെ കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന് വേണ്ടിയാണോ നവ ലോകത്തിന്റെ പ്രയാണം? സ്വാതന്ത്ര്യലബ്ധിയോടൊപ്പം നാം കൊതിച്ചതും യത്‌നിച്ചതുമായ ലക്ഷ്യം ഇന്ത്യയെന്ന പൂങ്കാവനമാണെങ്കില്‍ അതിപ്പോള്‍ നീന്തിത്തുടിക്കുന്നത് അശാന്തിയുടെയും ഭീതിയുടെയും, അതിനുംപുറമെ ഭീതിതമായവര്‍ഗവെറിയുടെയും ആഴക്കടലിലേക്കാണെന്ന് കാര്യകാരണസഹിതം കരുതേണ്ടിയിരിക്കുന്നു. പൗരത്വ പ്രശ്‌നം അവസാനിച്ചിട്ടില്ലയെന്നും ഉടന്‍തന്നെ അത് വീണ്ടും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയും നടപടികള്‍ ഉണ്ടാകുമെന്നും രാജ്യത്തിന്റെ ശാന്തിയുടെയും, സമാധാനത്തിന്റെയും, കെട്ടുറപ്പിന്റെയും വക്താവും കാര്‍മ്മികനുമായിരിക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി വെളിപ്പെടുത്തുന്നു. മലര്‍വാടിയുടെ വര്‍ണപ്പൊലിമയും നാനാത്വത്തിലെ ഏകത്വത്തിന്റെ നിസ്തുലകാന്തിയും, സാര്‍വത്രിക സാഹോദര്യത്തിന്റെ ഊഷ്മളതയും നമുക്കെന്നും ആനന്ദദായകവും പ്രജോദനവുമായിരുന്നു. യുഗാന്തരങ്ങള്‍ പിന്നിട്ട സാംസ്‌കാരിക പൈതൃകത്തെയും അതുമായി ബന്ധപ്പെട്ട കാലത്തിന്റെ അടയാളങ്ങളെയും ഒരു പ്രത്യേക പൈതൃകത്തിന്റെ തുടര്‍ച്ചയെയും ചരിത്രത്തെതന്നെ തിരസ്‌കരിക്കും വിധം, കൈയിലിരിക്കുന്ന അധികാരത്തിന്റെ ആളിക്കത്തുന്ന ഗര്‍വില്‍ രാജ്യഭരണകൂടം നിഗൂഢപ്രവത്തനങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധി മുതല്‍ ഇവിടെ നിലനിന്നുപോരുന്ന സാര്‍വത്രിക സമാധാനത്തിന്റെയും രാജ്യത്തിന്റെ മുദ്രാവാക്യമായ സത്യം സമത്വം സ്വാതന്ത്ര്യം എന്ന മന്ത്രത്തിന്റെയും മൂല്യങ്ങള്‍ തൃണവല്‍ഗണിച്ച് മുന്നേറുന്ന ഭരണകൂടത്തെയാണ് നാമിന്ന് സഹിച്ചുകൊണ്ടിരിക്കുന്നത്. അടയാളങ്ങളെ ഉന്മൂലംചെയ്യുന്നതിന്റെ പ്രകടമായ ഉദാഹരണമല്ലേ രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ബാബരി മസ്ജിദ് ധ്വംസനം! അതുവരെയഥാര്‍ഥത്തില്‍ വിരോധികള്‍ പോലും അടയാളങ്ങളെ സ്മാരകങ്ങളായി മൂല്യവത്തായ പൈതൃകമെന്ന നിലയില്‍ ബഹുമാനിച്ചും പരിരക്ഷിച്ചും പോരുകയെന്ന സമാധാനത്തിന്റെ മാര്‍ഗമാണ് അവലംബിച്ച് പോന്നിരുന്നത്. എന്നാല്‍ ബാബരിമസ്ജിദ് ധ്വംസനം എന്ന നാഴികകല്ല് രാജ്യത്ത് പുതിയ ഒരു ചിന്താഗതിയും, സമീപന നിലപാടുകളും സമൂഹത്തില്‍ വരുത്തിവെച്ചു. പീഡിതര്‍ നിസഹായരെന്ന്‌വകയിരുത്തി പീഡകര്‍ വര്‍ധിത കരുത്തോടെ കുത്സിത പ്രചാരണങ്ങളും പ്രവൃത്തികളും തുടര്‍ന്നുകൊണ്ടേയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അതില്‍ പിന്നെ ശാന്തസുന്ദര ഭാരത നിര്‍മ്മിതിക്കുമായി ജീവിതം ഉഴിഞ്ഞുവെച്ചവരെഇപ്പോള്‍ ദേശത്ത് നിന്ന് തന്നെ തൂത്തെറിയാനായി രാജ്യത്തെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.

എവിടെയെല്ലാം എന്തൊക്കെ തുമ്പ് കിട്ടുമോ അതിലെല്ലാം പിടിച്ചുകയറി അധികാരത്തിന്റെ ഹുങ്കില്‍ ദുര്‍ബലരെ, ന്യൂനപക്ഷ വിഭാഗങ്ങളെ വിറപ്പിച്ച് തളര്‍ത്തി ഇല്ലാതാക്കാനുള്ള തീവ്രശ്രമത്തിലാണ് ഭരണകൂടം. മാന്യമായ വസ്ത്രധാരണം നടത്തി ജീവിക്കണമെന്നാഗ്രഹം പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായിക്കണ്ട് പ്രതികാര നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഭരണവര്‍ഗവും പിണിയാളുകളുംഅവര്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രാഹിത്യങ്ങളെക്കുറിച്ചറിയുന്നില്ല. വടക്കനിന്ത്യക്കാരനായ നമ്മുടെ പ്രധാനമന്ത്രിക്ക്‌പോലും അവരുടെ ചുറ്റുപാടും സാര്‍വത്രികമായി നടക്കുന്ന ഉച്ചനീചത്വങ്ങളെ കാണുന്നില്ലേ, അതോ കണ്ടില്ലെന്ന് നടിക്കുകയാണോ? ഒരു നേരം പോലും പശിയടക്കാനില്ലാതെ, ഉടുതുണിയില്ലാതെ, കിടപ്പാടമില്ലാതെ മൃഗങ്ങളെക്കാള്‍ താണ നിലവാരത്തില്‍ നരകിച്ചുകഴിയുന്ന മനുഷ്യ പേക്കോലങ്ങളെ, ഭൂ സ്വാമിമാരുടെ വയലേലകളില്‍ പകലന്തിയോളം പണിയെടുപ്പിക്കാന്‍ തുച്ഛ പ്രതിഫലത്തിന് ഭൂസ്വാമിമാരും കൃഷിരാജാക്കന്മാരും ഉപയോഗപ്പെടുത്തുന്നത് ഇന്നും നിലനില്‍ക്കുന്ന യാഥാര്‍ഥ്യമല്ലേ! ഈ ചെയ്തികള്‍ തികച്ചും മനുഷ്യാവകാശ ധ്വംസനമല്ലേ? നേര്‍ വസ്ത്രമണിഞ്ഞു നടക്കാനും സവര്‍ണരുടെ അടുത്തൊന്നും കടന്നുചെല്ലാനും സ്വതന്ത്രമില്ലാത്ത അടിമകളെപ്പോലെ കഴിയുന്ന ആണ്‍ പെണ്‍ വര്‍ഗങ്ങള്‍ ഇന്നും മഹാന്മാരുടെ അടിമകളെപ്പോലെ കഴിയുന്നുണ്ട്. അതൊന്നും കുറ്റകരമാകുന്നില്ലേ? മനുഷ്യത്വരാഹിത്യമല്ലേ അവിടങ്ങളിലെല്ലാം നടക്കുന്നത്? അല്ലെങ്കില്‍ അതെല്ലാം വരേണ്യവര്‍ഗത്തിന് ഭൂഷണമായത് കൊണ്ടാണോ? ഇത്തരം മനുഷ്യത്വരഹിത കൃത്യങ്ങള്‍ നടക്കുന്നത് ഭരണവര്‍ഗത്തിന്റെ മൗനവും അന്ധത നടിക്കലും കാരണമാണ്.

മനുഷ്യന്‍ എഴുതിയുണ്ടാക്കിയ നിയമങ്ങള്‍ക്കതീതമായി പ്രകൃതി നിയമം എന്നൊന്നുണ്ട്. അത് വെട്ടാനും തിരുത്താനും ആര്‍ക്കും സാധ്യമല്ല; അതിലൊന്നുംരാഷ്ട്രീയമോ ഭരണപരമോ ആയ ഒരു സ്വധീനവും വിലപ്പോവില്ല-അഭിനയിക്കാമെന്ന് മാത്രം. ഭരണ-നിയമമേഖലകളില്‍ അധികാരപ്പെട്ടവര്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നത് സമൂഹത്തിന് വളരെയധികം ഗുണകരമായിരിക്കും. തിരിച്ചറിവിന്റെ അഭാവംമൂലം അടുത്ത കാലത്തായി നമ്മുടെ രാജ്യത്ത് ഒരുപാട് വിഷയങ്ങള്‍ അസംഗത ചര്‍ച്ചകളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. വിഷയങ്ങളും ചര്‍ച്ചകളുടെഗതിയും നിരീക്ഷിച്ചാല്‍ ആ യാഥാര്‍ഥ്യംഎളുപ്പം ബോധ്യപ്പെടുന്നതായിരിക്കും. ഒരുപാട് കാലം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്മുത്തലാഖ്. വിവാഹമോചനം (ത്വലാഖ്) അത്ര എളുപ്പമായ ഒരു കാര്യമല്ല. ഒരു കാരണവശാലും ഒത്തുപോവാത്ത അനിവാര്യ ഘട്ടത്തില്‍ മാത്രം അവലംബിക്കേണ്ടന്ന ഒരു നടപടിയാണത്. അതു സംബന്ധമായി പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത് ‘അനുവദിച്ചിരിക്കുന്നതില്‍ ഏറ്റവും അധികം അഹിതകരം’എന്നാണ്. അതില്‍ തന്നെ ത്വലാഖ് മൂന്ന് തവണ എന്നതിലേറെ പ്രസക്തി മൂന്ന് നിക്കാഹ് അഥവാവിവാഹം (കരാര്‍) എന്നതിനാണ്. തെറ്റിദ്ധരിക്കപ്പെടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ മറ്റൊന്നാണ് ജിഹാദ്. കഠിന പരിശ്രമം-സാങ്കേതികമായി ധര്‍മ്മ സമരം എന്നെല്ലാമുള്ള വളരെ ഗുണകരമായ അര്‍ത്ഥമുള്‍ക്കൊള്ളുന്ന ഒരു പദം. എന്നാല്‍ദുരുപയോഗത്തിലൂടെ അതിന്റെ ബാഹ്യാര്‍ത്ഥം ഇന്ന് ഏറ്റവും വികൃതമാക്കപ്പെട്ടിരിക്കുകയാണ്. അതിന് അത് ആ നിലയില്‍ പ്രയോഗിക്കുന്നവര്‍ മാത്രമാണ് അപരാധികള്‍. അപ്രകാരംതന്നെ ഹലാല്‍ എന്ന പദം- അനുവദനീയമായത് എന്ന നേരര്‍ത്ഥമുള്ള ഒരു പദം. മാംസ ഉപയോഗവുമായി ബന്ധപ്പെടുത്തി രാജ്യത്ത് ഏറ്റവും പരിചിതവും എന്നാല്‍ ദുര്‍വ്യാഖ്യാനത്തിന് തല്‍പരകക്ഷികള്‍ ഉപയോഗിക്കുന്നതുമായ ഒരു പദം. അറുത്ത് രക്തംവാര്‍ന്നുപോയ മാംസം മാത്രമാണ് ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ആ ലളിതമായ അര്‍ത്ഥത്തിലും, പൊടിപ്പും തൊങ്ങലും വെച്ച് വികൃതമാക്കി ദുരുപയോഗം നടത്തുന്നു- ഭീകരതയുടെ മേപ്പൊടി ചാര്‍ത്തുന്നു.

Test User: