പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ
മതേതര ഭാരതത്തിന്റെ പ്രാര്‍ഥനയും പിന്തുണയുമായി രാഹുല്‍ ഗാന്ധി ചുവട്‌വെക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഛിദ്രശക്തികളില്‍നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രയാണമാണിത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യവും അനന്തരം അഭിമാനകരമായ വളര്‍ച്ചയും നേട്ടങ്ങളും സമ്മാനിച്ച കുടുംബത്തിന്റെ പിന്മുറക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ ഏറ്റെടുത്ത ദൗത്യം ലക്ഷ്യം കാണാതിരിക്കില്ല. ജോഡോ യാത്ര ഇന്ന് മലപ്പുറത്തിന്റെ മണ്ണിലേക്ക് പ്രവേശിക്കുകയാണ്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണസ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന മലപ്പുറം മണ്ണില്‍ ചവിട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാഷ്ട്രീയവും ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളേറെയുണ്ട്. ഇന്ത്യനധിനിവേശക്കാലത്ത് ബ്രിട്ടന്‍ നേരിട്ട അതിശക്തമായ ചെറുത്തു നില്‍പെന്ന് ചരിത്രംകുറിച്ചുവെച്ച 1921 ലെ പോരാട്ടത്തിന്റെ ഓര്‍മകള്‍ ജ്വലിക്കുന്ന ഭൂമിയാണ് മലപ്പുറം. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്‌ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എം.പി നാരായണമേനോന്‍, കട്ടിലശേരി മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങി എത്രയോ ധീരന്‍മാരായ രാജ്യസ്‌നേഹികളുടെ വീര്യ കൃത്യങ്ങള്‍ സദാസ്മരിക്കപ്പെടുന്ന ദേശമാണിത്. ഐ.സി.എച്ച്.ആറിന്റെ കാര്‍മികത്വത്തില്‍ സംഘ്പരിവാര്‍ ഭരണകൂടം പുതുതായി രചിച്ച രക്തസാക്ഷി നാമ കോശത്തില്‍ ഉള്‍പ്പെടാതെപോയ അസംഖ്യം ധീര ദേശാഭിമാനികളുടെ ഇതിഹാസ സമാനമായ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന നാട്. പിറന്ന നാടിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ ഓര്‍മകള്‍ രാഹുല്‍ഗാന്ധിയുടെ ഓരോ ചുവടുവെപ്പിനും കരുത്തേകും. ജോഡോ യാത്രയുടെ സന്ദേശത്തെ മലപ്പുറം ഏറ്റെടുക്കുന്നത് അത്തരം ഓര്‍മകളുടെ കടലിരമ്പത്തിലായിരിക്കും. ഭരണകൂടത്തിന്റെ രക്തസാക്ഷിപ്പട്ടികയില്‍ ഇടം ലഭിക്കാതെപോയ മലബാര്‍ സമര പോരാളികളുടെ മഹത്വത്തിന്റെ മാറ്റ് വര്‍ധിച്ചിരിക്കുകയാണ്. സ്വന്തം കാല്‍ പാദങ്ങളൂന്നാന്‍ മണ്ണിലൊത്തിരി ഇടംപോലും നിങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന് പ്രഖ്യാപിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ചുട്ടെടുക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ സിരാ കേന്ദ്രം കൂടിയാണ് മലപ്പുറം.
മതേതര ബോധത്തെയും ആധുനിക രാഷ്ട്ര മൂല്യങ്ങളെയും പ്രാണനെപ്പോലെ പ്രണയിക്കാന്‍ മലപ്പുറത്തിന് ലഭിച്ചൊരു ശിക്ഷണമുണ്ട്. ദുരിതവും മാരക രോഗങ്ങളും ദാരിദ്ര്യവും ചവിട്ടിമെതിച്ച നിരാലംബരായ ഒരു ജനതയെ ഏറ്റവും സംസ്‌കൃതരായ ഒരു മാതൃകാസമൂഹമായി പരിവര്‍ത്തിപ്പിച്ച മഹത്തായൊരു രാഷ്ട്രീയ ദര്‍ശനമായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരത്തില്‍ വിശ്വാസമര്‍പ്പിച്ച പൂര്‍വിക നേതാക്കളുടെയും തന്റെ മുന്‍ഗാമികളുടെയും വഴിയേയാണ് മലപ്പുറത്തിന്റെ ഹരിത വീഥികളില്‍ രാഹുല്‍ഗാന്ധിയുടെ ത്രിദിന പ്രയാണം നടക്കുന്നത്. മതേതര ജനാധിപത്യ ആശയങ്ങളാല്‍ ബന്ധിതമായ സൗഹൃദവും ഇണക്കവുമാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും എല്ലാ കാലത്തും നിലനിര്‍ത്തിയിട്ടുള്ളത്. ന്യൂനപക്ഷ ജനതയുടെമേല്‍ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ നടക്കുന്ന കൊടിയ ധ്വംസനത്തിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരക്കാരന്റെ ചുവടിന് കരുത്തേകാന്‍ മലപ്പുറത്തിന്റെ ധാര്‍മിക പിന്തുണയാണ് പ്രയാണവീഥിയില്‍ ഏറ്റുവാങ്ങാന്‍ പോകുന്നത്.
ഇന്ത്യന്‍ ബഹുസ്വരതയുടെ മുഴുവന്‍ സൗന്ദര്യവും നിറകതിര്‍ ചാര്‍ത്തുന്ന ജില്ലയാണ് മലപ്പുറം. മത ജാതി ഭേദങ്ങള്‍ക്കപ്പുറം മനുഷ്യനെ ഒന്നായി കാണുന്ന നാട്. മാനവിക മൂല്യങ്ങളാല്‍ ഉള്‍ച്ചേര്‍ക്കലിന്റെ സന്ദേശം മുഴങ്ങിക്കേട്ട പ്രദേശം. ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹഗീതങ്ങളാല്‍ വെറുപ്പും ഹിംസയും അലിഞ്ഞില്ലാതായതാണ് മലപ്പുറത്തിന്റെ പാരമ്പര്യം. കേരളത്തിലെ പത്താമത്തെ ജില്ലയായി 1969ല്‍ പിറന്നു വീണപ്പോള്‍ മലപ്പുറത്തിനെതിരായി വര്‍ഗീയ വിധ്വംസക ശക്തികള്‍ ഉയര്‍ത്തിവിട്ട വിഷലിപ്തമായ പ്രചാരണ കോലാഹലങ്ങളെ സ്‌നേഹംകൊണ്ട് തോല്‍പിച്ച അനുഭവമുള്ള ജില്ല. തെന്നിന്ത്യയിലെ ക്ഷേത്ര നഗരിയെന്ന് വിശേഷിപ്പിക്കാവുന്ന അങ്ങാടിപ്പുറത്തുണ്ട് ക്ഷേത്രവും മസ്ജിദും തൊട്ടുരുമ്മി നില്‍ക്കുന്ന സൗഹാര്‍ദ്ദത്തിന്റെ കണ്‍കുളിര്‍ക്കുന്ന ദൃശ്യം. മൈത്രിയുടെ ഉജ്വലമായ മാതൃകകളും സ്മരണകളും ഇമ്പമുള്ള ഗീതമായി രാഹുലിന്റെ പദനിസ്വനത്തിലുണ്ടാകും.
ബ്രിട്ടീഷ് ഭരണത്തിന്റെ തടവറയില്‍ രക്തസാക്ഷിയായ ധീര ദേശാഭിമാനി പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, മഹാമനീഷികളായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുടെ കര്‍മഭൂമിയിലേക്കാണ് ഇന്ത്യയുടെ വീണ്ടെടുപ്പിനായുള്ള രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര കടന്നുവരുന്നത്. മലപ്പുറത്തിന്റെ യാത്രാവീഥിയിലുടനീളം പാണക്കാട് സയ്യിദ് പരമ്പര കാഴ്ചവെച്ച സാഹോദര്യത്തിന്റെ പറഞ്ഞാല്‍ തീരാത്ത പെരുമകള്‍ രാഹുല്‍ഗാന്ധിക്ക് മുന്നോട്ട് ഗമിക്കാനുള്ള കരുത്തും പ്രചോദനവുമാകും. വിനയം ലാളിത്യം ശാന്തത സ്‌നേഹം എന്നിവയാല്‍ ഒരു ജനസമൂഹത്തിന്റെ മാനസാന്തരങ്ങളില്‍ പടര്‍ന്നുകയറിയ വികാരമാണ് പാണക്കാട് സയ്യിദ് വംശം. അണമുറിയാത്ത ആ പ്രവാഹത്തിന്റെ തീരത്ത് ആത്മസംയമനത്തോടെ കഴിയുന്ന ഒരു ജനസഞ്ചയമാണ് രാഹുല്‍ഗാന്ധിക്കൊപ്പം അണിചേരാന്‍ കാത്തിരിക്കുന്നത്. ആത്മീയപ്രഭ ചൊരിയുന്ന പണ്ഡിതരുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യമേറെയുണ്ട് വഴിത്താരയില്‍. പതിനായിരക്കണക്കിന് പണ്ഡിതരെ പ്രബോധനരംഗത്ത് സമര്‍പ്പിച്ച തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളജ് വഴിയാണ് ജോഡോ കടന്നുപോകുന്നത്. മതേതര നായകന് മഹാ പണ്ഡിതന്‍മാരായ അധ്യാപകരുടെയും നൂറ് കണക്കിന് വിദ്യാര്‍ഥികളുടെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനാകും. മതമൗലികവാദത്തെയും തീവ്രവാദ ചിന്തകളെയും വര്‍ഗീയതയെയും പടിയടച്ച് അകറ്റിനിര്‍ത്തിയ മലപ്പുറത്തിന്റെ മഹാമാതൃകയാകട്ടെ രാഹുലിന്റെ ഭാരതമെന്നാണ് ഈ നാടിന്റെ പ്രാര്‍ഥനയും അഭ്യര്‍ഥനയും.
സാഹിത്യ സാംസ്‌കാരിക ചക്രവാളത്തിലും ചെറുതല്ല മലപ്പുറത്തിന്റെ സ്ഥാനം. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തഛന്റെ മണ്ണ്. വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ഇടശ്ശേരി, മേല്‍പത്തൂര്‍, തത്വചിന്താപരമായ വരികളാല്‍ പച്ച മലയാളത്തിന്റെ സൗന്ദര്യം അനാവരണം ചെയ്ത പൂന്താനം, ചെറുകാടും നന്തനാരും ഉറൂബും തൊട്ട് എത്രയോ പ്രതിഭകള്‍ ജീവിതത്തിന്റെ ഉദാത്തമായ ഭാവത്തെ തൂലികത്തുമ്പാല്‍ ധന്യമാക്കിയ സഹിഷ്ണുതയുടെ തീര്‍ഥ തീരത്തേക്കാണ് ജോഡോ ചുവട് വെക്കുന്നത്.
കായിക പാരമ്പര്യത്തിലും മലപ്പുറത്തിന് ദേശാന്തര ഖ്യാതികള്‍ ഒട്ടേറെയുണ്ട്. ഫുട്‌ബോളിന്റെ ഈറ്റില്ലമായാണ് ലോകത്ത് മലപ്പുറം അറിയപ്പെടുന്നത്. സാഹോദര്യത്തിന്റെ ഉത്സവ മേളങ്ങളാണ് നൂറ് കണക്കിന് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍. കളിക്കളത്തില്‍ നിന്നുയരുന്ന ഒരുമയുടെ സന്ദേശം തന്നെയാണ് ജോഡോ യാത്ര പറയുന്നതും.
വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് മലപ്പുറം നടത്തിയ മുന്നേറ്റം ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ സാന്ദ്രത ഏറെയുള്ള ഇതര ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കാകെ മാതൃകയാണ്. കലാപത്തിന്റെ കാര്‍മേഘ പാളികള്‍ പെയ്തിറങ്ങാത്ത ശാന്തതയില്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലേക്കുള്ള ജൈത്രയാത്ര വിസ്മയാവഹമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ക്ഷണനേരം കൊണ്ട് മലയാളീകരിച്ച് സദസ്സിനെ കോരിത്തരിപ്പിച്ച കരുവാരക്കുണ്ടിലെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. ജോഡോയുടെ പ്രയാണത്തിന് പ്രചോദനമേകുന്ന ആവേശമായി മലപ്പുറത്തെ മുന്നേറ്റം മാറുമെന്ന പ്രത്യാശയോടെയാണ് ഈ മതേതര ഭൂമിക ജോഡോ യാത്രയെ വരവേല്‍ക്കുന്നത്.