ഉബൈദ് കോട്ടുമല
കേരള മോഡല്‍ ഉയര്‍ത്തിക്കാണിച്ച് ദേശീയതലത്തില്‍ ച്രചരണം നടത്താനായിരുന്നു കണ്ണൂരില്‍ ചേര്‍ന്ന് സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാണിച്ച് നരേന്ദ്ര മോദിയെ ദേശീയ തലത്തിലേക്ക് കൊണ്ടുവന്ന അതേ രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് ലക്ഷ്യം വെച്ചിരുന്നത്. ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിനുള്ള ഏക ആശ്രയം കേരളം മാത്രമാണ് എന്നതാണ് ഇതിനു പിന്നിലെ രാഷ്ട്രീയം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ച് രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍ ഗുജറാത്ത് മോഡലിനെ പ്രകീര്‍ത്തിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഗുജറാത്ത് ഭരണത്തിന്റെ സവിശേഷതകള്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഗുജറാത്ത് സന്ദര്‍ശനം നടത്തുകയും ഗുജറാത്ത് മോഡല്‍ ഭരണത്തെ മഹാല്‍ഭുതമായി വിശേഷിപ്പിക്കുകയും ചെയ്തത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സി.പി.എം കേന്ദ്ര നേതൃത്വത്തെ ഈ നിലപാട് ചൊടിപ്പിച്ചിട്ടുമുണ്ട്. ബി.ജെ.പിയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇടതുപക്ഷം ഭരണം കൈയ്യാളുന്ന ഒരു സംസ്ഥാനത്ത് നിന്നും ഉന്നതതല സംഘം ഗുജറാത്ത് മോഡല്‍ പഠിക്കാനായി എത്തുന്നതും അതേ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിക്കുന്നതും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വലിയ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി ഉപയോഗിക്കുന്നു എന്നതാണ് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. ഗുജറാത്ത് സന്ദര്‍ശനത്തെ എല്ലാ പാര്‍ട്ടികളും എതിര്‍ത്തപ്പോള്‍ ബി.ജെ.പി മാത്രം അതിനെ സ്വാഗതം ചെയ്തതും ഇതേ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്.
ഓരോ വകുപ്പിനും കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ താഴേ തലം മുതല്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന സി.എം ഡാഷ്‌ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് കേരള സംഘം ഗുജറാത്തിലെത്തിയത്. ബി.ജെ.പി ഭരിക്കുന്നതും അല്ലാത്തതുമായ ഒരു സംസ്ഥാനവും സി.എം ഡാഷ്‌ബോര്‍ഡ് സിസ്റ്റം പഠിക്കുന്നതിനായി ഇന്നേവരേ ഗുജറാത്ത് സന്ദര്‍ശിച്ചിട്ടില്ലെന്നതും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഗുജറാത്തിനേക്കാള്‍ വിപുലമായ രീതിയില്‍ സി.എം ഡാഷ്‌ബോര്‍ഡ് സിസ്റ്റം നിലനില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ‘സി.എം ഡാഷ്‌ബോര്‍ഡ് തമിഴ്‌നാട്-360’ എന്ന പേരിലാണ് ഈ ഡാഷ്‌ബോര്‍ഡ് സിസ്റ്റം അറിയപ്പെടുന്നത്. ഗുജറാത്ത് സന്ദര്‍ശനം നടത്താതെ നിലവിലെ ഇ-ഗവേണന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തമിഴ്‌നാട് ഡാഷ്‌ബോര്‍ഡ് സിസ്റ്റം വിപുലീകരിച്ചത്. കേരളത്തില്‍ പല വകുപ്പുകളിലും ഡാഷ്‌ബോര്‍ഡ് സിസ്റ്റം നിലവിലുണ്ട്. തമിഴ്‌നാടിനേക്കാള്‍ മികച്ച ഇ-ഗവേണന്‍സ് സംവിധാനമാണ് കേരളത്തിന്റേത്. മാത്രവുമല്ല, അത് മെച്ചപ്പെടുത്താനുള്ള വിഭവശേഷിയും നമുക്കുണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു സ്റ്റാര്‍ട്ട് അപ്പുമായി സഹകരിച്ച് നിലവിലെ സംവിധാനം വിപുലീകരിക്കുക മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതുള്ളൂ. എന്നിരിക്കെ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ചുള്ള ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ലക്ഷ്യം എന്താണ്?. ചീഫ് സെക്രട്ടറിയെ തന്നെ നേരിട്ട് ഗുജറാത്തിലേക്കയച്ചത് ബി.ജെ.പി സര്‍ക്കാരിന് വലിയ രാഷ്ട്രീയ ആയുധമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യമെങ്കില്‍ ഐ.ടി മിഷന്‍ ഡയറക്ടറെയോ ഐ.ടി സെക്രട്ടറിയെയോ ചുമതലപ്പെടുത്തിയാല്‍ മതിയായിരുന്നു. അതിന് പകരം ചീഫ് സെക്രട്ടറിയെ തന്നെ ചുമതലപ്പെടുത്തുകയും ഗുജറാത്ത് മോഡലിനെ മഹാല്‍ഭുതമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയപരമായി ബി.ജെ.പിക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനമെന്ന ചീഫ് സെക്രട്ടറിയുടെ തുറന്ന് പറച്ചിലും ഇതിനു പിന്നിലെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തവര്‍ഷം ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പരോക്ഷ പ്രചരണമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇടതുപക്ഷത്തിന്റെ ഈ ഗുജറാത്ത് ദൗത്യത്തെ നോക്കിക്കാണുന്നതും. പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവന്ന അക്ഷയ പദ്ധതി, സ്മാര്‍ട്ട് സിറ്റി, ടെക്‌നോപാര്‍ക്ക്, സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍, ഡിജിറ്റല്‍ കേരള ഇവയെല്ലാം പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാറുകള്‍ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ കേരളത്തിന് ഗുജറാത്തിനെ ആശ്രയിക്കേണ്ടി ഗതി വരില്ലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യയെകുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തന്നെ കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റിയത് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. മാത്രവുമല്ല അക്ഷയ പദ്ധതിക്ക് ദേശീയ, അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ വരേ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍ ഇടതുപക്ഷം പ്രകീര്‍ത്തിക്കുന്ന ഗുജറാത്തിലെ സി.എം ഡാഷ്‌ബോര്‍ഡ് പദ്ധതിക്ക് ഇതുവരെ ദേശീയ-അന്തര്‍ദേശീയ അംഗീകാരവും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല. അദ്ധ്യാപകരുടെയും വിദ്യാലയങ്ങളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ‘വിദ്യസമീക്ഷകേന്ദ്ര’, പദ്ധതിയെയും ചീഫ് സെക്രട്ടറി പ്രശംസിച്ചിരിക്കുകയാണ്. സവര്‍ക്കറുടെയും ഗോഡ്‌സെയുടെയും ജീവചരിത്രങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തി മേതതരത്വും ജനാധിപത്യവും മാറ്റി നിര്‍ത്തിയുള്ള സംഘ് പരിവാര്‍ വിദ്യാഭ്യാസ പദ്ധതിയുടെ പരീക്ഷണ ശാലയായി ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുന്ന പശ്ചാതലത്തിലാണ് കേരള സര്‍ക്കാറിന്റെ ഈ പുതിയ ‘പ്രശസ്തി പത്രം’ എന്നതും പ്രത്യകം എടുത്ത്പറയേണ്ടതുണ്ട്. ചോദ്യ പേപ്പര്‍ ചോരാതെ ഒരു പരീക്ഷ നടത്തിത്തരുമോ എന്നായിരുന്നു ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പിനെ കളിയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചത്. ഇത്രയധികം പരാജയപ്പെട്ട ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിനെയാണ് കേരളം പ്രശംസിച്ചിട്ടുള്ളതും. ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദിയെ ഏറ്റവും വലിയ വികസന നായകനായി ദേശീയതലത്തില്‍ അവതരിപ്പിച്ചത് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പി.ആര്‍ വര്‍ക്കിലാണ് നരേന്ദ്രമോദിക്ക് വികസന നായകനെന്ന വ്യാജ പരിവേശം കിട്ടിയിട്ടുള്ളതും. മറ്റു സംസ്ഥാനങ്ങള്‍ ഗുജറാത്ത് മോഡലിനെ അംഗീകരിക്കാത്തതിന്റെ കാരണവും ഈ പൊള്ളയായ പ്രചരണമാണ്. ഈ തിരച്ചറിവാണ് കേരളത്തിന് നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന സമ്പന്നരായ അമ്പാനിയുടെയും അദാനിയുടെയും നാടായ ഗുജറാത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളതെന്നും ഗുജറാത്ത് മോഡലിന്റെ ‘പ്രത്യേകത’യാണ്. സാമ്പത്തിക പ്രതിസന്ധി ഏറെ അനുഭവിക്കുന്ന കേരളത്തിന് പകര്‍ത്താവുന്ന ഭരണ മോഡലുകള്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ്.
പന്ത്രണ്ടാം ക്ലാസ് വരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചും തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ വൈദ്യുതി ചാര്‍ജ്ജും കുടിവെള്ളവും സൗജന്യമാക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി സംസ്ഥാനം ഭരിക്കുകയാണ്. വൈദ്യുതി കരവും വീട് നികുതിയും ഭൂനികുതിയും പാചകവാതക സബ്‌സിഡിയും ബസ്ചാര്‍ജും ഓട്ടോ ചാര്‍ജും എല്ലാം വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകുന്ന കേരള സര്‍ക്കാറിന് ഏറ്റവും വലിയ മാതൃകകള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുജറാത്തിനെ മാത്രം ലക്ഷ്യം വെക്കുന്നതിലെ രാഷ്ട്രീയമാണ് ആശങ്കപ്പെടുത്തുന്നത്.